മലയാള സിനിമയുടെ ചരിത്രവും ചലച്ചിത്രഗാനങ്ങളുടെ സമ്പൂര്‍ണ്ണ വിവരങ്ങളും സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന എം3ഡിബിയുടെ ഫേസ്ബുക്ക് ഗ്രൂപ്പ് ഇനി പബ്ലിക്‌ ഗ്രൂപ്പ്. പ്രൈവറ്റ് ഗ്രൂപ്പായിരുന്ന എം3ഡിബി പബ്ലിക് ആയതോടെ ആര്‍ക്കും ഇതില് ചേരാനാകും.

ഇപ്പോള്‍ 20094 ഗാനങ്ങളുടെ വരികളും 6259 സിനിമകളെയും ആല്‍ബങ്ങളെയും 40711 സിനിമാകലാകാരന്മാരെയും പറ്റിയുമുള്ള വിവരങ്ങള്‍ സൈറ്റില്‍ ലഭ്യമാണ്. സ്വതന്ത്ര ഗാനങ്ങൾ ലളിതമായി തയ്യാറാക്കി ആസ്വാദകർക്ക് സൗജന്യമായി കേൾക്കാൻ നൽകുന്ന പദ്ധതിക്കും എം3ഡിബി തുടക്കമിട്ടിട്ടുണ്ട്.  പബ്ലിക് ഗ്രൂപ്പ് ഉദ്ഘാടനം ചെയ്‍തത് സംവിധായകൻ ദിലീഷ് പോത്തനാണ്. ഇപ്പോഴുള്ളത് പോലെ തന്നെ, ഗോസിപ്പുകള്‍ക്കും ഫാന്‍ ഫൈറ്റുകള്‍ക്കുമൊക്കെ സ്ഥാനമില്ലാത്ത ഒരു സിനിമാ സംസ്ക്കാര ചർച്ചാ ഗ്രൂപ്പായി, വിവരശേഖര ഇടമായി എം3ഡിബി നിലനില്‍ക്കുമെന്നും കൂടുതൽ ഉയരങ്ങളിലേക്ക് വളരുമെന്നും ദിലീഷ് പോത്തൻ പറഞ്ഞു. മലയാള സിനിമയുടെ പ്രാരംഭ ഘട്ടം മുതല്‍ ഇന്ന് വരെയുള്ള സിനിമകളുടെ സമ്പൂർണ്ണ വിവരങ്ങളോടൊപ്പം സിനിമാ ഗാനസാഹിത്യത്തെക്കുറിച്ചും അതിന്റെ പിന്നണി പ്രവർത്തകരെപ്പറ്റിയും എം3ഡിബി ഡാറ്റാബേസിലുംഫേസ്ബുക്ക് ഗ്രൂപ്പിലുമായി ശേഖരിക്കപ്പെടുന്ന അപൂർവ്വങ്ങളായ അറിവുകൾ ഒരു പ്രൈവറ്റ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താതെ ഒാരോ സിനിമാ സംഗീത സ്നേഹിയിലേക്കും എത്തിച്ചേരാൻ സഹായകമാവുന്ന നീക്കത്തിന്, എം3ഡിബിയുടെ പബ്ലിക് ഗ്രൂപ്പിന് , ആശംസകൾ എന്നും ദിലീഷ് പോത്തൻ എഴുതി.