Asianet News Malayalam

'അന്നും ഇന്നും എന്നും ഞങ്ങൾക്ക് കടലുണ്ട്!' കടലിൽ നിന്നും കരയിലേക്ക് പറിച്ചുനട്ട മനുഷ്യരുടെ ജീവിതം...

എന്നാൽ, ദുഷ്‌കരമായ സമയങ്ങളിൽ അതിജീവിക്കാനുള്ള കഴിവ് അവർക്ക് കടൽ നൽകിയതാണ്. എൻ‌ഗോയിയുടെ സഹോദരൻ ഹുക്ക് ക്ലത്താലെ അതിനൊരു ഉദാഹരണമാണ്. 

life of Thailand's Moken ethnic group
Author
Thailand, First Published Apr 29, 2021, 3:53 PM IST
  • Facebook
  • Twitter
  • Whatsapp

ഇന്ന് 78 -കാരനായ സലാമക് ക്ലത്തലേ നമ്മളെ പോലെ കരയിലാണ് മുഴുവനായും താമസിക്കുന്നത്. എന്നാൽ, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അനുഭവമാണ്. “കുട്ടിക്കാലത്ത്, ഞാൻ വർഷത്തിൽ ആറു മാസം ബോട്ടിലും, ആറുമാസം കരയിലുമാണ് ജീവിച്ചിരുന്നത്” സലാമക് പറഞ്ഞു. തായ്‌ലാൻഡിന്റെ തെക്ക് ഭാഗത്തുള്ള കോ സുരിൻ ദ്വീപിലാണ് അദ്ദേഹം ഇപ്പോൾ വീടുവച്ച് താമസിക്കുന്നത്. അതൊരു ദേശീയ ഉദ്യാനം കൂടിയാണ്. "മഴക്കാലത്ത് കിഴങ്ങുവർഗ്ഗങ്ങൾ തേടി ഞങ്ങൾ കരയിൽ പോകുമായിരുന്നു. അതിനുശേഷം ഞങ്ങൾ ഞങ്ങളുടെ ബോട്ടുകളിലേക്ക് മടങ്ങും." തായ്‌ലൻഡിലെ മോകെൻ എന്ന വംശീയ വിഭാഗത്തിലെ അംഗമാണ് സലാമക്. അവരെ 'കടൽ ജിപ്സികൾ' അല്ലെങ്കിൽ 'ചാവോ ലേ' എന്നാണ് വിളിക്കുന്നത്. ചാവോ ലേ എന്നാൽ തായ് ഭാഷയിൽ 'കടൽ ജനങ്ങൾ' എന്നാണ് അർത്ഥം. കാലങ്ങളായി കടലിൽ ജീവിച്ചിരുന്ന മനുഷ്യരുടെ ഒരേയൊരു സംഘമാണ് അവർ. അവർ കബാംഗ് എന്ന ഹൗസ് ബോട്ടുകളിലാണ് താമസിച്ചിരുന്നത്.  

അവർക്ക് ഒരുപാട് പ്രത്യേകതകളുമുണ്ട്. വെള്ളത്തിനടിയിൽ വളരെനേരം ശ്വാസം പിടിച്ച് നില്ക്കാനുള്ള കഴിവ് അതിലൊന്നാണ്. കൂടാതെ വെള്ളത്തിനടിയിൽ കാണാനുള്ള അവരുടെ കഴിവ് മറ്റാരെക്കാളും മികച്ചതാണ്. നൂറ്റാണ്ടുകളായി മ്യാൻ‌മറിലെ മെർ‌ഗുയി ദ്വീപസമൂഹത്തിലെയും തായ്‌ലാൻഡിന്റെ ആൻഡമാൻ കടൽത്തീരത്തും നാടോടികളായി ജീവിച്ച അവർക്ക് ഇത്തരം കഴിവുകൾ ലഭിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.  എന്നാൽ, അവരുടെ കടലിലുള്ള ഈ സവിശേഷ ജീവിതം 2005 -ലെ സുനാമിക്കുശേഷം അവസാനിച്ചു. തിരമാലകളെ ഒഴിവാക്കാൻ സഹായിക്കുന്ന പരമ്പരാഗത അറിവുകൾ സ്വന്തമായ അവർക്ക് സുനാമിയെ നിഷ്പ്രയാസം നേരിടാൻ കഴിഞ്ഞു. പക്ഷേ, തായ് സർക്കാർ അവരോട് കോ സുരിൻ നാഷണൽ പാർക്കിനുള്ളിലെ ഒരു താൽക്കാലിക ഗ്രാമത്തിലേയ്‌ക്ക് താമസം മാറാൻ ഉത്തരവിട്ടു.

അതിനുശേഷമുള്ള വർഷങ്ങളിൽ, തായ്‌ലൻഡിലെ മോകെൻ ഗോത്രം ആധുനിക ജീവിതവുമായി പൊരുത്തപ്പെട്ടു വരികയാണ്. ഗ്രാമത്തിൽ ഇപ്പോൾ 315 പേരുണ്ട്. മരത്തിലും മുളയിലും തീർത്ത ലളിതമായ വീട്ടിൽ സോളാർ പാനലുകളും ശുദ്ധജലവും അവർക്ക് ലഭ്യമാണ്. ആദ്യമായി, ടൂറിസത്തിന്റെ രൂപത്തിൽ താരതമ്യേന സ്ഥിരമായ ഒരു വരുമാന മാർഗ്ഗവും അവർക്ക് നേടാനായി. "വിനോദസഞ്ചാരികൾക്ക് കരകൗശല വസ്തുക്കൾ വിൽക്കുന്നതിലൂടെയോ, ബോട്ട് ടൂറുകളിലൂടെയോ ഗ്രാമം വരുമാനം ഉണ്ടാക്കി" ഗ്രാമത്തലവൻ എൻഗോയ് ക്ലത്താലെ പറയുന്നു. ശരാശരി ഒരു ദിവസം നൂറോളം ആളുകൾ തന്റെ ഗ്രാമം സന്ദർശിച്ചിരുന്നെന്ന് അദ്ദേഹം പറയുന്നു. 

