കൊച്ചി:  പൃഥ്വിരാജിനേയും ബിജൂമേനോനെയും അറിയാത്ത നഞ്ചമ്മ സോഷ്യല്‍മീഡിയയില്‍ വൈറലായത് കഴിഞ്ഞ ദിവസങ്ങളിലാണ്. സച്ചി സംവിധാനംചെയ്ത് പൃഥ്വിരാജും ബിജൂമേനോനും ഒന്നിക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ ടൈറ്റില്‍സോങ്ങാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം.

ജേക്ക്‌സ് ബിജോയുടെ സംഗീതത്തില്‍ അട്ടപ്പാടി സ്വദേശിയായ നഞ്ചമ്മതന്നെ വരികളെഴുതുകയും ആലപിക്കുകയും ചെയ്ത 'കടക്കാത്ത സദ്ദനമെന്‍റെ വകപോക് പൂത്തിറുക്ക്' എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ അവസാനം പൃഥ്വിരാജ് നഞ്ചമ്മയോട് ചോദിക്കുന്ന ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അമ്മയ്ക്ക് പൃഥ്വിരാജിനെ അറിയുമോ, ബിജു മേനോനെ അറിയുമോ, അമ്മ പാടിയത് ഏത് സിനിമയിലെ പാട്ടാണെന്നറിയുമോ എന്നെല്ലാമാണ് പൃഥ്വിരാജ് നഞ്ചമ്മയോട് ചോദിക്കുന്നത്. പൃഥ്വിരാജിനേയും ബിജൂമേനോനെയും അറിയില്ലെന്നും, പാട്ടിയ പാട്ട് എന്‍റെ സിനിമയിലേത് ആണോ എന്നുമാണ് നഞ്ചമ്മ പൃഥ്വിരാജിനോട് തിരിച്ച് ചോദിക്കുന്നത്.

ഈ ഭാഗമാണ്  ചലച്ചിത്രതാരം സുരഭിലക്ഷ്മി ഭംഗിയായി ടിക് ടോക് ചെയ്തിരിക്കുന്നത്. താരത്തിന്റെ ടിക് ടോക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സുരഭി ലക്ഷ്മിയും ഷാജു ശ്രീധരുമാണ് വീഡിയോയിലുള്ളത്. രണ്ടുപേരുംചേര്‍ന്ന് രംഗം ഗംഭീരമാക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.

@surabhilakshmi

with #shajusreedhar

♬ original sound - SurabhiLakshmi

പൃഥ്വിരാജും ബിജു മേനോനും ഒന്നിക്കുന്ന അയ്യപ്പനും കോശിയും ഈ വെള്ളിയാഴ്ച തിയ്യേറ്ററുകളിലെത്തുകയാണ്. ഷാജു ശ്രീധര്‍, രഞ്ജിത്ത്, സാബുമോന്‍, അന്ന രേഷ്മാ രാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.