Asianet News MalayalamAsianet News Malayalam

'കെട്ടിച്ചമച്ച കഥകൾ ഉണ്ടാക്കിയവർക്ക് നിരാശ'; അധികാരത്തിന്‍റെ മത്തിൽ കാലിടറാതെ ജനപക്ഷത്ത് കാണും: മുഖ്യമന്ത്രി

രാഷ്ട്രീയ ചരിത്രം തിരുത്തി കേരളം വീണ്ടും ഇടതുമുന്നണിക്ക് അനുകൂലമായി വിധിയെഴുതി. ഈ സന്തോഷമാണ് പങ്കുവെക്കാനുള്ളത്. പക്ഷേ ഇത്തരമൊരു വലിയ സന്തോഷം ആഘോഷിക്കാനുള്ള സമയമല്ല ഇത്

CM Pinarayi vijayan after election victory
Author
Thiruvananthapuram, First Published May 2, 2021, 6:24 PM IST

കണ്ണൂർ: ഇടതുപക്ഷ സർക്കാർ ഒപ്പമുണ്ടാവുമെന്ന ജനങ്ങളുടെ തിരിച്ചറിവാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി പിണറായി. സർക്കാർ ജനങ്ങൾക്കൊപ്പം നിന്നു, ജനങ്ങൾ സർക്കാരിനൊപ്പവും. നമുക്ക് നേരിടേണ്ടി വന്ന ഒരുപാട് പ്രതിസന്ധികളുണ്ട്. അതിനെയെല്ലാം മറികടന്നുകൊണ്ടാണ് നമുക്ക് മുന്നോട്ട് പോകേണ്ടിയിരുന്നത്. ആ കാര്യത്തിൽ ജനം പൂര്‍ണമായും എൽഡിഎഫിന് ഒപ്പമുണ്ടായി. അതുകൊണ്ടാണ് എല്ലാത്തിനെയും പ്രതിരോധിക്കാനും അതിജീവിക്കാനും സാധിച്ചത് - തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇതാദ്യമായി മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പറഞ്ഞു.

ധർമ്മടത്ത് വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കണ്ടത്. പതിവ് പോലെ കൊവിഡ് കണക്കുകൾ വിശദീകരിച്ച മുഖ്യമന്ത്രി സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഗുരുതര നിലയിലാണെന്നും രോഗവ്യാപനം തടയാൻ കടുത്ത നടപടികൾ വേണ്ടി വരുമെന്നും വ്യക്തമാക്കി. ഇതിനു ശേഷമാണ് തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചുള്ള പ്രതികരണത്തിലേക്ക് അദ്ദേഹം കടന്നത്. 

എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് സംസ്ഥാനത്തിൻ്റെ സമസ്ത മേഖലകളിലും വികസനമെത്തി. കിഫ്ബിയും ലൈഫും പോലുള്ള പദ്ധതികൾ സമൂഹത്തിലെ എല്ലാ വിഭാഗത്തേയും സ്പർശിച്ചു. സാമൂഹിക നീതി ഉറപ്പു വരുത്താൻ എൽഡിഎഫിന് സാധിക്കുമെന്ന വിശ്വാസം ഇക്കാലയളവിൽ സാധരണ ജനങ്ങളിലുണ്ടായി. ഇതൊന്നും ചെറിയ കാര്യമല്ല. 

നിരവധി പ്രശ്നങ്ങളിൽ നമ്മുടെ താത്പര്യം സംരക്ഷിക്കേണ്ടതുണ്ട്. അവ നേടിയെടുക്കണമെങ്കിൽ എൽഡിഎഫിനേ എന്തെങ്കിലും ചെയ്യാനാവൂ എന്ന പൊതുബോധം ജനത്തിലുണ്ട്. നാട് നേരിടേണ്ടി വന്ന കെടുതികള്‍ അതിന്റെ ഭാഗമായുണ്ടായ പ്രത്യാഘാതങ്ങള്‍, അതിനെ അതിജീവിക്കാൻ നടത്തിയ ശ്രമം എല്ലാം നാടും നാട്ടുകാരും കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

ഒരു വലിയ രാഷ്ട്രീയ പോരാട്ടമാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിൽ നടന്നത്. ഇന്നത്തെ വിജയം നാട്ടിലെ ജനത്തിന്റെ വിജയമാണ്. ഇതിന്റെ നേരവകാശികള്‍ കേരള ജനതയാണ്. തെരഞ്ഞെടുപ്പ് വന്നപ്പോഴും തുടക്കത്തിലും മധ്യത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും വോട്ടെണ്ണുന്നതിന് തൊട്ടുമുൻപിലും എല്ലാം ഒരേ നിലയാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ആവര്‍ത്തിച്ചത്. അത്തരമൊരു നിലപാട് എന്തുകൊണ്ടാണ്, എന്താണ് ഇത്ര വലിയ ഉറപ്പ് എന്നൊക്കെ സംശയം പ്രകടിപ്പിച്ചവരുണ്ട്. ഞങ്ങൾ ജനത്തെയും ജനം ഞങ്ങളെയും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് കഴിഞ്ഞ തവണ നേടിയതിലും കൂടുതൽ സീറ്റ് എൽഡിഎഫ് നേടുമെന്നാണ് പറഞ്ഞ മറുപടി. അത് തീര്‍ത്തും അന്വര്‍ത്ഥമാകും വിധമാണ് തെരഞ്ഞെടുപ്പ് ഫലം.

തെരഞ്ഞെടുപ്പ് ഫലത്തിന്റെ വിശദമായ കണക്കിലേക്കും വിശകലനത്തിലേക്കും ഇപ്പോള്‍ പോകുന്നില്ല. അത് പിന്നീട് നടത്താം. എന്നാൽ കേരളത്തിൽ തെരഞ്ഞെടുപ്പ് അന്തരീക്ഷം വന്നതോടെ നാടിന്റെയാകെ നില അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കങ്ങളും ശ്രമങ്ങളും ഉണ്ടായി. പല രീതിയിലുള്ള ആക്രമണം ഉണ്ടായത് ഒരു ഭാഗം. നമുക്ക് നേരിടേണ്ടി വന്ന ഒരുപാട് പ്രതിസന്ധികളുണ്ട്. അതിനെയെല്ലാം മറികടന്നുകൊണ്ടാണ് നമുക്ക് മുന്നോട്ട് പോകേണ്ടിയിരുന്നത്. ആ കാര്യത്തിൽ ജനം പൂര്‍ണമായും എൽഡിഎഫിന് ഒപ്പമുണ്ടായി. അതുകൊണ്ടാണ് എല്ലാത്തിനെയും പ്രതിരോധിക്കാനും അതിജീവിക്കാനും സാധിച്ചത്.

രാഷ്ട്രീയ ചരിത്രം തിരുത്തി കേരളം വീണ്ടും ഇടതുമുന്നണിക്ക് അനുകൂലമായി വിധിയെഴുതി. ഈ സന്തോഷമാണ് പങ്കുവെക്കാനുള്ളത്. പക്ഷേ ഇത്തരമൊരു വലിയ സന്തോഷം ആഘോഷിക്കാനുള്ള സമയമല്ല ഇത്. സമയം അനുയോജ്യമല്ലാത്തതിനാൽ  വലിയ തോതിൽ ആഘോഷത്തിന് തയ്യാറെടുത്തവരടക്കം ആഘോഷ കാര്യത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ്. അതിന് കാരണം കൊവിഡ് വ്യാപനമാണ്.

സമൂഹമെന്ന നിലയിൽ നമ്മള്‍ സ്വീകരിക്കുന്ന മുൻകരുതൽ എല്ലാവരും പൊതുവെ അംഗീകരിക്കുകയും നടപ്പാക്കുകയും വേണം. അല്ലെങ്കിൽ വലിയ ഭവിഷ്യത്ത് നമ്മളെ കാത്തിരിക്കും.നാളെ സമ്പൂര്‍ണ നിയന്ത്രണം ഇല്ല. എന്നാൽ, സ്വയം നിയന്ത്രണങ്ങളിൽ ഒരു കുറവും വരുത്താൻ പാടില്ല. എവിടെയും ജനക്കൂട്ടം കൂടിനിൽക്കരുത്. അത് പ്രത്യേകം ശ്രദ്ധിക്കണം.

സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളോട് യാന്ത്രികമായല്ല പ്രതികരിക്കേണ്ടത്. ഇത് സ്വന്തം ആവശ്യമാണെന്ന് കണ്ട് ഓരോരുത്തരും നിയന്ത്രണത്തിന്റെ ഭാഗമാകണം. ഇന്നത്തെ ദിവസം വലിയ ആഘോഷങ്ങള്‍ നാടാകെ നടക്കേണ്ട ദിവസമാണ്. എന്നാൽ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി അത്തരം ആഘോഷം ഒഴിവാക്കാൻ കേരള ജനത തയ്യാറായത് അഭിമാനാര്‍ഹമാണ്.

ആ ജനം ഇനിയും എൽഡിഎഫിനൊപ്പമുണ്ടെന്നാണ് ജനവിധി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതാണ് ഫലം. നാം ഒരു സംസ്ഥാനമെന്ന നിലയിൽ നേരിടുന്ന പ്രശ്നങ്ങളുണ്ട്. അവ പരിഹരിക്കുന്നതിന് എൽഡിഎഫിനാണ് കഴിയുകയെന്ന പൊതുബോധ്യം ജനത്തിനുണ്ടായെന്ന് കൂടിയാണ് ഫലം വ്യക്തമാക്കുന്നത്. കേരളത്തിന് ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരുപാട് പ്രശ്നം നമ്മളെ ബാധിക്കുന്നുണ്ട്.

നിരവധി പ്രശ്നങ്ങളിൽ നമ്മുടെ താത്പര്യം സംരക്ഷിക്കേണ്ടതുണ്ട്. അവ നേടിയെടുക്കണമെങ്കിൽ എൽഡിഎഫിനേ എന്തെങ്കിലും ചെയ്യാനാവൂ എന്ന പൊതുബോധം ജനത്തിലുണ്ട്. നാട് നേരിടേണ്ടി വന്ന കെടുതികള്‍ അതിന്റെ ഭാഗമായുണ്ടായ പ്രത്യാഘാതങ്ങള്‍, അതിനെ അതിജീവിക്കാൻ നടത്തിയ ശ്രമം എല്ലാം നാടും നാട്ടുകാരും കണ്ടതാണ്.

എൽഡിഎഫ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ ആപത്ഘട്ടത്തിൽ നാടിനെ എങ്ങിനെ നയിക്കുന്നുവെന്ന് നേരിട്ട് അനുഭവമുള്ളവരാണ് ജനം. അതിലൂടെയാണ് നാടിന്റെ ഭാവിക്ക് ഇടത് തുടര്‍ഭരണം വേണം, കേരളത്തിന്റെ വികസനത്തിന് തുടര്‍ഭരണം വേണമെന്ന നിലപാട് ജനം സ്വീകരിച്ചത്. നാട്ടിൽ ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്.

നാടിന്റെ വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. അതിന് കൂടുതൽ തൊഴിൽ അവസരം ഇവിടെയുണ്ടാകണം. നേരത്തെ ഇടത് സര്‍ക്കാ‍ര്‍ ആരംഭിച്ച ഈസ് ഓഫ് ഡൂയിങ് ബിസിനസിലൂടെയാണ് നാടിന്റെ വ്യാവസായി അന്തരീക്ഷം മാറുക. ഇക്കാര്യത്തിൽ ഇടതുപക്ഷം പ്രകടനപത്രികയിൽ ഏതെല്ലാം തരത്തിൽ മാറ്റം വരുത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് വെറും വീഴ്വാക്കല്ലെന്ന് ജനം പൂര്‍ണമായി ഉള്‍ക്കൊള്ളുന്നു. എൽഡിഎഫ് നടപ്പാക്കാൻ കഴിയുന്നതേ പറയൂ, പറയുന്നത് നടപ്പാക്കും എന്ന ഉറച്ച വിശ്വാസം ജനത്തിനുണ്ട്.

അത് മാധ്യമങ്ങള്‍ നടത്തിയ പ്രചാരണത്തിന്റെ ഭാഗമായുണ്ടായതല്ല. ഈ നാട്ടിൽ ജീവിക്കുന്ന കുഞ്ഞുങ്ങളടക്കം എല്ലാവര്‍ക്കുമുള്ള അനുഭവവും ബോധ്യവുമാണ്. അതുകൊണ്ടാണ് നാടിന്റെ ഭാവി താത്പര്യത്തിന് എൽഡിഎഫ് തുടര്‍ ഭരണം വേണമെന്ന് ജനം തീരുമാനിച്ചത്. വർഗീയത വളർത്താൻ ചില ഭാഗത്തു നിന്നും ശ്രമം ഉണ്ടായി.ഇതിനെ ചെറുക്കാൻ LDF ഉണ്ടായത് കൊണ്ടാണ് വലീയ സംഘർഷങ്ങൾ ഇല്ലാതിരുന്നത്.

നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കലും പ്രധാനമാണ്. അതിനെതിരെ ഒട്ടേറെ വെല്ലുവിളി ഉയരുന്ന സമയമാണിത്. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത സമീപനം കേരളത്തിലുണ്ടാകണം. ഇതെല്ലാ മതനിരപേക്ഷ വാദികളും ചിന്തിക്കുന്നതാണ്. നമ്മുടെ നാട്ടിലും വര്‍ഗീയ ശക്തികളുണ്ട്. അവരുടെ തനത് രീതികള്‍ കേരളത്തിലും ഉയര്‍ത്തിക്കൊണ്ടുവരാൻ അവര്‍ ആഗ്രഹിക്കുകയും, ചില ശ്രമം വിവിധ ഘട്ടങ്ങളിൽ ഉണ്ടായിട്ടുമുണ്ട്. അതിനോടൊന്നും വിട്ടുവീഴ്ച ചെയ്യാത്ത സര്‍ക്കാര്‍ ഇവിടെയുണ്ടായി എന്നതാണ് ഭീതിജനകമായ ഒരു വര്‍ഗീയ സംഘര്‍ഷവും കേരളത്തിൽ ഉയര്‍ന്നുവരാതിരിക്കാൻ കാരണം. മതനിരപേക്ഷതയുടെ വിളനിലമായി കേരളത്തെ നിലനിര്‍ത്തിയതും ഇതാണ്.

നമ്മുടെ സമൂഹത്തിലെ മഹാ ഭൂരിപക്ഷം മതനിരപേക്ഷ ചിന്താഗതിക്കാരാണ്. മതനിരപേക്ഷത സംരക്ഷിക്കാൻ ഇടത് തുടര്‍ ഭരണം ആവശ്യമാണെന്ന നിലപാട് അവരെല്ലാം സ്വീകരിച്ചു. നാട് വലിയ തോതിൽ സാമ്പത്തികമായി മെച്ചപ്പെട്ടതല്ല. എന്നാൽ ജീവിത നിലവാരം നോക്കിയാൽ വല്ലാതെ തകര്‍ന്നുപോയതുമല്ല. ആ ജീവിത നിലവാരം ആ രീതിയിൽ നിലനിര്‍ത്താൻ സര്‍ക്കാര്‍ വഹിച്ച പങ്കുണ്ട്. അത് ജനക്ഷേമം മുൻനിര്‍ത്തി സ്വീകരിച്ച നടപടിയാണ്. 

അത്തരം നടപടികളുടെ ഭാഗമായി കേരളത്തിലെ ഏറ്റവും ദരിദ്രരായവരടക്കം സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി. ഇത് ഇടതുമുന്നണിക്കേ ചെയ്യാനാവൂ എന്നും തങ്ങള്‍ക്ക് ഇന്നത്തെ പോലെ ക്ഷേമത്തോടെ ജീവിക്കാൻ ഇടതുപക്ഷത്തിന്റെ തുടര്‍ ഭരണം വേണമെന്നും സാധാരണക്കാര്‍ കരുതി.

പൊതുവെ സംസ്ഥാനത്താകെ എല്ലാ പ്രദേശത്തും എല്ലാ ജനവിഭാഗത്തിലും എല്ലാ കുടുംബങ്ങളിലും ഇതുണ്ടായി. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിൽ തുടര്‍ന്നാലാണ് സാമൂഹ്യനീതി ശരിയായി നടപ്പാക്കുന്ന നിലയുണ്ടാവുകയെന്നതും ജനം പൂര്‍ണമായി ഉള്‍ക്കൊണ്ടു. ഈ മഹാവിജയം കേരളത്തിലെ ജനങ്ങള്‍ക്ക് വിനയപൂര്‍വം സമര്‍പ്പിക്കുന്നു. കേരളം മാറിമാറി സര്‍ക്കാരുകളെ പരീക്ഷിക്കുന്ന ഒരു സംസ്ഥാനമായിരുന്നു. ഇതൊരു സ്വാഭാവിക പ്രക്രിയയായി ചിലര്‍ കരുതി. അത് തിരുത്തുന്ന നില കൂടിയാണ് ഇത്.

