ചിത്രീകരണത്തില്‍ 100 ദിനങ്ങള്‍ പിന്നിട്ട് രജനികാന്തിന്‍റെ 'വേട്ടൈയന്‍'
റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും
രജനികാന്തിന്‍റേതായി അടുത്ത് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രമാണ് വേട്ടൈയന്‍. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം സംബന്ധിച്ച ഒരു പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം 100 ദിനങ്ങള്‍ പിന്നിട്ടു എന്നതാണ് അത്. അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്ന വേട്ടൈയനിലെ രജനികാന്തിന്‍റെ ഇന്‍ട്രോ സോംഗ് ആണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത് എന്നാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാവുമെന്നും അറിയുന്നു.
യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 33 വർഷങ്ങൾക്ക് ശേഷം രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തിന്‍റെ യുഎസ്‍പികളില്‍ ഒന്നാണ്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. അനിരുദ്ധ് ആണ് സംഗീത സംവിധായകന്‍. ഈ വര്‍ഷം ഓഗസ്റ്റിലാവും ചിത്രം തിയറ്ററുകളില്‍ എത്തുക.
അതേസമയം ലോകേഷ് കനകരാജ് ആണ് വേട്ടൈയന് ശേഷമുള്ള രജനികാന്ത് ചിത്രം സംവിധാനം ചെയ്യുക. കൂലി എന്നാണ് ഈ ചിത്രത്തിന്‍റെ പേര്. വേട്ടൈയന്‍ പൂര്‍ത്തിയായതിന് ശേഷം ജൂണ്‍ മാസത്തില്‍ തന്‍റെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് ലോകേഷ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും കൂലി. തമിഴിലെ യുവനിര സംവിധായകരില്‍ ഏറ്റവും ശ്രദ്ധേയനായ ലോകേഷിനൊപ്പം രജനികാന്ത് എത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതിനടുത്ത രജനികാന്ത് ചിത്രം ഒരുക്കുക മാരി സെല്‍വരാജ് ആയിരിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.