Asianet News MalayalamAsianet News Malayalam

വയനാട്ടിൽ ഇത്തവണ ടി.സിദ്ദിഖ് മത്സരിയ്ക്കുമോ? സീറ്റിൽ നോട്ടമിട്ട് ഷാനിമോൾ ഉസ്മാനും രംഗത്ത്

വിവാദങ്ങൾക്കും രാഷ്ട്രീയ പോർവിളികൾക്കുമിടയിൽ സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അണിയറ നീക്കങ്ങൾ സജീവമാണ്. അങ്കത്തട്ടിൽ ആരൊക്കെ? അപ്രതീക്ഷിത സ്ഥാനാർഥികൾ ഉണ്ടാകുമോ? നാടകീയ നീക്കങ്ങൾക്കൊടുവിൽ സമവാക്യങ്ങൾ മാറുമോ? ഏഷ്യാനെറ്റ് ന്യൂസ് പരമ്പര തുടരുന്നു - കളം പിടിക്കാൻ ആരൊക്കെ?

who will contest from wayanad loksabha seat for udf
Author
Kalpetta, First Published Dec 6, 2018, 1:20 PM IST

കൽപറ്റ: എം.ഐ.ഷാനവാസിന് ശേഷം വയനാട് സീറ്റിൽ നോട്ടമിടുകയാണ് ടി.സിദ്ദിഖ്. സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുമ്പോള്‍ താനടക്കം ഈ മേഖലയിലുള്ളവരെയാണ് പരിഗണിക്കേണ്ടതെന്ന് സിദ്ദിഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുഡിഎഫിന്‍റെ ഉറച്ച കോട്ടയായ വയനാടിന് വേണ്ടി ഷാനിമോൾ ഉസ്മാനടക്കം പ്രമുഖനേതാക്കൾ രംഗത്തുണ്ട്. 

യുഡിഎഫിന്‍റെ ഉറച്ച കോട്ടയായ മണ്ഡലം

2009-ലാണ് വയനാട് മണ്ഡലം രൂപം കൊള്ളുന്നത്. മണ്ഡലപുനർനിർണയത്തിന് ശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പിൽ 1,53,439 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച എം.ഐ.ഷാനവാസിന്‍റെ ഭൂരിപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ കുത്തനെ ഇടിഞ്ഞു. 2014-ൽ എം.ഐ.ഷാനവാസിന് കിട്ടിയ വോട്ടുകൾ 20,870 മാത്രം. 

 

യുഡിഎഫിന്‍റെ ഉറച്ച കോട്ടയായ വയനാടിന് വേണ്ടി ഷാനിമോള്‍ ഉസ്മാനടക്കം പ്രമുഖ നേതാക്കള്‍ രംഗത്തുണ്ട്. വയനാട്ടില്‍ വീണ്ടുമൊരു തവണ കൂടി മല്‍സരിക്കാമെന്ന പ്രതീക്ഷയ്ക്കിടെയാണ് എം.ഐ.ഷാനവാസ് വിടവാങ്ങിയത്. ഏത് പ്രതികൂല അന്തരീക്ഷത്തിലും ജയിച്ച് കയറാവുന്ന മണ്ഡലമാണ് വയനാട്. മലപ്പുറത്തെ 3 നിയമസഭാ മണ്ഡലങ്ങള്‍ നല്‍കുന്ന വന്‍ലീഡാണിതിന് കാരണം. നിലവില്‍ ഐ ഗ്രൂപ്പിന്‍റെ കൈയിലുള്ള സീറ്റിനായി ഷാനിമോള്‍ ഉസ്മാന്‍ ശ്രമം തുടങ്ങിയിരിക്കേയാണ് ടി.സിദ്ദിഖിന്‍റെ രംഗപ്രവേശം.

''ഷാനിമോൾ ഉസ്മാനും എനിയ്ക്കും ഇവിടെ സീറ്റ് അവകാശപ്പെടാം. അവർക്കതിനുള്ള അവകാശമുണ്ട്. അതോടൊപ്പം തന്നെ ഇവിടെയുള്ള പ്രവർത്തകരുടെ വികാരങ്ങൾ കൂടി പരിഗണിക്കണം. ഈ ജില്ലയിൽ നിന്നുള്ള നിരവധി ആളുകളുണ്ട്. അവരുടെ പട്ടിക തയ്യാറാക്കുമ്പോൾ അതിൽ ഞാനും ഉൾപ്പെടാം.'' നിലവിൽ കോഴിക്കോട് ഡിസിസി പ്രസിഡന്‍റായ ടി.സിദ്ദിഖ് പറയുന്നു.

സിദ്ദിഖിന് കൂടാതെ കെപിസിസി സെക്രട്ടറി കെ.പി.അബ്ദുള്‍മജീദും സീറ്റിനായി രംഗത്തുണ്ട്. രമേശ് ചെന്നിത്തലയുടെ വലംകൈയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അമ്മാവന്‍റെ മകനുമാണ് മജീദ്.

Follow Us:
Download App:
  • android
  • ios