ഇവിടെ ബിജെപി എന്തോ മഹാവിജയം നേടിക്കളയുമെന്ന മട്ടിലാണ് പുറപ്പെട്ടത്. എന്തൊക്കെ അവകാശവാദം ഉന്നയിച്ചെന്നൊന്നും ഇപ്പോൾ പറയുന്നില്ല. സര്‍ക്കാര്‍ രൂപീകരിക്കുന്നതിലേക്കടക്കം തങ്ങള്‍ നീങ്ങുന്നുവെന്ന പ്രഖ്യാപനം ബിജെപി നേതാക്കളിൽ നിന്നുണ്ടായി. അതിന് സാധാരണ ഭൂരിപക്ഷം ആവശ്യമില്ലെന്ന നില വരെയെത്തി. എന്തോ കുറേ സീറ്റുകള്‍ അവര്‍ നേടാൻ പോകുന്നുവെന്ന ധാരണയാണ് അവരിവിടെ സൃഷ്ടിച്ചത്. അതിന് അവര്‍ നടത്തിയ പ്രചാരണവും മാധ്യമങ്ങള്‍ മുഖേന നടത്തിയ പ്രചാരണവും ഉണ്ട്. പൊതുപ്രതീതി സൃ,ഷ്ടിക്കാനാണ് ശ്രമിച്ചത്.

ഇപ്പൊ അവര്‍ക്കിവിടെയുള്ള അക്കൌണ്ട്, നേമത്തെ വിജയം അവരുടെ ശക്തി കൊണ്ടായിരുന്നില്ല. ആ അക്കൗണ്ട് ഈ തെരഞ്ഞെടുപ്പിൽ ക്ലോസ് ചെയ്യും എന്ന് പറഞ്ഞിരുന്നു. വാശിയോടെ ബിജെപിയെ ഇവിടെ നല്ല നിലയിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനം അവര്‍ നടത്തി. ഒരു പാര്‍ട്ടി അവരുടെ പാര്‍ട്ടിയെ വിജയിപ്പിക്കാൻ പ്രചാരണം നടത്തുന്നതിൽ ആശ്ചര്യമില്ല. ബിജെപിയുടെ പ്രമുഖരായ എല്ലാ നേതാക്കളും ഈ തെരഞ്ഞെടുപ്പിന് കേരളത്തിൽ വലിയ തോതിൽ സമയം ചെലവാക്കി. പണം ചെലവഴിച്ച കാര്യത്തിൽ നല്ല രീതിയിൽ തന്നെ അവര്‍ക്ക് മുന്നോട്ട് പോകാനായി. ആര്‍ക്കും ആ കാര്യത്തിൽ അവരോട് മത്സരിക്കാനാവില്ല.

സാധാരണ ഗതിയിൽ അവരുടെ രീതി വെച്ച് പ്രവര്‍ത്തിക്കാനേ അവര്‍ക്ക് കഴിയൂ. അത് വര്‍ഗീയതയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. കേരളീയ സമൂഹത്തിന് അത് അംഗീകരിക്കാനാവില്ലെന്ന നിലപാട് കേരളീയ സമൂഹം ചോദ്യത്തിനിടയില്ലാതെ വ്യക്തമാക്കി. അത് തിരിച്ചറിഞ്ഞാൽ നല്ലത്. പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ നാടിന്റെ മുന്നോട്ട് പോക്കിന് വികസന ക്ഷേമ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്. ഇത് സ്തംഭിച്ചാൽ നാടിന്റെ ഭാവിക്ക് വലിയ തടസവും പ്രതിബന്ധവും ഉണ്ടാകും. അത് നാട് ആഗ്രഹിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ നിറവേറ്റുകയാണ് പ്രധാനം. ഈ ഘട്ടത്തിൽ കേരളത്തിലെ ജനത്തിന് നൽകാനുള്ള ഉറപ്പ്, ഈ വിഷമ സന്ധിയിലും വികസന-ക്ഷേമ പ്രവര്‍ത്തനം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകും എന്നാണ്.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേന്ദ്ര ഏജൻസികള്‍ വന്നു. സാധാരണ നിലയിൽ ഒരു  ഏജൻസി ധര്‍മ്മം അനുസരിച്ചുള്ള കാര്യങ്ങളാണോ ഇവിടെ ചെയ്തത്? നിലവിലെ നിയമ വ്യവസ്ഥയ്ക്ക് എതിരായ കാര്യം നടക്കുമ്പോ, സംസ്ഥാനത്തിന്റെ പൊതുവായ കാര്യം സ്തംഭിപ്പിക്കാനും ശ്രമിക്കുമ്പോ നാട് ഒറ്റക്കെട്ടായി നിൽക്കേണ്ടേ. എൽഡിഎഫിനോട് എതിര്‍പ്പുള്ളത് കൊണ്ട് നാടിനെതിരായ നിലപാട് പ്രതിപക്ഷം സ്വീകരിക്കാമോ. അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് കേരളത്തിലെ പ്രതിപക്ഷം തയ്യാറായത്. അതിനോടൊപ്പം തങ്ങളില്ലെന്നാണ് ജനം വ്യക്തമാക്കിയത്. അത് മനസിലാക്കിയാൽ നല്ലതാണ്.

സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി നടത്തിയ പ്രവര്‍ത്തനം, അതിനെയാകെ കരിവാരിത്തേക്കുക. തെറ്റായ ചിത്രം മറ്റൊരു രീതിയിൽ വരച്ചുകാട്ടുക, അതിന് വേണ്ടി ഇല്ലാക്കഥകള്‍ മെനയുക, പ്രചരിപ്പിക്കുക. ഇത്തരത്തിൽ വലതുപക്ഷ മാധ്യമങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചു. യുഡിഎഫ് ഘടകകക്ഷിയേക്കാള്‍ മേലെ നിന്ന് പ്രവര്‍ത്തിക്കാൻ തയ്യാറായ ചില മാധ്യമങ്ങളും ഇവിടെയുണ്ടായില്ലേ. അത്തരം മാധ്യമങ്ങള്‍ എങ്ങിനെ എൽഡിഎഫിനെ അപകീ‍ര്‍ത്തിപ്പെടുത്താമെന്ന ഗവേഷണത്തിൽ ഏര്‍പ്പെട്ടില്ലേ. അതിന്റെ ഭാഗമായി എന്താണ് ഈ മാധ്യമങ്ങള്‍ ചിന്തിച്ചത്.

ആ മാധ്യമ മേലാളന്മാര്‍ ചിന്തിച്ചത്, തങ്ങള്‍ക്കുള്ള സ്വാധീനം ഉപയോഗിച്ച്  രാഷ്ട്രീയ കാര്യങ്ങള്‍ തങ്ങള്‍ തീരുമാനിക്കുമെന്ന നിലയാണ് സ്വീകരിച്ചത്. തങ്ങളുടെ കൈയ്യിലാണ് മുഴുവൻ കാര്യവുമെന്ന് ധരിക്കരുത്. ഒരു മാധ്യമത്തിന്റെയും പേരെടുത്ത് പറയാത്തത് എന്റെ മര്യാദ കൊണ്ടാണ്. സ്വയം വിമര്‍ശന പരമായി മാധ്യമങ്ങള്‍ ഇക്കാര്യം പരിശോധിക്കണം. നിങ്ങളുടെ കൈയിലല്ല നാടെന്ന് ജനം നിങ്ങളോട് പറഞ്ഞിരിക്കുന്നു. നിങ്ങള്‍ പറയുന്നതെന്തും വിഴുങ്ങുന്നവരല്ല ജനം. എല്ലാ മാധ്യമങ്ങളെയുമല്ല പറയുന്നത്. ചില വലതുപക്ഷ മാധ്യമങ്ങള്‍ നാടിന്റെ പുരോഗതിയെ തടയാനാണ് ശ്രമിക്കുന്നത്. നാടിന്റെ താത്പര്യം സംരക്ഷിക്കാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. നിങ്ങളുടെ സമീപനം ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ജനം തയ്യാറായിട്ടില്ല. ഇനിയെങ്കിലും ആലോചിച്ചാൽ നല്ലത്. നാടിനോട് തെല്ലെങ്കിലും താത്പര്യമുണ്ടെങ്കിൽ നാടിന്റെ പുരോഗതിക്കുതകുന്ന കാര്യങ്ങള്‍ക്ക് ഹാനികരമായ നിലപാട് സ്വീകരിക്കരുത്.

Follow Us:
Download App:
  • android
  • ios