Asianet News MalayalamAsianet News Malayalam

'ചലച്ചിത്ര അക്കാദമി കള്ളം പറയുന്നതെന്തിന്? സിനിമകള്‍ കണ്ടിട്ടില്ല'; ഐഎഫ്എഫ്‍കെയ്‍ക്കെതിരെ കൂടുതല്‍ പേർ

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ സിനിമ കാണാതെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകര്‍. 

more director against International Film Festival of Kerala selection committee iffk 2023 nrn
Author
First Published Oct 21, 2023, 8:53 PM IST

28ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് സിനിമകള്‍ തെരഞ്ഞെടുത്തത് അയച്ചുകിട്ടിയ എല്ലാ എൻട്രികളും കണ്ട ശേഷമല്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. സംവിധായകൻ ഷിജു ബാലഗോപാലാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിക്കെതിരെ ഇന്നലെ ആരോപണമുന്നയിച്ചത്. വിമിയോയിലെ തെളിവുകളും അദ്ദേഹം പങ്കുവച്ചിരുന്നു. സിനിമകൾ കാണാതെ ഒഴിവാക്കുന്നത് ഗുരുതരമായ പിഴവാണെന്നും അദ്ദേഹം ആരോപിച്ചു. 

എന്നാല്‍ ഡൗണ്‍ലോഡ് ചെയ്‍തതിന് ശേഷമാണ് സിനിമകള്‍ സെലക്ഷന്‍ കമ്മിറ്റിക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ചത് എന്നായിരുന്നു ചലച്ചിത്ര അക്കാദമിയുടെ വിശദീകരണം. ഇതിനിടെ ഡൗണ്‍ലോഡ് ഒപ്ഷൻ നല്‍കാതെ സമര്‍പ്പിച്ച സിനിമകള്‍ എങ്ങനെയാണ് സെലക്ഷൻ കമ്മിറ്റി കണ്ടതെന്ന ചോദ്യവുമായി മറ്റ് സംവിധായകരും രംഗത്ത് എത്തി. സിനിമകൾ ഡൗൺലോഡ് ചെയ്‍ത് കണ്ടുവെന്ന് അക്കാദമി അംഗങ്ങൾ കള്ളം പറയുകയാണെന്നാണ് സംവിധായകൻ സിബി പടിയറയും നിര്‍മാതാവ് സന്ദീപ് ആർ സഹസ്രയും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞത്.

ചലച്ചിത്ര അക്കാദമിയുടെ വാദം കള്ളമാണെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടിയെങ്കിലും പിന്നീട് പ്രതികരണമുണ്ടായിട്ടില്ല. ഡൗൺലോഡ് ചെയ്താൽ  വിമിയോയിൽ അതറിയാൻ സാധിക്കുമെന്നും അഥവാ തങ്ങളുടെ അനുമതി ഇല്ലാതെ സിനിമകൾ ഡൗൺലോഡ് ചെയ്‍തെങ്കിൽ അത് കടുത്ത നിമയലംഘനം ആണെന്നും 'ഭൂ മൗ' ചിത്രത്തിന്റെ നിർമാതാവ് സന്ദീപ് ആർ സഹസ്ര പറയുന്നത്. ഡൗൺലോഡ് ചെയ്‍തിട്ടില്ലെന്നത് വിമിയോയിൽ വ്യക്തമാണെന്ന്  സിബി പടിയറയും പ്രതികരിച്ചു. നടി സുരഭി ലക്ഷ്‍മിക്ക് ദേശീയ അവാർഡ് ലഭിച്ച 'മിന്നാമിനുങ്ങി'ന്റെ സംവിധായകൻ അനില്‍ തോമസും ചലച്ചിത്ര അക്കാദമിക്ക് എതിരെ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.

സംവിധായകൻ സിബി പടിയറയുടെ വാക്കുകള്‍

രണ്ടേകാൽ മണിക്കൂറുള്ള സിനിമയാണ് 'മുകൾപരപ്പ്'. ഇത് ഒരു പരിസ്ഥിതി ചിത്രമാണ്. വിമിയോയിൽ നോക്കിയപ്പോൾ എന്റെ സിനിമ വെറും മൂപ്പത്തി ഒൻപത് സെക്കൻഡ് മാത്രമാണ് അക്കാദമി കണ്ടിരിക്കുന്നത്. ചിത്രം ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും വിമിയോയിൽ വ്യക്തമായി പറയുന്നുണ്ട്. ജൂറി അംഗങ്ങൾ സിനിമ കണ്ടിട്ടില്ല എന്നതിന് വ്യക്തമായ തെളിവുകളും എന്റെ പക്കലുണ്ട്. കഴിഞ്ഞ ഇരുപത് വർഷമായി തുടർച്ചയായി ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ആളാണ് ഞാൻ.

