ശ്യാം ബാലകൃഷ്ണന് നഷ്ട പരിഹാരം നൽകണം, അപ്പീൽ തള്ളി, സംസ്ഥാന സർക്കാരിന് സുപ്രീം കോടതി വിമർശനം
അപ്പീലിലെ വാദം കോടതിക്ക് തൃപ്തികരമല്ലെങ്കിൽ പത്തു ലക്ഷം രൂപ വിധിക്കുമെന്നും കോടതി വ്യക്തമാക്കി.
ദില്ലി : മാവോയിസ്റ്റാകുന്നത് കുറ്റകൃത്യമല്ലെന്ന കേരള ഹൈക്കോടതി നിലപാട് ശരിവച്ച് സുപ്രീംകോടതി. മാവോയിസ്റ്റെന്ന് ആരോപിച്ച് തണ്ടർബോൾട്ട് കസ്റ്റഡിയിൽ പീഡിപ്പിച്ച കേസിൽ വയനാട് സ്വദേശി ശ്യാം ബാലകൃഷ്ണന് അനുകൂലമായി സുപ്രീംകോടതി വിധി. കേരള ഹൈക്കോടതി വിധിച്ച ഒരു ലക്ഷം രൂപ നഷ്ട പരിഹാരം ഉടൻ നൽകാൻ സുപ്രിംകോടതി നിർദ്ദേശം നൽകി. ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാർ അപ്പീൽ തള്ളിയ സുപ്രീംകോടതി, ഒരു ലക്ഷം രൂപ സർക്കാരിന് നൽകാനില്ലേയെന്നും ചോദിച്ചു. അപ്പീലിലെ വാദം കോടതിക്ക് തൃപ്തികരമല്ലെങ്കിൽ പത്തു ലക്ഷം രൂപ വിധിക്കുമെന്നും കോടതി വ്യക്തമാക്കി.
ശ്യാമിൻ്റെ കാര്യത്തിൽ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് നടന്നതെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. സുധാൻഷു ദൂലിയ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ശ്യാം നൽകിയ ഹർജിയിലാണ് 2015 ൽ ഹൈക്കോടതി നഷ്ട പരിഹാരം വിധിച്ചത്. എന്നാൽ ഇതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. കേരള ഹൈക്കോടതി മുൻ ജഡ്ജി കെ ബാലകൃഷ്ണൻ നായരുടെ മകനാണ് ശ്യാം ബാലകൃഷ്ണൻ.