Asianet News MalayalamAsianet News Malayalam

കേരളം തിരിച്ചറിയണം ആനക്കരയുടെ മതേതര സന്ദേശങ്ങള്‍

ആനക്കര വടക്കത്ത് തറവാട് നല്‍കുന്നത് കേരളം  തിരിച്ചുപിടിക്കേണ്ട മഹത്തായ സന്ദേശം. കെ എ ഷാജി എഴുതുന്നു

Secularism Multiculturalism and Pluralism Tale of Anakkara vadakkedath family by KA Shaji
Author
Thiruvananthapuram, First Published Sep 24, 2021, 7:32 PM IST
 • Facebook
 • Twitter
 • Whatsapp

കേരളത്തില്‍ മാത്രമല്ല പുറത്തും തറവാടുകളും കൂട്ടുകുടുംബങ്ങളും കടുത്ത യാഥാസ്ഥിതികത്വത്തിന്റെയും സങ്കുചിതത്വങ്ങളുടെയും വിളനിലങ്ങളാണ്. എന്നാല്‍ ആനക്കര വടക്കത്ത് എന്നും അതില്‍നിന്നു മാറിനിന്നു. അവിടുത്തെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഭാഷയുടെയും ദേശത്തിന്റെയും പ്രാദേശികതയുടെയും അതിരുകള്‍ ഭേദിച്ചു പുറത്തു പോയി വിദ്യാഭ്യാസം ചെയ്തു. വ്യത്യസ്ത ഭാഷക്കാര്‍ക്കും സമൂഹങ്ങള്‍ക്കും ഇടയില്‍ പൊതുപ്രവര്‍ത്തനം നടത്തി. വിഭിന്നങ്ങളായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളാല്‍ നയിക്കപ്പെട്ടു. ജാതിയെയും മതത്തെയും പ്രാദേശികതകളെയും ഭാഷയെയും വെല്ലുവിളിച്ചുകൊണ്ട് ജീവിത പങ്കാളികളെ തെരഞ്ഞെടുത്തു. അതിനിടയിലും ശക്തമായ പാരസ്പര്യങ്ങള്‍ അവര്‍ നിലനിര്‍ത്തി. പാലക്കാട് ജില്ലയിലെ ആനക്കരയിലേക്ക് പറ്റുമ്പോഴെല്ലാം കടന്നുവന്ന് കൂട്ടായ്മയുടെയും സഹവര്‍ത്തിത്വത്തിന്റെയും സ്വരം ആവര്‍ത്തിച്ചു. 

 

 

2012 ജൂലൈ മാസത്തിലാണ് ആദ്യമായി ആനക്കര വടക്കത്ത് തറവാട്ടില്‍ പോകുന്നത്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലും അതിനു ശേഷം ദേശീയ ഇടതുപക്ഷ രാഷ്ട്രീയ ഇടപെടലുകളിലും ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി മരണപ്പെട്ടിട്ട് ദിവസങ്ങളേ ആയിരുന്നുള്ളു. ഐഎന്‍എയുടെ അമരക്കാരിയും പിന്നീട് സിപിഐ (എം) വനിതാ വിഭാഗമായ ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ നേതാവുമായിരുന്നു വൈദ്യശാസ്ത്രം പഠിച്ച ക്യാപ്റ്റന്‍ ലക്ഷ്മി.  തറവാട്ടിലുള്ളവരോട് സംസാരിച്ച് അവരുടെ ഓര്‍മ്മകള്‍ സമാഹരിച്ച് പത്രത്തില്‍ എഴുതുകയായിരുന്നു ഉദ്ദേശ്യം.

രണ്ടാമതവിടെ പോകുന്നത് 2015-ലായിരുന്നു. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മകളും കാണ്‍പൂരിലെ തൊഴിലാളി നേതാവുമായ സുഭാഷിണി അലി സിപിഐ (എം) പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവസരം. സുഭാഷിണിയെക്കുറിച്ചുള്ള കുടുംബാംഗങ്ങളുടെ സ്മരണകളും വിലയിരുത്തലുകളും രേഖപ്പെടുത്തുക എന്നതായിരുന്നു അപ്പോഴത്തെ ഉദ്ദേശ്യം. 