ഗ്രാമത്തിന്റെ പകുതിയും തുടച്ചുനീക്കിയ 2019 -ലെ തീപിടുത്തം സമൂഹത്തിന് ഒരു വലിയ അടിയായിരുന്നു. അത് കൂടാതെ ഇപ്പോൾ അന്താരാഷ്ട്ര ടൂറിസത്തിലേക്കുള്ള തായ്‌ലാൻഡിന്റെ വാതിലുകൾ അടച്ചു പൂട്ടിയ മഹാമാരി അവരുടെ ഏക വരുമാന മാർ​ഗത്തെയും ഇല്ലാതാക്കുന്നു. ഏറ്റവും വലിയ വെല്ലുവിളിയാണിതെന്ന് അവർ പറയുന്നു.  

എന്നാൽ, ദുഷ്‌കരമായ സമയങ്ങളിൽ അതിജീവിക്കാനുള്ള കഴിവ് അവർക്ക് കടൽ നൽകിയതാണ്. എൻ‌ഗോയിയുടെ സഹോദരൻ ഹുക്ക് ക്ലത്താലെ അതിനൊരു ഉദാഹരണമാണ്. "എനിക്ക് ഒരു വീടില്ല! ഞാൻ ഇപ്പോൾ രണ്ട് വർഷമായി ബോട്ടിലാണ് താമസിക്കുന്നത്" അദ്ദേഹം പറഞ്ഞു. താനാണ് മുഴുവൻ സമയവും ബോട്ടിൽ താമസിക്കുന്ന തായ്‌ലൻഡിലെ ഏക മോകെൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.   അഞ്ചുവയസ്സുള്ളപ്പോൾ, ഹുക്കിന്റെ മാതാപിതാക്കൾ കരയിലേക്ക് വന്നു. എന്നാൽ, പ്രായപൂർത്തിയായപ്പോൾ, ഒരു പരമ്പരാഗത മോകെൻ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ ഹുക്ക് ആഗ്രഹിച്ചു. ഹുക്കിനെ സംബന്ധിച്ചിടത്തോളം, ഈ പ്രക്രിയയുടെ ആദ്യപടി ഒരു ബോട്ട് നിർമ്മിക്കുക എന്നതായിരുന്നു. എന്നാൽ, ദേശീയ ഉദ്യാന നിയമങ്ങൾ മരങ്ങൾ മുറിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞു. എന്നാൽ 2015 -ലെ "വേഡ് ഫോർ വേരി" എന്ന ഡോക്യുമെന്ററിയിലൂടെ അദ്ദേഹം ശ്രദ്ധേയനായി.  

തുടർന്ന്, ചലച്ചിത്ര പ്രവർത്തകരുടെ സാമ്പത്തിക സഹായത്തോടെ അദ്ദേഹം ബോട്ട് നിർമ്മിച്ചു. “സമുദ്രത്തിൽ ജീവിക്കാൻ ഞങ്ങളും  ആഗ്രഹിക്കുന്നുവെന്ന് മറ്റുള്ളവർ എന്നോട് പറയുന്നു” അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധിയുടെ സമ്മർദ്ദം തങ്ങളുടെ ജീവിതരീതിയെ വീണ്ടും വിലയിരുത്താൻ മോകെനെ പ്രേരിപ്പിച്ചുവെന്ന് ഹുക്ക് പറയുന്നു. "എന്നെപ്പോലെ അവർ സ്വതന്ത്രരാകാൻ ആഗ്രഹിക്കുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു. തായ്‌ലൻഡിലെ ദേശീയ ഉദ്യാനങ്ങളിൽ വേട്ടയാടൽ കർശനമായി നിരോധിച്ചിരിക്കുന്നു. എന്നാൽ, പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്താനും വേട്ടയാടാനും ഉദ്യോഗസ്ഥർ മോകെനെ അനുവദിച്ചിട്ടുണ്ട്. പകർച്ചവ്യാധിയുടെ സമയത്ത് ഇത് മോകെന്റെ ഏക ജീവിതമാർഗമാണ്. "കോവിഡിന് ശേഷം, ഞങ്ങളുടെ വരുമാനം കുറഞ്ഞു. പക്ഷേ, എന്റെ അഭിപ്രായത്തിൽ, ഒരുപാട് ഒന്നും കുറഞ്ഞിട്ടില്ല. ഞങ്ങൾ നിരാശരല്ല, പട്ടിണി കിടക്കുന്നില്ല. ഞങ്ങൾ ടൂറിസത്തെ ആശ്രയിക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളെ ആയിട്ടുള്ളൂ. പക്ഷേ ഞങ്ങൾക്ക് എല്ലായ്പ്പോഴും ഉണ്ടായിരുന്നത് കടലാണ്... അന്നും ഇന്നും അത് അങ്ങനെ തന്നെയാണ്" മറ്റൊരു മോകെൻ പറഞ്ഞു.  

(വിവരങ്ങള്‍ക്ക് കടപ്പാട്: സിഎന്‍എന്‍, ചിത്രങ്ങള്‍: ഗെറ്റി ഇമേജസ്)

Follow Us:
Download App:
  • android
  • ios