മുംബൈ: കൊവിഡിനെ നേരിടാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി സംഭാവന നല്‍കുമെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. നമ്മുടെ ജനതയുടെ ജീവനാണ് സംഭാവന നല്‍കുന്നതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയറിന്റെ വിവരങ്ങള്‍ സഹിതം അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.
'നമ്മുടെ ജനങ്ങളുടെ ജീവിതമാണ് പ്രധാനം. നമ്മള്‍ കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ട്. എന്റെ സമ്പാദ്യത്തില്‍ നിന്ന് 25 കോടി രൂപ സംഭാവന ചെയ്യുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു'-അക്ഷയ്കുമാര്‍ ട്വീറ്റ് ചെയ്തു. ഇത്രയും വലിയ തുക സംഭാവന ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെ വികാരം പ്രകടിപ്പിക്കാനാകുന്നില്ലെന്ന് അക്ഷയ് കുമാര്‍ ദേശീയമാധ്യമത്തോട് പറഞ്ഞു.

അക്ഷയ്കുമാറിന്റെ ട്വീറ്റ് ഭാര്യ ട്വിങ്കിള്‍ ഖന്നയടക്കം നിരവധി പേര്‍ ഷെയര്‍ ചെയ്തു. വലിയ തുക സംഭാവന നല്‍കിയതിനെ നിരവധി പേര്‍ പ്രശംസിച്ചു. 'ഇത്രയും വലിയ തുക കൊടുക്കാനാകുമോ എന്ന് ചോദിച്ചപ്പോള്‍, ഞാന്‍ ഒന്നുമില്ലാതെയാണ് വന്നത്. ഇപ്പോള്‍ ഈ നിലയിലെത്തി. ഒന്നുമില്ലാത്തവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതില്‍ എനിക്കെങ്ങനെ പിന്മാറാനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി- ട്വിങ്കിള്‍ ഖന്ന ട്വീറ്റ് ചെയ്തു. 

നിരവധി സിനിമാ താരങ്ങളും കായിക താരങ്ങളുമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. തെലുഗ് താരങ്ങളായ പവന്‍ കല്ല്യാണ്‍, രാം ചരണ്‍, ചിരഞ്ജീവി, മഹേഷ് ബാബു എന്നിവര്‍ വലിയ തുക സംഭാവന ചെയ്തിരുന്നു. മുന്‍ ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍ക്കര്‍ 50 ലക്ഷം രൂപയും സംഭാവന നല്‍കി.