രണ്ടുതവണയും  സ്വീകരിക്കാനും സംസാരിക്കാനും ഉണ്ടായിരുന്നത് മുതിര്‍ന്ന കുടുംബാംഗമായിരുന്ന ജി സുശീല ആയിരുന്നു. സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു അവര്‍. ക്വിറ്റ് ഇന്‍ഡ്യാ സമരത്തില്‍ പങ്കെടുത്തു ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഗാന്ധിജിയുമായി നേരില്‍ സംസാരിച്ചിട്ടുണ്ട്. ഗാന്ധിയനായിരുന്ന എ വി ഗോപാല മേനോന്റെയും പെരുമ്പിലാവില്‍ കുഞ്ഞിലക്ഷ്മിയുടെയും മകള്‍. സ്വാതന്ത്ര്യ സമര സേനാനിയും പ്രശസ്ത പത്രപ്രവര്‍ത്തകനുമായിരുന്ന ടി വി കുഞ്ഞികൃഷ്ണന്റെ പത്‌നി. കടുത്ത കോണ്‍ഗ്രസുകാരി ആയിരുന്നു സുശീല. 

രാഷ്ട്രീയമായി രണ്ടു ധ്രുവങ്ങളില്‍ ആയിരുന്നെങ്കിലും സുശീലയ്ക്ക് വലിയ ബഹുമാനവും സ്‌നേഹവുമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മിയോടും മകള്‍ സുഭാഷിണിയോടും. രണ്ടു സന്ദര്‍ഭങ്ങളിലും അവര്‍ ഓര്‍മ്മയില്‍ ആണ്ടിറങ്ങിപ്പോയി. ലക്ഷ്മിയും മകളും മുമ്പ് വന്നപ്പോഴുള്ള നല്ല മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുത്തു. മതേതര പുരോഗമന രാഷ്ട്രീയത്തില്‍ അവരിരുവരും ചെയ്യുന്ന സംഭാവനകളെപ്പറ്റി വലിയ മതിപ്പോടെ സംസാരിച്ചു. 

2016-ല്‍ മൃണാളിനി സാരാഭായി മരിച്ചപ്പോഴാണ് ഒടുവില്‍ സുശീലയുമായി സംസാരിക്കുന്നത്. അത് ടെലിഫോണില്‍ ആയിരുന്നു. കുടുംബത്തിലെ അംഗവും ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ വനിതകളില്‍ ഒരാളുമായിരുന്ന അമ്മു സ്വാമിനാഥന്റെ മകളായിരുന്നു മൃണാളിനി. വിഖ്യാത നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയും. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ സഹോദരിയായിരുന്ന അവര്‍ ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണങ്ങളുടെ പിതാവായിരുന്ന വിക്രം സാരാഭായിയുടെ ഭാര്യയായിരുന്നു. 

അപ്പോഴേക്കും സുശീലയ്ക്ക് വാര്‍ധക്യത്തിന്റെ  അവശതകളും ഓര്‍മ്മക്കുറവും ബാധിച്ചു തുടങ്ങിയിരുന്നു. രണ്ടു നിമിഷങ്ങളില്‍ സംസാരം അവസാനിപ്പിച്ച് അവര്‍ ഫോണ്‍ വച്ചു. കൂടുതല്‍ വിവരങ്ങള്‍ തറവാട്ടിലെ കാര്യക്കാരോട് ചോദിച്ചറിയാന്‍ നിര്‍ദേശിച്ചു.     

സാര്‍ത്ഥകമായ നൂറു വര്‍ഷങ്ങള്‍ ഈ ഭൂമിയില്‍ ജീവിച്ചതിന് ശേഷം ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ സുശീല അന്തരിച്ചു. കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ആനക്കര വടക്കത്ത് തറവാടിന്റെ മുഖം അവരായിരുന്നു. ചുറ്റുപാടുകളിലുള്ള സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ അവര്‍ എന്നും വ്യാപൃത ആയിരുന്നു. ഇന്ത്യാ ചരിത്രത്തിലെ ശ്രദ്ധേയരായ കുറെ വനിതകളെ സംഭാവന ചെയ്ത ആ വീട് അന്വേഷിച്ചു ചെല്ലുന്നവരോടെല്ലാം അവര്‍ ബഹുസ്വരതയിലും മതേതരത്വത്തിലും ജനാധിപത്യത്തിലും അടിയുറച്ച തങ്ങളുടെ സമീപനങ്ങള്‍ പങ്കുവെച്ചു. 

 

 

ആനക്കരയുടെ സന്ദേശങ്ങള്‍

കേരളത്തില്‍ മാത്രമല്ല പുറത്തും തറവാടുകളും കൂട്ടുകുടുംബങ്ങളും കടുത്ത യാഥാസ്ഥിതികത്വത്തിന്റെയും സങ്കുചിതത്വങ്ങളുടെയും വിളനിലങ്ങളാണ്. എന്നാല്‍ ആനക്കര വടക്കത്ത് എന്നും അതില്‍നിന്നു മാറിനിന്നു. അവിടുത്തെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഭാഷയുടെയും ദേശത്തിന്റെയും പ്രാദേശികതയുടെയും അതിരുകള്‍ ഭേദിച്ചു പുറത്തു പോയി വിദ്യാഭ്യാസം ചെയ്തു. വ്യത്യസ്ത ഭാഷക്കാര്‍ക്കും സമൂഹങ്ങള്‍ക്കും ഇടയില്‍ പൊതുപ്രവര്‍ത്തനം നടത്തി. വിഭിന്നങ്ങളായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളാല്‍ നയിക്കപ്പെട്ടു. ജാതിയെയും മതത്തെയും പ്രാദേശികതകളെയും ഭാഷയെയും വെല്ലുവിളിച്ചുകൊണ്ട് ജീവിത പങ്കാളികളെ തെരഞ്ഞെടുത്തു. അതിനിടയിലും ശക്തമായ പാരസ്പര്യങ്ങള്‍ അവര്‍ നിലനിര്‍ത്തി. പാലക്കാട് ജില്ലയിലെ ആനക്കരയിലേക്ക് പറ്റുമ്പോഴെല്ലാം കടന്നുവന്ന് കൂട്ടായ്മയുടെയും സഹവര്‍ത്തിത്വത്തിന്റെയും സ്വരം ആവര്‍ത്തിച്ചു. 

ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് വിവാദങ്ങള്‍ കേരളീയ സമൂഹത്തെ ധ്രുവീകരണത്തിലേക്ക് നയിക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ആനക്കര വടക്കത്ത് തറവാട് ഒരു വലിയ സാധ്യതയാണ്. സുഭാഷിണി അലിയും മൃണാളിനിയുടെ മകള്‍ മല്ലികയുമെല്ലാം ഇന്നും രാജ്യവ്യാപകമായി വര്‍ഗീയതയ്ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു. 

ക്യാപ്റ്റന്‍ ലക്ഷ്മിയുടെ സഹോദരന്‍ ഗോവിന്ദ് സ്വാമിനാഥന്‍ ചെന്നൈയിലെ പ്രമുഖ അഭിഭാഷകനായിരുന്നു. അദ്ദേഹം നിര്യാതനായ സന്ദര്‍ഭത്തില്‍ സിപിഐ (എം) രാജ്യസഭാംഗവും പശ്ചിമ ബംഗാള്‍ മുന്‍ ധനമന്ത്രിയുമായിരുന്ന അശോക് മിത്ര ഇക്കണോമിക്ക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഴുതിയ ഒരു അനുസ്മരണത്തില്‍ നിന്നാണ് ആനക്കര വടക്കത്ത് കുടുംബത്തെക്കുറിച്ച് ആദ്യമായറിയുന്നത്. അഭിഭാഷകനെന്ന നിലയില്‍ പൗരാവകാശങ്ങളുടെയും നീതി വ്യവസ്ഥയുടെയും വലിയ സംരക്ഷകനായിരുന്നു ഗോവിന്ദ്. 

