വിശ്വാസങ്ങളുടെ പേരില്‍ ചൂഷണത്തിനു ഇരയാകേണ്ടിവരുന്ന ഒരു സമൂഹത്തിന്റെ നേര്‍ക്കാഴ്ചയാണ് ദ കഴ്സ്ഡ് വണ്‍സ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കുട്ടിപ്പിശാചെന്ന് ചാപ്പകുത്തപ്പെടുന്ന അസാബിയെന്ന പെണ്‍കുട്ടിയെ മുന്‍നിര്‍ത്തിയാണ് ആ സമൂഹത്തിന്റെ കഥ സംവിധായകന്‍ നാന ഒബിരി യെബോ പറയുന്നത്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും എങ്ങനെയാണ് ഒരു സമൂഹത്തെ ചൂഷണം ചെയ്യുന്നതെന്ന്, പശ്ചിമാഫ്രിക്കന്‍ ഗ്രാമമായ മംഗോളിയിലെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ്  ദ കഴ്സ്ഡ് വണ്‍സ് ദൃശ്യവത്ക്കരിക്കുന്നത്.

മംഗോളയിലെ ഒരു സമൂഹത്തിന്റെ ആചാരമായ മാന്‍വേട്ട ഉത്സവം റിപ്പോര്‍ട്ട് ചെയ്യാനാണ്  ഗോഡ് വിൻ എസ്യുഡു എന്ന മാധ്യമപ്രവര്‍ത്തകന്‍ എത്തുന്നത്. എന്നാല്‍ കേവലം ആഘോഷങ്ങള്‍ക്ക് മാത്രമല്ല ഗോഡ് വിന് അവിടെ സാക്ഷിയാകേണ്ടിവരുന്നത്. കുട്ടിപ്പിശാചായി നാട്ടുകാര്‍ കണക്കാക്കുന്ന അസാബി എന്ന നിഷ്കളങ്കയായ പെണ്‍കുട്ടിയുടെ ദൈനത്യയാണ് ഗോഡ് വിന്നിനെ അലോസരപ്പെടുത്തുന്നത്. അസാബിയുടെ അധ്യാപകനും ആ നാട്ടിലെ സഹ പാസ്റ്ററും ആയ ജോണ്‍ മോസസ് മാത്രമാണ് അവിടത്തെ വിശ്വാസങ്ങളുടെ കപടത തിരിച്ചറിയുന്നത്. പക്ഷേ ഇവരുടെ എതിര്‍പ്പുകളെയും അവഗണിച്ച് അസാബിയെ കൊലപ്പെടുത്താനാണ് ഗ്രാമത്തിന്റെ ആത്മീയ ആചാര്യനും പള്ളിയിലെ പാസ്റ്ററുമായ ഉചെബോയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ തീരുമാനിക്കുന്നത്.

അസാബിയിലെ പിശാചിനെ നീക്കം ചെയ്യാനായി ഒരു ദുര്‍മന്ത്രവാദിയും രംഗത്തെത്തുന്നു. അതിനായി അസാബിയുടെ വളര്‍ത്തമ്മയായ ചിനുവില്‍ നിന്ന് പണവും വാങ്ങുന്നു. തന്റെ ഭര്‍ത്താവ് കൊല്ലപ്പെടാന്‍ കാരണം അസാബിയാണെന്ന് പാസ്റ്ററും മന്ത്രവാദിയും ചിനുവിനെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ചിനു തന്നെ അസാബിക്ക് എതിരാകുകയും ചെയ്യുന്നു. ഒടുവില്‍ അസാബിയെ ആ ഗ്രാമത്തില്‍ നിന്ന് രക്ഷിക്കാന്‍ ഗോഡ് വിന്‍ ഇറങ്ങിത്തിരിക്കുന്നു. മന്ത്രവാദിയും പാസ്റ്ററും തമ്മിലുള്ള ഒത്തുകളിയും പണമിടപാടും ഗോഡ് വിന്‍ നേരിട്ട് കേള്‍ക്കാനിടയാകുന്നു. അതുമനസ്സിലാക്കിയ അവര്‍ ഗോഡ്‍ വിനെ കൊലപ്പെടുത്തുകയും ചെയ്യുന്നു. പക്ഷേ ഇരുവരുടെയും സംഭാഷങ്ങള്‍ ഗോഡ്‍ വിന്റെ ടേപ്പ് റെക്കോര്‍ഡറില്‍ പതിഞ്ഞിരുന്നു. സഹപാസ്റ്റര്‍ ജോണ്‍ മോസസ് ഇത് നാട്ടുകാരെ കേള്‍പ്പിക്കുകയും മന്ത്രവാദിയുടെയും പാസ്റ്ററുടെയും ഒത്തുകളിയെകുറിച്ച് വെളിപ്പെടുത്തുകയും ചെയ്യുന്നു. അസാബി രക്ഷപ്പെടുകയും ചെയ്യുന്നു.

ദ കേഴ്സ്ഡ് വണ്‍സ് പറഞ്ഞ ഇക്കഥ ഒരു പ്രത്യേക സമൂഹത്തിന്റേത് മാത്രമല്ലെന്ന് തിരിച്ചറിയണമെന്നാണ് സംവിധായകന്‍ നാന ഒബിരി യെബോ പറയുന്നത്. ചലച്ചിത്രമേളകളില്‍ സിനിമയ്‍ക്ക് കിട്ടുന്ന സ്വീകരണം ചൂഷണത്തിന് ഇരയാകുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ വിജയമായിട്ടാണ് കാണുന്നതെന്ന് നാന ഒബിരി യെബോ asianetnews.tvയോട് പറയുന്നു. നാന ഒബിരി യെബോയുമായി ഹണി ആര്‍ കെ നടത്തിയ സംഭാഷണം.

പേരില്‍ തന്നെയുണ്ട് സിനിമ

ഗുണംപിടിക്കാത്ത കുട്ടിപ്പിശാചെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു വിളിക്കുന്ന കുട്ടികളുടെ കഥയാണ് ഇത്. അതുകൊണ്ടാണ് ശാപം കിട്ടിയവര്‍ എന്ന പേര് സിനിമയ്ക്കു നല്‍കിയിരിക്കുന്നത്. ലോകമെമ്പാടും ഇങ്ങനെ ക്രൂശിക്കപ്പെടുന്നവര്‍ക്കു വേണ്ടി സംസാരിക്കാനുള്ള സിനിമ എന്ന നിലയില്‍ തന്നെയാണ് അങ്ങനെ വിളിച്ചത്.

ആഫ്രിക്കയിലെ മാത്രം പ്രശ്‍നമല്ല ഇത്

ഇത് എന്റെ നാട്ടിലെ മാത്രം പ്രശ്‍നമല്ല. ലോകമൊട്ടുക്കുമുള്ളതാണ്. ഇതേ സാഹചര്യം പറയുന്ന ഒരു ലേഖനം ഈയിടെ ഞാന്‍ ബിബിസി വെബ്സൈറ്റില്‍ വായിച്ചു. ബ്രിട്ടണില്‍ ചില വിഭാഗക്കാര്‍ക്കിടയില്‍ കണ്ടുവരുന്ന ചില രീതികളെക്കുറിച്ചായിരുന്നു അത്. പശ്ചിമ - പൂര്‍വ ദേശങ്ങളിലും മധ്യആഫ്രിക്കയിലുമാണ് ഇതിനു പ്രധാന വേരോട്ടമുള്ളതെന്നു മാത്രം.യഥാര്‍ഥ സംഭവങ്ങള്‍ കോര്‍ത്തിണക്കി ഗ്രൈ ഫോക്സ്‌ക്രോഫ്റ്റ് ഒരുക്കിയ സേവിങ് ആഫ്രിക്കാസ് വിച്ച് ചില്‍ഡ്രണ്‍ എന്ന ഡോക്യുമെന്ററിയെ ആധാരരമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ ഡോക്യുമെന്ററിക്ക് ബിഎഎഫ്ടിഎ പുരസ്‌കാരം ലഭിച്ചിരുന്നു.

പകര്‍ത്താന്‍ ശ്രമിച്ചത് നേര്‍ക്കാഴ്ചകള്‍

അവിത്തെ സംസ്‌കാരവും വിശ്വാസങ്ങളും അതേപടി അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഘാനയിലെ മാന്‍വേട്ട ഉത്സവമടങ്ങുന്ന യഥാര്‍ഥ ആഫ്രിക്കന്‍ ഫെസ്റ്റിവല്‍ ഒരുക്കാന്‍  ശ്രമിച്ചിട്ടുണ്ട്. ഇതിന് നാടക സംഘങ്ങള്‍ക്കൊപ്പം ഞങ്ങള്‍ നിരവധി ദിവസങ്ങള്‍ ചെലവഴിച്ചു. ഇതെല്ലാം വിജയംകണ്ടുവെന്നുതന്നെയാണു വിശ്വാസം.

ഇത് ഇരകളുടെ വിജയം

പിഞ്ചു കുട്ടികളുടെ വിജയമായാണു ഞാന്‍ അതിനെ കാണുന്നത്. ഇത്തരം ഭീകര അനുഭവങ്ങള്‍ക്കു വിധേയരാകുന്ന ഇവരില്‍ എല്ലാവരുംതന്നെ പ്രതികരണശേഷിയില്ലാത്തവരാണ്. അവര്‍ക്കു ശബ്ദം നല്‍കാന്‍ എന്റെ സിനിമകള്‍ സഹായിക്കണം. ചലച്ചിത്ര മേളകളിലെ അലയൊലികള്‍ ആ ശബ്‍ദത്തിനായുള്ള എന്റെ തീവ്രമായ ആഗ്രഹം സാധിക്കുന്നതിനുള്ള സഹായങ്ങളാണ്.ആഫ്രിക്കയിലേയും ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങളും വിശ്വാസങ്ങളും ലോകം മുഴുവന്‍ പങ്കുവയ്ക്കേണ്ടതുണ്ട്. അതുവഴി ഈ വിഷയങ്ങളില്‍ പരക്കെയുള്ള അവബോധം സൃഷ്ടിക്കാന്‍ കഴിയും. ഇതിനു ഞാന്‍ കണ്ടെത്തിയിരിക്കുന്നതും ചെയ്യുന്നതുമായ മാധ്യമമാണു സിനിമ.