2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുവേണ്ടി ചാലക്കുടി പിടിക്കാൻ വെള്ളിത്തിരയിലെ മിന്നും താരം ഇറങ്ങിയപ്പോൾ വിമർശനങ്ങൾ ഏറെയായിരുന്നു. രാഷ്ട്രീയം സിനിമാക്കാരന് ചേരുന്ന പണിയല്ല. താരപ്രഭയ്ക്ക് വോട്ടുവീഴാൻ ഇത് തമിഴ്നാടും കർണ്ണാടകയും ഒന്നുമല്ല. വിണ്ണിലെ താരത്തിന് മണ്ണിലെ  സാധാരണക്കാരന്‍റെ ജീവിതപ്രശ്നങ്ങൾ മനസിലാകുമോ? എന്നൊക്കെ പലരും പറഞ്ഞു. സിനിമയുടെ വെള്ളിവെളിച്ചം മുറിച്ചുകടക്കാനാകാത്ത ഒരാളായി ഇന്നസെന്‍റിനെ ഭൂരിപക്ഷം പേരും മുൻവിധിയോടെ കണ്ടു. പക്ഷേ പിസി ചാക്കോയെന്ന കോൺഗ്രസിലെ അതികായനെ അട്ടിമറിച്ച്  ഇന്നസെന്‍റ് ചാലക്കുടിയിൽ നിന്ന് ലോക്സഭയിലെത്തി. അഞ്ച് വർഷത്തിനിപ്പുറം തന്‍റെ വികസന നേട്ടങ്ങളെക്കുറിച്ച് ഇന്നസെന്‍റ് എംപി സംസാരിക്കുന്നു.

പ്രധാന വികസന നേട്ടങ്ങൾ

ആരോഗ്യമേഖല ആയിരുന്നു ആദ്യ പരിഗണന

ആരോഗ്യമേഖലയിൽ നടപ്പാക്കിയ പദ്ധതികളാണ് തന്‍റെ നേട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഇന്നസെന്‍റ് എംപി പറഞ്ഞു. അർബുദത്തെ പുഞ്ചിരിയോടെ ചെറുത്തു തോൽപ്പിച്ച ഇന്നസെന്‍റിന് ക്യാൻസർ പരിശോധനയ്ക്കും ചികിത്സയ്ക്കും കൂടുതൽ സൗകര്യങ്ങൾ തന്‍റെ മണ്ഡലത്തിൽ എത്തിക്കുക എന്നത് ഒന്നാമത്തെ പരിഗണന ആയിരുന്നു. അഞ്ച് താലൂക്ക് ആശുപത്രികളാണ് ചാലക്കുടി ലോക്സഭാ മണ്ഡലത്തിലുള്ളത്. ആ അഞ്ച് കേന്ദ്രങ്ങളിലും മാമോഗ്രാം യൂണിറ്റുകളും ഡയാലിസിസ് യൂണിറ്റുകളും എംപിയുടെ മുൻകൈയ്യെടുത്ത് സ്ഥാപിച്ചു.

മുമ്പ് മാമോഗ്രാം പരിശോധനയ്ക്ക് ആളുകൾ സ്വകാര്യ ആശുപത്രികളിൽ പോകണമായിരുന്നു. ഇവിടങ്ങളിൽ യൂണിറ്റ് തുടങ്ങിയ ശേഷം ഇരുന്നൂറോളം പേരെ രോഗബാധിതരായി കണ്ടെത്തിയിരുന്നു. കരയാംപറമ്പിലുള്ള അജിത എന്ന സ്ത്രീയെ ഇന്നസെന്‍റ് ഓർത്തെടുക്കുന്നു, 'അവരൊരു വനിതാസംരംഭകയായിരുന്നു.  പേരക്കുട്ടിയെ ഡോക്ടറെ കാണിക്കാനെത്തിയപ്പോൾ വെറുതെ പരിശോധന നടത്തിയതാണ്, അവർക്ക് സ്തനാർബുദമുള്ളതായി കണ്ടെത്തി. ഉടനെ ചികിത്സ ആരംഭിച്ചത് കൊണ്ട് അജിതയ്ക്ക് സുഖം പ്രാപിക്കാനായി' ഒരു പൊതുപരിപാടിക്കിടെ അജിത തന്‍റെ അടുത്തെത്തി നന്ദി പറഞ്ഞത് ചാലക്കുടിയുടെ എംപി വലിയ അംഗീകാരമായിക്കാണുന്നു.