ഒരു ഇന്റർനാഷണൽ ഫെസ്റ്റിവലിലേക്ക് സിനിമകൾ, അതും മലയാളികൾ മലയാള സിനിമയ്ക്ക് വേണ്ടി നടത്തുന്ന ഫെസ്റ്റിവലിന്റെ അധ്യക്ഷൻ തീർച്ചയായിട്ടും ഈ ഫെസ്റ്റിവലിന്റെ കൾച്ചർ ഉള്ള ആളാകണം. മിനിമം ഫെസ്റ്റിവലിന് പങ്കെടുക്കുന്ന ഡെലിഗേറ്റെങ്കിലും ആകണം. അതല്ലാത്ത ഒരാൾക്ക് ഇത്തരത്തിൽ മാത്രമെ സിനിമകളോടും പുതിയ തലമുറയിലെ ആളുകളോടും പ്രവർത്തിക്കാൻ സാധിക്കൂ.

ഇത് ചതി, ഐഎഫ്എഫ്കെയിലേക്ക് അയച്ച സിനിമ കാണാതെ ഒഴിവാക്കിയെന്ന് സംവിധായകൻ

അക്കാദമിയുടെ വിശദീകരണത്തിൽ എൻട്രിയായി വന്ന എല്ലാ സിനിമകളും കണ്ടു എന്നാണ് പറയുന്നത്. കണ്ടതിന് തെളിവായി കമ്മിറ്റി അംഗങ്ങൾ ഒപ്പിട്ട് തന്നുവെന്നും പറയുന്നു. നമ്മളിപ്പോൾ പ്രതികരിച്ചത് കൊണ്ട് ഇങ്ങനെ ഒരു തെളിവ് അവർക്ക് ഉണ്ടാക്കാമല്ലോ. അതിന് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ. ഈ ഡിജിറ്റൽ റെവല്യൂഷന്റെ കാലത്ത് എല്ലാകാര്യങ്ങൾക്കും തെളിവുണ്ട്. മുൻപും ഇത്തരം പ്രവർത്തികൾ ഇവർ ചെയ്‍തിട്ടുണ്ട്. നമ്മൾ പേടിച്ചിരിക്കുന്നു എന്നാണ് ഇവർ വിചാരിച്ചത്. പലകാരണങ്ങളാലും ഇപ്പോഴും പ്രതികരിക്കാത്തവർ ഉണ്ട്. ഈ വിഷയത്തിൽ നിയമ നടപടിയിലേക്ക് പോകാനാണ് ഞങ്ങളുടെ തീരുമാനം. ഇത്തരത്തിൽ പ്രശ്‍നം നേരിട്ട സംവിധായകരെ കണ്ടെത്തുക എന്നതാണ് ആദ്യഘട്ടം. ശേഷം പാരലൽ സ്‍ക്രീനിംഗ് ഉൾപ്പടെ ഉള്ള കാര്യങ്ങൾ നമ്മൾ ആലോചിക്കും.

'ഭൂ മൗ'വിന്റെ നിർമാതാവ് സന്ദീപ് ആർ സഹസ്ര

ഞാൻ നിർമിച്ച 'ഭൂ മൗ' എന്ന ചിത്രമാണ് അക്കാദമിയിലേക്ക് അയച്ചത്. അഞ്ച് വർഷമായി തുർച്ചയായി ഫെസ്റ്റിവലിലേക്ക് സിനിമ കൊടുക്കുന്ന ആളാണ് ഞാൻ. പുറത്തുള്ള ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് അവാർഡ് കിട്ടിയ പടങ്ങളാണ് അവയൊക്കെയും. 'ഭൂ മൗ' തന്നെ മുംബൈയിൽ നടന്ന ജാഗ്രൻ ഫിലിം ഫെസ്റ്റിവലിൽ ഇക്കഴിഞ്ഞ പതിനാലിന് കാണിച്ചിരുന്നു. ഇവിടെ പടം അയച്ചിട്ട് വിമിയോ ചെക്ക് ചെയ്‍തപ്പോൾ വ്യൂസ് വെറും സീറോ. ഡൗൺലോഡ് ചെയ്‍ത് അവർ കണ്ടെന്ന് പറയുന്നു. പക്ഷേ ആ ഓപ്ക്ഷൻ നമ്മൾ ഓഫ് ചെയ്‍തിരിക്കയാണ്. അതായത്, ഡൗൺലോഡ് പെർമിഷൻ കൊടുത്തിട്ടില്ല. അവർ അത് ചോദിച്ചിട്ടുമില്ല. വേറെ ഏതെങ്കിലും വഴിയിലൂടെ ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അത് തികഞ്ഞ നിയമലംഘനം ആണ്. ഗുരുതരമായ കുറ്റമാണത്.