ലക്ഷ്മിയുടെയും മൃണാളിനിയുടെയും ഗോവിന്ദിന്റേയും അമ്മ അമ്മു സ്വാമിനാഥന്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ മാത്രമല്ല ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍ ഇന്ത്യന്‍ പാര്‍ലമെന്റിലും തന്റെ നിസ്തുലമായ പ്രസംഗങ്ങള്‍ കൊണ്ട് ചലനം സൃഷ്ടിച്ചു. ഇംഗ്‌ളീഷ് വിദ്യാഭ്യാസവും പാശ്ചാത്യ ജീവിത സമീപനങ്ങളും നിലനിര്‍ത്തുമ്പോഴും ബഹുസ്വര ജനാധിപത്യത്തോടും വിശാല ദേശീയതയോടും അവര്‍ ഒരിക്കലും വിപ്രതിപത്തി കാണിച്ചില്ല. അമ്മുവിന്റെ ഭര്‍ത്താവ് സ്വാമിനാഥനും പേരെടുത്ത വക്കീലായിരുന്നു. ഭാഷാപരവും വംശീയവുമായ വിഭജനങ്ങള്‍ക്കുപരി ചിന്തിക്കാന്‍ അവര്‍ ഇരുവരും മക്കളെ പ്രേരിപ്പിച്ചു. അമ്മു മലയാളി നായരായിരുന്നു. സ്വാമിനാഥന്‍ തമിഴ് ബ്രാഹ്മണ സമുദായത്തില്‍ ജനിച്ചയാളും.

1942-ല്‍ ജപ്പാന്‍ സൈന്യം തെക്കു കിഴക്കന്‍ ഏഷ്യ കീഴടക്കുമ്പോള്‍ ലക്ഷ്മി സിംഗപ്പൂരില്‍ മെഡിക്കല്‍ ഡോക്ടറായി പരിശീലനം നേടുകയായിരുന്നു. യാദൃശ്ചികമായി സുഭാഷ് ചന്ദ്രബോസിനെ കണ്ടുമുട്ടിയ അവര്‍ തന്റെ ജീവിത വീക്ഷണങ്ങള്‍ ഉടനടി മാറ്റി. അങ്ങനെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഝാന്‍സി റാണി റെജിമെന്റിന്റെ അധ്യക്ഷയായി. ആര്‍മി പരാജയപ്പെടുകയും ലക്ഷ്മിയടക്കമുള്ളവര്‍ പിടിക്കപ്പെടുകയും ജയില്‍ വാസം നേരിടുകയും ചെയ്തു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ലക്ഷ്മി ഐ എന്‍ എ യിലെ തന്റെ സഖാവായിരുന്ന പി കെ സെഹ്ഗാളിനെ വിവാഹം ചെയ്ത് കാണ്‍പൂരില്‍ താമസമാക്കി. പിന്നീട് ഇന്ത്യന്‍ ഇടതുപക്ഷത്തില്‍ സജീവമായി. 

കുടുംബത്തിന് പൊതുവായുണ്ടായിരുന്ന രാഷ്ട്രീയ താത്പര്യങ്ങളുടെ പുറത്തു കഴിഞ്ഞിരുന്ന മൃണാളിനി കലാക്ഷേത്രയിലും ശാന്തിനികേതനിലും നൃത്തം പഠിച്ചു. ലോകം അറിയുന്ന നര്‍ത്തകിയായി. ഭാഷയുടെയും ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ പൊട്ടിക്കാന്‍ അമ്മുവിന്റെ കൊച്ചുമക്കളും തയ്യാറായി. സുഭാഷിണിയും മല്ലികയുമെന്നപോലെ സ്വാമിനാഥന്റെ മകള്‍ ശ്രീലതയും വേറിട്ട് സഞ്ചരിച്ചു. സിപിഐ (എംഎല്‍) ആശയങ്ങളാല്‍ ആകൃഷ്ടയായ അവര്‍ ജയ്പൂര്‍ കേന്ദ്രമാക്കി രാജസ്ഥാനിലെ ആദിവാസികള്‍ക്കായി പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ ഉന്നതയായ കോണ്‍ഗ്രസ്സ് നേതാവായിരുന്ന എ വി കുട്ടിമാളു അമ്മയും ആനക്കര തറവാടിന്റെ സംഭാവനയായിരുന്നു. 

മതത്തിന്റെയും ജാതിയുടെയും പ്രാദേശികതയുടെയും വേലിക്കെട്ടുകള്‍ പൊളിച്ചുകൊണ്ടുള്ള നിരവധി വിവാഹങ്ങള്‍ ആനക്കര തറവാട്ടുകാര്‍ക്കിടയില്‍ നടന്നു. ഫ്യുഡല്‍ സമ്പന്ന പശ്ചാത്തലങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നപ്പോഴും അവര്‍ക്കിടയില്‍ സങ്കുചിത വികാരങ്ങള്‍ക്ക് ഒരിക്കലും സ്ഥാനം ഉണ്ടായിരുന്നില്ല. 

