കൊച്ചി: കൊവിഡ് ബാധിച്ച മകന്‍ രോഗമുക്തി നേടിയതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ എം പത്മകുമാര്‍. നമ്മുടെ നാടിയനെയോര്‍ത്ത് അഭിമാനമുണ്ടെന്നും ആരോഗ്യപ്രവര്‍ത്തകരോടും സര്‍ക്കാരിനോടും നന്ദി അറിയിക്കുന്നതായും പത്മകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സംവിധായകന്റെ മകനും സൃഹൃത്തും രോഗം ഭേദമായി ആശുപത്രി വിട്ടു. പാരിസില്‍ വെച്ച് രോഗബാധിതനുമായി സമ്പര്‍ക്കം ഉണ്ടായിരുന്നതിനാല്‍ സംശയം തോന്നി നാട്ടിലെത്തി ചികിത്സ തേടുകയായിരുന്നു ഇവര്‍.

'എന്റെ മകന്‍ ആകാശും അവന്റെ സഹപ്രവര്‍ത്തകന്‍ എല്‍ദോ മാത്യുവും കൊവിഡ് 19 ചികിത്സ വിജയകരമായ പൂര്‍ത്തിയാക്കിയ ശേഷം കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജായി. കൊവിഡിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാവരോടും ഒരുപാട് നന്ദിയും സ്‌നേഹവും അറിയിക്കുന്നു. ഒപ്പം, ഈ സംഘത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കും ജില്ലാ കളക്ടര്‍ എസ് സുഹാസിനും ഒരുപാട് സ്‌നേഹം. ഇത് വെറും കൃതജ്ഞത പ്രകടിപ്പിക്കാനുള്ള കുറിപ്പല്ല. എന്റെ നാടിനെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചുമുള്ള അഭിമാനക്കുറിപ്പാണ്. ജനങ്ങളോടുള്ള കരുതലിന്റെ കാര്യത്തില്‍ നമ്മുടെ നാട് ലോകത്ത് തന്നെ ഒന്നാമതാണ്'- പത്മകുമാര്‍ കുറിച്ചു.

മാര്‍ച്ച് 16നാണ് പത്മകുമാറിന്റെ മകനും സുഹൃത്തും ദില്ലിയിലെത്തിയത്. പാരിസില്‍ കൊവിഡ് ബാധിതനുമായി സമ്പര്‍ക്കമുണ്ടായിരുന്നതിനാല്‍ അധികൃതരെ വിവരമറിയിച്ചു. 12മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം 17ന് കൊച്ചിയിലെത്തി. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇരുവരും ഒരു വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. മാര്‍ച്ച് 23ന് രോഗലക്ഷണങ്ങള്‍ കണ്ടതോടെ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. മറ്റാരുമായും സമ്പര്‍ക്കമില്ലാതിരുന്നതിനാല്‍ റൂട്ട് മാപ് തയ്യാറാക്കേണ്ടി വന്നില്ല. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക