രാജസ്ഥാൻ: അയോധ്യയിലെ രാമക്ഷേത്രനിർമാണം സംബന്ധിച്ചുള്ള വിധി വൈകിച്ചത് കോൺഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ആൾവാറിൽ നടന്ന പ്രചാരണറാലിയിലാണ് മോദിയുടെ പുതിയ ആരോപണം. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യ കേസിൽ വിധി പറയരുതെന്ന് കോൺഗ്രസ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ ആരോപണം. 

ജഡ്ജിമാർക്കിടയിൽ ഭീതി വിതയ്ക്കുകയും ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്‍റ് കൊണ്ടുവരികയും ചെയ്തത് ഇതുകൊണ്ടാണെന്നാണ് മോദിയുടെ ആരോപണം. 

രാമക്ഷേത്രനിർമാണത്തിനായി സുപ്രീംകോടതി വിധി വരെ കാത്തിരിയ്ക്കാതെ ഉടനടി ഓർഡിനൻസ് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിഎച്ച്പിയും ആർഎസ്എസ്സും അടക്കമുള്ള ഹിന്ദു സംഘടനകളും എൻഡിഎയുമായി തെറ്റിപ്പിരിഞ്ഞ ശിവസേനയും അയോധ്യയിൽ ശക്തിപ്രകടനം നടത്തിയ അതേ ദിവസമാണ് മോദിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണവേദികളിലൊന്നിലും ഇതുവരെ അയോധ്യയെക്കുറിച്ച് മിണ്ടിയിട്ടില്ല നരേന്ദ്രമോദി. 

ബാബ്‍റി മസ്ജിദ് നിലനിന്നിരുന്ന ഭൂമി മൂന്നായി വിഭജിയ്ക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയിൽ നിലവിലുള്ള അപ്പീലുകളിൽ എന്ന് വാദം കേൾക്കുമെന്ന് ജനുവരിയിൽ തീരുമാനിയ്ക്കാമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. ഭരണഘടനാ ബഞ്ചാണോ കേസ് പരിഗണിയ്ക്കേണ്ടതെന്നുൾപ്പടെയുള്ള കാര്യങ്ങൾ അപ്പോഴേ കോടതി തീരുമാനിയ്ക്കൂ. അപ്പീൽ നേരത്തേ കേൾക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തള്ളിക്കളഞ്ഞിരുന്നു. 

Read More: രാമക്ഷേത്രനിർമാണത്തിന് ഓർഡിനൻസ് വൈകരുത്; ബിജെപിയ്ക്ക് അന്ത്യശാസനവുമായി അയോധ്യയിൽ മഹാറാലികൾ