 

Secularism Multiculturalism and Pluralism Tale of Anakkara vadakkedath family by KA Shaji

മൃണാളിനി സാരാഭായി

 

മതാതീത കാഴ്ചപ്പാടുകള്‍

ഓര്‍മ്മകളിലൂടെ സഞ്ചരിക്കുമ്പോള്‍ സുശീല അമ്മു സ്വാമിനാഥന്‍ പറഞ്ഞിരുന്നത് ഓര്‍ക്കുമായിരുന്നു: ജവഹര്‍ലാല്‍ നെഹ്രുവിന്റെ മൂത്ത സഹോദരി ഒരു മുസ്ലിം യുവാവിനെ ദീര്‍ഘകാലം പ്രണയിച്ചു. പക്ഷെ മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു പണ്ഡിറ്റിനെയാണ് വിവാഹം ചെയ്തത്. ഇളയ സഹോദരി ഗുജറാത്തില്‍ നിന്നുള്ള ഒരു സിഖുകാരനെ കണ്ടെത്തിയാണ് വിവാഹം ചെയ്തത്. മതാതീതവും ഭാഷാതീതവുമായ വിവാഹങ്ങള്‍ അന്ന് സാധാരണമായിരുന്നു. പ്രത്യേകിച്ചും ദേശീയ പ്രസ്ഥാനത്തിന് കീഴില്‍ കൂട്ടായ്മയുടെ കാറ്റേറ്റ് വളര്‍ന്നവര്‍ക്കിടയില്‍.

ശാന്തി ശ്രീവാസ്തവ സാദിഖ് അലിയെ വിവാഹം ചെയ്തു. പഞ്ചാബില്‍ നിന്നുള്ള ലിത്തോ റായി ഉത്തര്‍ പ്രദേശില്‍ ജീവിച്ച ബംഗാളിയായ അജയ് കുമാര്‍ ഘോഷില്‍ ജീവിത പങ്കാളിയെ കണ്ടെത്തി. ബോംബെയിലെ സമ്പന്ന മുസ്ലിം കുടുംബത്തില്‍ നിന്നുള്ള രണ്ടു സ്ത്രീകള്‍ തെക്കേ ഇന്ത്യയില്‍ വന്ന് കമ്യൂണീസ്റ്റ് പാര്‍ട്ടിയുടെ കമ്യൂണില്‍ ജീവിച്ചു. അവരിലൊരാള്‍ തെലങ്കാന വിപ്ലവനായകന്‍ പി സുന്ദരയ്യയെ വിവാഹം ചെയ്തു. അടുത്തയാള്‍ മദ്രാസില്‍ അഭിഭാഷകനായിരുന്ന അയ്യങ്കാര്‍ വിഭാഗത്തില്‍ പെട്ട എ എസ് ആര്‍ ചാരിയെ വിവാഹം ചെയ്തു. കേംബ്രിഡ്ജില്‍ പഠിച്ച തമിഴ്‌നാട്ടിലെ സേലം സ്വദേശിയായ മോഹന്‍ കുമാരമംഗലം കല്‍ക്കത്തയിലെ താംലൂക്കില്‍ നിന്നുള്ള കല്യാണി മുഖര്‍ജിയെ പ്രണയിച്ചു വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ സഹോദരി പാര്‍വതിയും കേംബ്രിഡ്ജില്‍ പഠിച്ചു. മലയാളിയായ എന്‍ കെ കൃഷ്ണന്‍ എന്ന വിപ്ലവകാരിയെ ജീവിത സഖാവാക്കി. സിന്ദില്‍ നിന്നുള്ള ജെ ബി കൃപലാനി വിവാഹം ചെയ്തത് സുചേതാ മജൂംധാരെ ആയിരുന്നു. 

