Asianet News MalayalamAsianet News Malayalam

ഒറ്റമുറി മാത്രമുള്ള ആ വീട് കണ്ടപ്പോഴാണ്  ആ കണ്ണീരിന്റെ അര്‍ത്ഥം ഞാനറിഞ്ഞത്

പാല് വാങ്ങുന്നത് വളരെ  രസകരമായിരുന്നു. രാവിലെ രാമയ്യ എന്നൊരാള്‍ ഒരു പശുവിനെയും എരുമയെയും കൊണ്ടു വരും. പശുവിന്‍ പാല്‍ ആണ് വേണ്ടതെങ്കില്‍ അതിനെ അവിടെ വച്ചു കറന്നു പാല് തരും. എരുമ പാലാണെങ്കില്‍ അതിനെ കറന്നു തരും. കൂടെ കറുത്ത് മെലിഞ്ഞ ഒരു പയ്യനും ഉണ്ടാവും. അത് വളരെ രസകരമായി തോന്നി- മേദിനി കൃഷ്ണന്‍ എഴുതുന്നു 

life sketches by Medhini Krishnan
Author
Hubli, First Published Oct 12, 2021, 3:46 PM IST
  • Facebook
  • Twitter
  • Whatsapp

പതിമൂന്ന് വയസ്സില്‍ ഗുല്‍ബര്‍ഗയില്‍ നിന്നും വിവാഹിതയായി ഹുബ്ലിയിലെ ഗ്രാമത്തില്‍ എത്തിയ അവരുടെ ജീവിതം ഒട്ടും സുഖകരമായിരുന്നില്ല. മൂന്നു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. സിദ്ധമ്മയെ ഉപേക്ഷിച്ചു ഭര്‍ത്താവ് വേറെയൊരു സ്ത്രീയുടെ കൂടെ പോയപ്പോള്‍ ആ കുട്ടികളെ പോറ്റാന്‍ ചെറുപ്രായത്തിലെ വീട്ടുപണി എടുത്തു തുടങ്ങി. അത് അവരുടെ മാത്രം ജീവിതകഥ അല്ല. ഒരു പക്ഷേ ആ ഹള്ളിയിലെ എല്ലാവരുടെയും കഥകള്‍ അങ്ങനെ തന്നെയാണ്. 

 

life sketches by Medhini Krishnan

 

ജീവിതത്തില്‍ ആദ്യമായി താമസിക്കുന്ന വാടകവീട്  കര്‍ണ്ണാടകയിലുള്ള  ഹുബ്ലിയിലാണ്. സ്ഥലം അത്ര  മനോഹരമൊന്നും അല്ലായിരുന്നുവെങ്കിലും വീട് വളരെ മനോഹരമായിരുന്നു. ആ വീട്ടിലെ ആദ്യത്തെ താമസക്കാര്‍ ഞങ്ങളായിരുന്നു. 

നിറയെ പൂമരങ്ങള്‍ നില്‍ക്കുന്ന വഴിയിലെ ആദ്യത്തെ ആ വീട്. വീടിന്റെ താക്കോല്‍ എന്നെ ഏല്‍പ്പിക്കുമ്പോള്‍ ഉടമസ്ഥന്‍ ഒരു വേലക്കാരിയെ കൂടെ എനിക്ക് തന്നു. സിദ്ധമ്മ. ഇരുവശങ്ങളിലും മൂക്കുത്തി അണിഞ്ഞ ഉയരം കുറഞ്ഞ ഒരു കറുത്ത സ്ത്രീ. അവരുടെ ചിരി. അത്രമേല്‍ മനോഹരം. ഇപ്പോഴും ഹൃദയത്തിലെവിടെയൊ അതൊരു  നിധി പോലെ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. മറാത്തിയും ഹിന്ദിയും കന്നഡയും മാറി മാറി സംസാരിച്ചിട്ടും അവര്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാവാറില്ല. പിന്നെ ആംഗ്യഭാഷയായി. ആദ്യം അവരെന്നെ മറാത്തി പഠിപ്പിക്കാന്‍ നോക്കി. പിന്നെ കന്നഡ. രണ്ടും പറ്റാതെ വന്നപ്പോള്‍ അറിയുന്ന ഹിന്ദി തന്നെയായി ശരണം. നിധി കാക്കുന്ന ഭൂതം പോലെ അവര്‍ എന്നെയും ആ വീടും നോക്കി കൊണ്ടിരുന്നു. പരസ്പരം മനസ്സിലാകാതെ ഞാനും അവരും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.  അവര്‍ എന്ത് കൊണ്ടോ എന്റെ പേര് വിളിക്കാതെ ഒരു പ്രത്യേക രീതിയില്‍ ലക്ഷ്മിയെന്ന് നീട്ടി വിളിക്കും.

ഇടക്കൊക്കെ പാപ്പു എന്നൊരു വിളിയുണ്ട്.. അവരുടെ സ്‌നേഹം മുഴുവനും ആ വാക്കില്‍ ആവാഹിച്ചിരിക്കും പോലെ എനിക്ക് തോന്നും. 

അവരുടേതായ രീതിയിലുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കി വയ്ക്കുമ്പോള്‍  എപ്പോഴും അവര്‍ക്ക് സംശയമാണ്.. എനിക്കിഷ്ടമാവുമോ എന്ന്. ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നിയിരുന്നുവെങ്കിലും പിന്നെ പിന്നെ ആ രുചി എനിക്കിഷ്ടമായി തുടങ്ങി. പരിപ്പും നിറയെ പച്ചക്കറികളും ചേര്‍ത്തു വേവിച്ചു ബിസിബെളെ മസാല ചേര്‍ത്തുണ്ടാക്കുന്ന ബിസിബെളെ ബാത്. ദോശമാവില്‍ പച്ചക്കറികള്‍ അരിഞ്ഞു ചേര്‍ത്തുണ്ടാക്കുന്ന പനിയാരം. അങ്ങനെ അങ്ങനെ എന്തൊക്കെയോ ഭക്ഷണങ്ങള്‍. ഉപ്പിട്ട് എന്ന് വിളിക്കുന്ന കടലമാവില്‍ ശര്‍ക്കരയും നാളികേരവും നെയ്യും ചേര്‍ത്തുണ്ടാക്കുന്ന പലഹാരം. പതിയെ പതിയെ ഞാന്‍ ആ രുചിയോട് പൊരുത്തപ്പെടുകയായിരുന്നു.  

അവിടെ പാല് വാങ്ങുന്നത് വളരെ  രസകരമായിരുന്നു. രാവിലെ രാമയ്യ എന്നൊരാള്‍ ഒരു പശുവിനെയും എരുമയെയും കൊണ്ടു വരും. പശുവിന്‍ പാല്‍ ആണ് വേണ്ടതെങ്കില്‍ അതിനെ അവിടെ വച്ചു കറന്നു പാല് തരും. എരുമ പാലാണെങ്കില്‍ അതിനെ കറന്നു തരും. കൂടെ കറുത്ത് മെലിഞ്ഞ ഒരു പയ്യനും ഉണ്ടാവും. അത് വളരെ രസകരമായി തോന്നി. കൊഴുത്ത എരുമപ്പാലിനോട് എന്തോ എനിക്ക് അറപ്പാണ് തോന്നാറുള്ളത്. 