ടെക്നോളജി സെന്‍റർ, അടിസ്ഥാന വികസനം

കേന്ദ്രസർക്കാരിന്‍റെ ടെക്നോളജി സെന്‍റർ അങ്കമാലിയിലെത്തിച്ചത് തന്‍റെ മറ്റൊരു വലിയ നേട്ടമായി ഇന്നസെന്‍റ് കാണുന്നു. ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായ മന്ത്രാലയത്തിന്‍റെ കീഴിൽ കേരളത്തിന് ആദ്യത്തെ ടെക്നോളജി സെന്‍റർ നൽകുന്നത് ചാലക്കുടി ലോക്സഭാ മണ്ഡലത്തിലാണ്. ടെക്നോളജി സെന്‍ററിന്‍റെ നിർമാണം ആരംഭിക്കാൻ സാധിച്ചു.

ഗ്രാമീണ റോഡ് വികസനത്തിനുള്ള കേന്ദ്ര ഗവൺമെന്‍റിന്‍റെ പദ്ധതിയാണ് പിഎസ്ജിഎസ്‍ഐ. ആ പദ്ധതിയുടെ കീഴിൽ ഒരു പാലം ആദ്യമായി അനുവദിച്ച് കിട്ടുന്നത് ചാലക്കുടിയിലാണ്. കേന്ദ്ര റോഡ് ഫണ്ടിന് കീഴിൽ 112 കോടി രൂപയുടെ പുതിയ റോഡുകൾ നിർമിക്കപ്പെട്ടു. അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കാനും സാധിച്ചു. 

ആലുവ കാലടി റൂട്ടിൽ പുറയാർ മേൽപ്പാലത്തിന് അനുമതി ലഭിച്ചു. സർക്കാർ 47 കോടി രൂപ അനുവദിക്കുകയും ചെയ്തു.

തെരെഞ്ഞെടുക്കപ്പെട്ട 75 സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിച്ചു. പതിനഞ്ചോളം സ്കൂളുകളിൽ കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ എന്നിവ നിർമിച്ച് നൽകി. ഗ്രാമീണമേഖലകളിലും നാൽക്കവലകളിലും ഹൈമാസ്റ്റ് ലൈറ്റുക‌ൾ സ്ഥാപിക്കുന്നതിനായി തയ്യാറാക്കിയ നാട്ടുവെളിച്ചം പദ്ധതി പ്രകാരം 100 ൽ പരം കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുക‌ൾ സ്ഥാപിച്ചു.

കർഷകർക്ക് തുണയായ നട്മെഗ് പാർക്ക്

ജാതി കർഷകർ ഏറ്റവും കൂടുതലായുള്ള മണ്ഡലമാണ് ചാലക്കുടി. ജാതി കർഷകർക്ക് വേണ്ടി ഉണ്ടാക്കിയ പ്രോജക്റ്റാണ്  ജാതിക്കയിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുക എന്നുള്ളത്. ആ പദ്ധതി കേരള സർക്കാരിനും കേന്ദ്ര ഗവൺമെന്‍റിനും സമർപ്പിച്ചു. ആ പ്രോജക്റ്റ് നടന്നു കൊണ്ടിരിക്കുകയാണ്.

വലിയ നേട്ടം ഇതൊന്നുമല്ലെന്ന് ഇന്നസെന്‍റ്

ചാലക്കുടിയിൽ നാഗത്താൻ പാറ എന്നൊരു പട്ടികജാതി കോളനി ഉണ്ട്. അവിടെ കറന്‍റ് എത്തിയിട്ടില്ലായിരുന്നു എന്നത് തനിക്ക് വലിയ സങ്കടമായിരുന്നുവെന്ന് ഇന്നസെന്‍റ്. നാഗത്താൻ പാറ കോളനിയിൽ ആകെ  20 കുടുംബങ്ങളാണ് ഉള്ളത്. എല്ലാ വീടുകളിലുമായി ഏതാണ്ട് നൂറോളം ആളുകൾ. രാത്രി കാലങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകാൻ സാധ്യത ഉള്ളതുകൊണ്ട് കൊണ്ട് ഈ സാധുക്കൾ എന്നും മലയിറങ്ങി വന്ന് താഴെ ബന്ധു വീടുകളിലൊക്കെയാണ് താമസിച്ചിരുന്നത്.തലമുറകളായി അതവരുടെ ശീലമായിരുന്നു. അവിടേക്ക് കറന്‍റ് എത്തിക്കാനായതാണ് തന്‍റെ വലിയ നേട്ടമെന്ന് ഇന്നസെന്‍റ് പറയുന്നു. 'അത് വലിയ അടങ്കലുള്ള പദ്ധതിയൊന്നും അല്ലായിരുന്നു. ഒരു  മൂന്നരക്കോടി രൂപയുടെ പദ്ധതി.. എങ്കിലും അതുണ്ടാക്കിയ സന്തോഷം ചെറുതായിരുന്നില്ല..' ഇന്നസെന്‍റ് എംപി പറയുന്നു.  

നടപ്പാക്കാൻ കഴിയാതെ പോയ പദ്ധതികൾ

ഇന്നസെന്‍റ് എംപി സ്വന്തം നിലയിൽത്തന്നെ ആവിഷ്കരിച്ച് കേന്ദ്ര ഗവൺമെന്‍റിന് മുന്നിൽ വെച്ചതാണ് അതിരപ്പള്ളി ടൂറിസം സർക്യൂട്ട് പ്രോജക്റ്റ്. അതു പോലെ തന്നെയാണ് കാലടി തീർത്ഥാടകരെ സഹായിക്കാനുള്ള പ്രോജക്റ്റും. വളരെ കഷ്ടപ്പെട്ട് കേന്ദ്ര ഗവൺമെന്‍റിന് മുന്നിൽ ഇത് സമർപ്പിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ വലിയ പരിശ്രമവും നടത്തി. മലയാളിയായ ഒരു ടൂറിസം മന്ത്രി കേരളത്തിനുണ്ടായിട്ട് പോലും ഇതിന് അനുമതി കിട്ടിയില്ല. അത് സാധിച്ച് കിട്ടുന്നതിനായുള്ള ശ്രമം ഇപ്പോഴും തുടരുന്നുണ്ടെന്നും ഇന്നസെന്‍റ്.

അഞ്ചുകൊല്ലത്തിനിടെ നേരിട്ട വലിയ വെല്ലുവിളി

ഏറ്റവും വലിയ വെല്ലുവിളി റയിൽവേ വികസനത്തിന്‍റെ കാര്യത്തിൽ കേന്ദ്രസർക്കാർ കാട്ടിയ അവഗണന ആയിരുന്നുവെന്ന് ചാലക്കുടി എംപി പറയുന്നു.  മുന്നോട്ട് വെച്ച പദ്ധതികളോടെല്ലാം  കേന്ദ്രത്തിന് കടുത്ത അവഗണന തന്നെയായിരുന്നു. സ്റ്റേഷനുകളിൽ അടിസ്ഥാനസൗകര്യ വികസനം വേണമെന്നും കൂടുതൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. അതൊന്നും ഫലം കാണാതിരുന്നപ്പോൾ റെയിൽവേ വികസനത്തിന് വേണ്ടിചാലക്കുടി റെയിൽവേ സ്റ്റേഷന്‍റെ മുന്നിൽ സമരം വരെ നടത്തേണ്ടി വന്നു. പക്ഷേ സമർപ്പിച്ച പദ്ധതികൾക്ക് റെയിൽവേ മന്ത്രാലയം അനുമതി നൽകിയില്ല.  അതിനുള്ള തുടർശ്രമങ്ങൾ തുടർന്നും അവസാനിപ്പിക്കില്ലെന്നും ഇന്നസെന്‍റ് എംപി പറയുന്നു.

ചാലക്കുടിയുടെ പുതിയ എം പി ആദ്യം ഏറ്റെടുക്കേണ്ടത്

'അത് സ്വാഭാവികമായും ആദ്യം പറഞ്ഞ, നടക്കാതെ പോയ ആ രണ്ട് പദ്ധതികൾ തന്നെയാണ്' ഇന്നസെന്‍റിന്‍റെ ഉത്തരം ഒട്ടും താമസിച്ചില്ല. അതിരപ്പള്ളി ടൂറിസം സർക്യൂട്ട് പ്രോജക്ടും അത് പോലെത്തന്നെ കാലടി തീർത്ഥാടക പ്രോജക്ടും. അത് മണ്ഡലത്തിന്‍റെ വികസനത്തിന് വലിയ ആവശ്യമാണെന്ന് ഇന്നസെന്‍റ്.

ഇനിയും ഒരങ്കത്തിനില്ലെന്ന് ഉറപ്പിച്ചോ?

സിപിഎമ്മിന്‍റെ സ്ഥാനാർത്ഥി ചർച്ച നടക്കുന്നതേയുള്ളൂ. ഇന്നസെന്‍റ് ചാലക്കുടിയിൽ മത്സരിക്കണമെന്ന് പാർട്ടി പറഞ്ഞാൽ മത്സരിക്കും. വീണ്ടും മത്സരിക്കണമെന്ന് തനിക്ക് പിടിവാശിയില്ല. പക്ഷേ മത്സരിച്ചാൽ വിജയം ഉറപ്പാണ്. 'മറ്റേത് എംപിമാരേക്കാളുമേറെ വികസന മുന്നേറ്റങ്ങൾ ചാലക്കുടി മണ്ഡലത്തിൽ കൊണ്ടുവരാനായിട്ടുണ്ട്. എനിക്കുള്ള ആത്മവിശ്വാസത്തിന്‍റെ അടിസ്ഥാനം അതുതന്നെയാണ്.' രാഷ്ട്രീയപ്രവർത്തകന്‍റെ ഗൗരവം വിടാതെ ഇന്നസെന്‍റ് പറഞ്ഞുനിർത്തി.