പ്രാദേശികതയ്ക്കും മതങ്ങള്‍ക്കും വിഭാഗീയതകള്‍ക്കുംഅപ്പുറമുള്ള ചില വിപ്ലവകരമായ ഉദ്യമങ്ങള്‍. കാലവും ചരിത്രവും ഇന്ന് മുന്നോട്ടാണോ പിന്നോട്ടാണോ പോകുന്നത് എന്നാണ് കണ്ടെത്തേണ്ടത്. വിവാഹങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും കാര്യത്തില്‍ മതവര്‍ഗീയത പിടിമുറുക്കുമ്പോള്‍ സമൂഹം അത്രമാത്രം സങ്കുചിതമാകുന്നു. ജീവിത പങ്കാളികളെ തെരഞ്ഞെടുക്കുന്നതില്‍ മതത്തിനും ഭാഷയ്ക്കും തനതു സംസ്‌കാരങ്ങള്‍ക്കും വലിയ പങ്കൊന്നുമില്ലെന്ന് ഒരുകാലത്തെ ഇന്ത്യന്‍ സെലിബ്രിറ്റികള്‍ മനസ്സിലാക്കിയിരുന്നു, ജാതി മാറിയുള്ള വിവാഹങ്ങള്‍ അടിത്തട്ടില്‍ സാമൂഹിക വൈരവും കലാപങ്ങളും ക്ഷണിച്ചു വരുത്തിയിരുന്നപ്പോള്‍ തന്നെ.

ഇത്തരം പുരോഗമന വിവാഹങ്ങള്‍ പരമ്പരാഗത സാമൂഹിക സമവാക്യങ്ങളെ പൊളിച്ചെഴുതുമെന്നും ദേശീയോദ്ഗ്രഥനത്തെ സഹായിക്കുമെന്നുമായിരുന്നു നെഹ്രുവിനെപ്പോലുള്ള നേതാക്കളുടെ വിലയിരുത്തല്‍. അവരുടെ കുട്ടികള്‍ നഗരങ്ങളില്‍ ജീവിച്ചു. വേഷത്തിലും ഭക്ഷണത്തിലും സംസാരഭാഷയിലുമെല്ലാം അവര്‍ക്ക് വേറിട്ട ഒരു ലോകം കണ്ടെത്താന്‍ കഴിഞ്ഞു. അവര്‍ വേരുകളെ കുറിച്ച് അധികം വ്യാകുലരായില്ല. പാരമ്പര്യങ്ങളിലും കുടുംബ മഹിമകളിലും അഭിരമിച്ചില്ല. സങ്കുചിത ദേശീയതകളില്‍ നിന്നും അവര്‍ ലോക പൗരന്മാരായി ഉയര്‍ന്നു. ഭൂതകാലക്കുളിരുകളോട് സലാം പറഞ്ഞു. 

മതസങ്കുചിതത്വവും വര്‍ഗീയതയും ജാതീയതയും അസഹിഷ്ണുതയും ഇന്ന് അവരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ വിള്ളലുകള്‍ വീഴ്ത്തുന്നുണ്ടാകാം. എന്നാല്‍ ഒരു ബഹുസ്വര മതാതീത വിശാല ആകാശത്തിലേക്ക് ചിറകടിച്ചു പറന്നുയര്‍ന്ന ആനക്കരയിലെ മക്കളെപ്പോലുള്ളവര്‍ എന്നും ഒരു വലിയ സാധ്യതയാണ്. 

 

Secularism Multiculturalism and Pluralism Tale of Anakkara vadakkedath family by KA Shaji

സുഭാഷിണി അലി

 

കേരളം തിരിച്ചുപിടിക്കേണ്ട ചിലത്

തീര്‍ച്ചയായും കാലം മാറുന്നുണ്ട്. ആറ് ദശകങ്ങള്‍ക്ക് മുന്‍പ് ലീലാ സുന്ദരയ്യയും ശാന്തി സാദിഖ് അലിയും രാജ്യമെങ്ങും പരത്താന്‍ ശ്രമിച്ച മതാതീത മാനവികത ഇന്ന് അതിശക്തമായ കൊടുങ്കാറ്റില്‍ പെട്ട് ഉഴറുകയാണ്. ലോകം മാറുന്നത് അറിയാത്ത ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയവാദികള്‍ സാഹചര്യങ്ങളെ മോശമാക്കിക്കൊണ്ടിരിക്കുന്നു. സമൂഹത്തിലെ മുക്കാല്‍ തട്ടിലാകെ ഒരിക്കല്‍ ശക്തമായിരുന്ന മതാതീത കാഴ്ചപ്പാടുകള്‍ താഴെ തട്ടില്‍ ഇന്ന് എത്തുന്നില്ല. 

സ്വന്തം സമുദായത്തിലെ പെണ്‍കുട്ടികളെ മുസ്ലിം, ഈഴവ യുവാക്കള്‍ തട്ടിക്കൊണ്ടു പോകുന്നു എന്ന് വിലപിക്കുന്ന സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ ഇതേ പെണ്‍കുട്ടികള്‍ ലത്തീന്‍ കത്തോലിക്കര്‍ക്കിടയില്‍ പങ്കാളികളെ കണ്ടെത്തുന്നത് പോലും ഇഷ്ടപ്പെടുന്നില്ല. കത്തോലിക്കാ വിഭാഗങ്ങളില്‍ നിന്ന് പോലും വിവാഹം കഴിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനാണ് ക്‌നാനായ സഭ കോടതി വിധികളെ പോലും ലംഘിക്കുന്നത്. 

സംസ്‌കാരാന്തര ബന്ധങ്ങളും വിനിമയങ്ങളും നിലക്കുകയും വര്‍ഗീയതയുടെ കീഴില്‍ പ്രാദേശികത തഴച്ചു വളരുകയും ചെയ്യുന്നതാണ് ഇന്നിന്റെ കാഴ്ച. ബീഹാറില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഗുവാഹത്തിയില്‍ വന്നു മത്സര പരീക്ഷകള്‍ എഴുതുന്നതിനാണ് ആസാമില്‍ എതിര്‍പ്പുയരുന്നത്. മഹാരാഷ്്രടയില്‍ ഒരു കാലത്ത് വീശിയടിച്ചത് മറ്റു സംസ്ഥാനക്കാര്‍ക്ക് എതിരായ കൊലവിളികളായിരുന്നു. പ്രാദേശിക വികാരങ്ങള്‍ ജ്വലിപ്പിച്ചു നിര്‍ത്തുന്നത് പലപ്പോഴും അപരവിദ്വേഷത്തിലൂന്നിയാണ്. അന്യഭാഷക്കാരെ അടിമത്തൊഴിലാളികളായി അല്ലാതെ മറ്റൊന്നുമായി കാണാനാകാത്ത അപലപിക്കപ്പെടേണ്ട സമീപനം ഓരോ നാട്ടിലും ദേശത്തിലും നിലനില്‍ക്കുന്നു. 

മുസാഫര്‍ അലിയുമായുള്ള വിവാഹബന്ധം ഒഴിഞ്ഞെങ്കിലും സുഭാഷിണി അലി പേരില്‍ നിന്നും അലി എടുത്തുമാറ്റിയിട്ടില്ല. മതേതര ജീവിതം നയിക്കുന്ന അവര്‍ക്ക് അങ്ങനെയൊരു ആവശ്യം തോന്നിയിട്ടുമുണ്ടാകില്ല. താനും തന്റെ മാതാപിതാക്കളും യുക്തിവാദികള്‍ ആയിരുന്നെന്നും മറ്റാളുകളുടെ മതവിശ്വാസങ്ങള്‍ അവരുടെ വ്യക്തിഗത സ്വാതന്ത്ര്യങ്ങള്‍ ആണെന്നും അവ സംരക്ഷിക്കാന്‍ താനെന്നും മുന്നില്‍ നില്‍ക്കുമെന്നും ഒരു അഭിമുഖത്തില്‍ സുഭാഷിണി അലി പറയുന്നുണ്ട്. 

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലാണ് ആനക്കര. ഭാരതപുഴയുടെ തീരത്ത് മലപ്പുറം ജില്ലയോട് അത് ചേര്‍ന്ന് കിടക്കുന്നു. ബഹുസ്വരതയുടെ ഒന്നര നൂറ്റാണ്ടു നീളുന്ന ചരിത്രം പറയാന്‍ സുശീല ഇനിയവിടെയില്ല. പക്ഷെ മതാതീത മാനവികതയുടെ വിശാലലോകത്തില്‍ മക്കളെ വളര്‍ത്തിയ അമ്മു സ്വാമിനാഥന്‍, കേരളം തിരിച്ചു പിടിക്കേണ്ട ഒരു നവോത്ഥാന ഊര്‍ജമായി നമുക്കിടയില്‍ ഉണ്ട്. മാരിവില്ലുകള്‍ക്ക് തീകൊളുത്തപ്പെടുന്ന കാലഘട്ടത്തില്‍ ആനക്കരയുടെ സന്ദേശം പ്രസക്തമാണ്.

      

 

Follow Us:
Download App:
 • android
 • ios