അക്കാദമിയിൽ സ്ഥിരമായി നടക്കുന്നത് ഇതുതന്നെയാണ്. നമ്മുടെ സിനിമകളെല്ലാം പുറത്തുള്ള ഫെസ്റ്റിവലുകളിൽ എടുക്കും. ഇവിടെ അത് നടക്കില്ല. അക്കാദമിയുടെ ഈ നടപടി രൂക്ഷമായി എതിർക്കപ്പെടേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കോ സാംസ്‍കാരിക വകുപ്പ് മന്ത്രിക്കോ പരാതി കൊടുത്തിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇതെല്ലാം ഒരു കൂട്ടം ആളുകളുടെ മാത്രം നിയന്ത്രണത്തിലാണ്. ഒരു പ്രത്യേക വിഭാഗത്തിന്റെ സിനിമകൾ മാത്രം ഫെസ്റ്റിവലിൽ വരും. രാഷ്‍ട്രീയ- വ്യക്തിതാല്‍പര്യങ്ങളെല്ലാം അതിൽ ഉൾപ്പെടും. ഈ വിഷയം ഇനി നിയമപരമായെ നേരിടാനാകൂ. ഇത് സൃഷ്‍ടിയോട് കാണിക്കുന്ന അനീതിയാണ്. മികച്ച സിനിമകൾ ഒത്തിരി ഉണ്ടാകും. നമ്മൾ ചോദിക്കുന്നത് എന്തുകൊണ്ട് സിനിമ കാണുന്നില്ല എന്നത് മാത്രമാണ്.

സംവിധായകൻ അനിൽ തോമസിന്റെ വാക്കുകള്‍

ഞാൻ എന്റെ 'ഇതുവരെ' എന്ന ചിത്രമാണ് ഫെസ്റ്റിവലിലേക്ക് അയച്ചത്. ജൂറി എന്റെ ചിത്രം കണ്ടിട്ടില്ല എന്ന് വിമിയോയിൽ വ്യക്തമാണ്. ഞാൻ പല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും എൻട്രികള്‍ അയക്കുന്ന ആളാണ്. അതുകൊണ്ട് കൃത്യമായി ഇമ്പ്രഷൻ സ്റ്റാറ്റസുകൾ അറിയാൻ സാധിക്കും. ഇപ്പോള്‍ അക്കാദമിയുടെ  വാദം ഡൗൺലോഡ് ചെയ്‍ത് കണ്ടെന്നാണ്. എന്നാല്‍ ഞാൻ എന്റെ സിനിമയ്ക്ക് ഡൌണ്‍ലോഡ് ഒപ്ഷനെ കൊടുത്തിട്ടില്ല.

നേരത്തെ ഞാൻ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ അടക്കം എൻട്രികള്‍ അയച്ചിട്ടുണ്ട്. അവരൊന്നും ഈ ഓപ്ഷൻ ചോദിച്ചിട്ടും ഇല്ല. പ്രത്യേകിച്ച് വിമിയോ ലിങ്ക് അങ്ങനെ ഡൗൺലോഡ് ചെയ്‍ത് സൂക്ഷിക്കാനും പാടില്ല. ഡൗൺലോഡ് ചെയ്‍തിട്ടുണ്ടെങ്കിൽ പൈറസി ആണ്. വിഷയത്തിൽ നിയമനടപടിയിലേക്ക് പോകാനാണ് തീരുമാനം. എല്ലാത്തിനും ഒരു സുതാര്യത വേണമല്ലോ. ചെയർമാൻ വിളിച്ചു പറയുന്ന പച്ചകള്ളം എന്താണെന്ന് അറിയണമല്ലോ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios