സൽമാൻ ഖാന്റെ വീടിന് നേർക്ക് വെടിയുതിർത്ത സംഭവം: പ്രതികൾ ഗുജറാത്തിൽ നിന്നും പിടിയിൽ
വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ മുംബൈയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും.
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ പ്രതികൾ പിടിയിൽ. ഗുജറാത്തിലെ ബുജിൽ നിന്നാണ് പ്രതികളെ മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ മുംബൈയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് മുംബൈയിലെ ബാന്ദ്രയിലുള്ള വീടിന് നേര്‍ക്ക് അക്രമമുണ്ടായത്. അക്രമികൾ അഞ്ച് റൗണ്ട് വെടിവച്ചതായി പോലീസ് വ്യക്തമാക്കിയിരുന്നു. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള സൽമാൻ ഖാൻ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നു. ഗുണ്ടാ തലവന്‍ ലോറൻസ് ബിഷ്‌ണോയിയുടെ ഭീഷണിയെത്തുടർന്ന് 2023 സെപ്റ്റംബറിൽ മുംബൈ പോലീസ് സൽമാൻ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.
കാനഡയിലെ പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രേവാളിൻ്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പിൻ്റെ ഉത്തരവാദിത്തം ബിഷ്‌ണോയ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഏറ്റെടുത്തിരുന്നു. സല്‍മാന്‍ ഖാന്‍ സഹോദരനാണ് എന്ന് പറഞ്ഞതിനാണ് പഞ്ചാബി ഗായകനെ ആക്രമിച്ചത് എന്നാണ് ബിഷ്ണോയി പറയുന്നത്. പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്ക് പൊലീസ് കണ്ടെടുത്തിരുന്നു. സൽമാന്റെ വസതിയിൽ എത്തിയ രാജ് തക്കാറെയും ഫോണിൽ വിളിച്ച മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെയും താരത്തിനു പിന്തുണ പ്രഖ്യാപിച്ചു.