ദില്ലി: ഭോപ്പാലില്‍ പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ വിജയത്തെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ചരിത്രത്തിലാദ്യമായി ഭീകരാക്രമണക്കേസ് പ്രതിയെ ഞങ്ങള്‍ പാര്‍ലമെന്‍റിലേക്കയക്കുന്നു എന്ന് താരം ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ പുതിയ തുടക്കത്തില്‍ സന്തോഷിക്കുന്നു! ആദ്യമായി ഞങ്ങള്‍ ഭീകരാക്രമണ കേസില്‍ പ്രതിയായ ഒരാളെ പാര്‍ലമെന്‍റിലേക്ക് അയക്കുകയാണ്. ഇനി നമുക്കെങ്ങനെ പാക്കിസ്ഥാനെ കുറ്റപ്പെടുത്താനാകം?. എന്നായിരുന്നു സ്വരയുടെ ട്വീറ്റ്.

പാക്കിസ്ഥാനില്‍ ഭീകരവാദി ഹാഫിസ് സെയ്ദിന്‍റെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പാക് ജനത പ്രതിരോധിക്കുന്നു. എന്നാല്‍, ഇന്ത്യയില്‍ ഭീകരവാദികളെ അഭിമാനത്തോടെ പാര്‍ലമെന്‍റിലേക്കയക്കുകയാണെന്നും സ്വര ഭാസ്കര്‍ അഭിപ്രായപ്പെട്ടു. സംഘ്പരിവാര്‍ സംഘടനകള്‍ക്കെതിരെ മുമ്പും ശക്തമായ നിലപാട് വ്യക്തമാക്കിയ നടിയാണ് സ്വരഭാസ്കര്‍. പ്രഗ്യാ സിങ് ഠാക്കൂറിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച സമയത്ത് തന്നെ താരം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സിപിഐ യുവനേതാവ് കനയ്യകുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും താരം സജീവസാന്നിധ്യമായിരുന്നു. 

മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതിയായ പ്രഗ്യ സിങ് ഠാക്കൂര്‍ 3.5 ലക്ഷം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് അതികായന്‍ ദിഗ് വിജയ് സിങ്ങിനെ പരാജയപ്പെടുത്തിയത്. പ്രചാരണ വേളയില്‍ ഗോഡ്സെ രാജ്യസ്നേഹിയാണെന്നുള്ള പരാമര്‍ശത്തെ നരേന്ദ്രമോദിയടക്കമുള്ള നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. 2008 മാലേഗാവ് സ്ഫോടനത്തില്‍ ഒമ്പത് വര്‍ഷം തടവിലായിരുന്ന പ്രഗ്യാ സിങ് ഠാക്കൂര്‍ ഏപ്രിലിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.