ഒരുദിവസം ഡേറ്റ് കഴിഞ്ഞു പൂപ്പല്‍ വന്നു തുടങ്ങിയ ഒരു ബ്രഡ് പാക്കറ്റ് ഞാന്‍ ചവറ്റുകുട്ടയില്‍ ഇട്ടു. അടുക്കള വൃത്തിയാക്കുന്നതിനിടയില്‍ അവര്‍ അത് എടുത്തു കൈയില്‍ വയ്ക്കുന്നത് ഞാന്‍ കണ്ടു. അത് കേട് വന്നതാണ്. ഉപയോഗിക്കാന്‍ പറ്റില്ലെന്ന് ഞാന്‍ എന്നെ കൊണ്ടു പറ്റുന്ന പോലെ പറഞ്ഞു. അവര്‍ അത് കളയാന്‍ കൂട്ടാക്കിയില്ല. ചൂടാക്കി കഴിച്ചാല്‍ കുഴപ്പമില്ലെന്ന് അവര്‍ പറഞ്ഞു. എന്നിട്ട് അത് എടുത്തു അവരുടെ പ്ലാസ്റ്റിക് സഞ്ചിയില്‍ വച്ചു. എനിക്ക് എന്തോ വല്ലാത്ത സങ്കടം വന്നു പോയി. പെട്ടെന്ന് ഒരു നിമിഷം ഞാന്‍ അത് എടുത്തു പൊട്ടിച്ചു കഷ്ണമാക്കി വീടിനു പിന്നിലെ കൂട്ടമായി വന്നു നില്‍ക്കുന്ന പന്നികള്‍ക്ക് ഇട്ട് കൊടുത്തു. എന്റെ പ്രവൃത്തി കണ്ടിട്ട് അവര്‍ ഒരു നിമിഷം നിശ്ബദമായി നിന്നു. ആ കണ്ണുകള്‍ നിറയുന്നത് കണ്ടു. വീടിനു മുന്നിലുള്ള കടയില്‍ നിന്നും ബ്രഡും കുറച്ചു പലഹാരങ്ങളും വാങ്ങി ഞാന്‍ ആ സഞ്ചിയില്‍ വച്ചു കൊടുത്തു. ആ മുഖം എന്തോ വല്ലാതെ. 

ഞാന്‍ എന്താണ് പറയുക. രണ്ടു കൈകള്‍ കൊണ്ടു അവരുടെ കവിളുകള്‍ ചേര്‍ത്ത് പിടിച്ചു. അവര്‍ കരഞ്ഞു. എന്റെ കൈകളില്‍ നനഞ്ഞ ഉപ്പു രസം. അവരെന്തിനാണ് കരഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല. 

പിന്നീട് ഒരിക്കല്‍ അവരുടെ ഒരു മുറി മാത്രമുള്ള വീട്ടിലെ വിശക്കുന്ന കുറേ വയറുകള്‍ കണ്ടപ്പോഴാണ് ഞാന്‍ ഉപേക്ഷിച്ച ആ ബ്രഡിന്റെ വില എനിക്ക് മനസ്സിലായത്. അവരുടെ കണ്ണു നീരിന്റെ വേദന ഞാന്‍ അറിഞ്ഞത്. 

പതിമൂന്ന് വയസ്സില്‍ ഗുല്‍ബര്‍ഗയില്‍ നിന്നും വിവാഹിതയായി ഹുബ്ലിയിലെ ഗ്രാമത്തില്‍ എത്തിയ അവരുടെ ജീവിതം ഒട്ടും സുഖകരമായിരുന്നില്ല. മൂന്നു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. സിദ്ധമ്മയെ ഉപേക്ഷിച്ചു ഭര്‍ത്താവ് വേറെയൊരു സ്ത്രീയുടെ കൂടെ പോയപ്പോള്‍ ആ കുട്ടികളെ പോറ്റാന്‍ ചെറുപ്രായത്തിലെ വീട്ടുപണി എടുത്തു തുടങ്ങി. അത് അവരുടെ മാത്രം ജീവിതകഥ അല്ല. ഒരു പക്ഷേ ആ ഹള്ളിയിലെ എല്ലാവരുടെയും കഥകള്‍ അങ്ങനെ തന്നെയാണ്. 

അവിടെ സിദ്ധമ്മ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ഹുബ്ലി എന്തെന്ന് ഞാന്‍ അറിയുന്നത് അവരിലൂടെയാണ്. അവരെന്നെ കൂട്ടി കൊണ്ടു പോകാറുള്ള കോട്ടക്കുള്ളിലെ മാര്‍ക്കറ്റ് വളരെ രസകരമായിരുന്നു. അവിടുത്തെ ഗ്രാമങ്ങളില്‍ നിന്നുള്ള സാധാരണക്കാരായ കച്ചവടക്കാരായിരുന്നു അധികവും. പിന്നെ ഒരു വേപ്പിന്‍ ചുവട്ടിലെ മനോഹരമായ മംഗളമ്മയുടെ മന്ദിര്‍.. ഗുല്‍ബര്‍ഗയിലെ അവരുടെ  ഗ്രാമത്തെ പറ്റി പറയുമ്പോള്‍ ആ കണ്ണുകള്‍ നിറയും. ഏറെ നേരം നിശബ്ദമായി എന്തോ ആലോചിച്ചിരിക്കും. 

അവസാനം.. ഹുബ്ലിയിലെ ജീവിതം എനിക്ക് അവസാനിപ്പിച്ചു പോരേണ്ടി വന്നു. 

യാത്ര പറഞ്ഞു അവിടെ നിന്നും മടങ്ങുമ്പോള്‍ തിരിച്ചു വരണം എന്ന് അവര്‍ എന്നോട് എത്രയോ വട്ടം പറഞ്ഞിരിക്കും. തലയിലിട്ട സാരി തലപ്പുയര്‍ത്തി  എത്ര വട്ടം കണ്ണ് തുടച്ചു.

അവരെ ചുറ്റിപ്പിടിച്ചു ഞാന്‍ തോളില്‍ മുഖം അമര്‍ത്തി. ദേഹത്ത് വിയര്‍പ്പാണെന്നു പറഞ്ഞു എന്നെ മാറ്റി നിര്‍ത്താന്‍ നോക്കുമ്പോള്‍ ഞാന്‍ അവരെ കെട്ടിപ്പിടിച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്റെ മുടിയില്‍ തലോടി.  കണ്ണില്‍ നിന്നും മായും വരെ ആ മുഖം.

സാധനങ്ങള്‍ എല്ലാം അവിടെ ഉപേക്ഷിച്ചു. അത് അങ്ങനെയാണ്. പലപ്പോഴും യാത്രയില്‍, വാടകവീട്ടില്‍ പലതും ഉപേക്ഷിച്ചു പോരും. എന്റെ ഗന്ധം തങ്ങി നില്‍ക്കുന്ന ചുവരുകളുടെ യാത്രമൊഴി  ഞാന്‍ വെറുതെ കാതോര്‍ക്കും. 

പിന്നീട് ഒരിക്കലും ഞാന്‍  അവിടെ പോയിട്ടില്ല. അവരെ കണ്ടിട്ടില്ല. ഹുബ്ലി, സിദ്ധമ്മ എല്ലാം ഓര്‍മ്മകള്‍ മാത്രമായി.  അതിന് ശേഷം എത്രയോ ഇടങ്ങളില്‍ എത്രയോ വാടകവീടുകള്‍.. എത്ര സിദ്ധമ്മമാര്‍. ഓരോ ഇടങ്ങളിലും വാടകവീടുകളില്‍ എനിക്ക് സഹായിയായി ഒരു പണിക്കാരിയെ കിട്ടുമായിരുന്നു. എല്ലാവര്‍ക്കും ഒരേ കഥകള്‍. ഭാവങ്ങള്‍.. രൂപങ്ങള്‍. അവരിലേക്ക് ആഴത്തില്‍ ഞാന്‍ ഇറങ്ങിചെല്ലും. കൂടെ കൂട്ടും. അവരില്‍ ഒരാളായി മാറും. ഒരുപക്ഷേ  എഴുതിയ കഥകളില്‍ ഏറെയും അങ്ങനെയുള്ളവരെ പറ്റിയായിരിക്കണം. എന്റെ ആത്മകഥയില്‍ കുറേ അദ്ധ്യായങ്ങളില്‍ അവരൊക്കെ ഉണ്ടായിരിക്കും. പക്ഷേ എന്തോ  സിദ്ധമ്മക്ക്  പകരം ആരും ആവില്ലായിരുന്നു.

 

Follow Us:
Download App:
  • android
  • ios