Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസിന്റെ 137 വർഷം, മത്സരങ്ങൾ കുറവ്; ഒരു കുടുംബത്തിൽ നിന്ന് 6 അധ്യക്ഷന്മാർ, കൗതുകമേറിയ ആ ചരിത്രം ഇങ്ങനെ

ഗാന്ധിജിയുടെ സ്ഥാനാര്‍ഥി തോറ്റിട്ടുണ്ട്. നെഹ്റുവിന്റെ ഇഷ്ടക്കാരനും തോറ്റിട്ടുണ്ട്. ആര് ജയിച്ചാലും തോറ്റാലും രണ്ടുപതിറ്റാണ്ടിന് ശേഷം ഗാന്ധി, നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരു അധ്യക്ഷൻ പാര്‍ട്ടിക്ക് ഉണ്ടാകും എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

history of congress president election
Author
First Published Oct 18, 2022, 3:59 AM IST

വാശിയേറിയ വോട്ടെടുപ്പിന് ഒടുവിൽ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരെന്ന് നാളെ അറിയാം. അധ്യക്ഷന്മാർ മാറിമാറി വന്നെങ്കിലും , 137 വര്‍ഷത്തെ ചരിത്രത്തില്‍ മത്സരങ്ങള്‍ കുറവായിരുന്നു. കൗതുകങ്ങള്‍ ഏറെയുള്ള  ആ ലഘുചരിത്രം ഇങ്ങനെ....

പ്രബലരുടെ സ്ഥാനാര്‍ഥി തന്നെ ജയിക്കും എന്ന ഉറപ്പൊന്നും കോണ്‍ഗ്രസിന്റെ അധ്യക്ഷ തെരഞ്ഞെടുപ്പ് ചരിത്രം പറയുന്നില്ല. ഗാന്ധിജിയുടെ സ്ഥാനാര്‍ഥി തോറ്റിട്ടുണ്ട്. നെഹ്റുവിന്റെ ഇഷ്ടക്കാരനും തോറ്റിട്ടുണ്ട്. ആര് ജയിച്ചാലും തോറ്റാലും രണ്ടുപതിറ്റാണ്ടിന് ശേഷം ഗാന്ധി, നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരു അധ്യക്ഷൻ പാര്‍ട്ടിക്ക് ഉണ്ടാകും എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

വിശാല ജനാധിപത്യപാര്‍ട്ടി എന്നൊക്കെ പറയുമ്പോഴും സ്വാതന്ത്ര്യാനന്തരം ആകെ മൂന്ന് മല്‍സരങ്ങളാണ് പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് നടന്നത്.  1950 ല്‍   ആചാര്യ കൃപലാനിയും പുരുഷോത്തംദാസ് ടണ്ഠനും ഏറ്റുമുട്ടിയതാണ് അതില്‍ പ്രധാനം. സത്യത്തില്‍ മല്‍സരം  നെഹ്രുവും പട്ടേലും തമ്മിലായിരുന്നു. പട്ടേലിന്റെ സ്ഥാനാര്‍ഥിയായ പി.ഡി ടണ്ഠന്‍  വിജയിച്ചു. തോറ്റുപോയ കൃപലാനി കിസാന്‍  മസ്ദൂര്‍ പ്രജാ പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസ് വിട്ട് പിന്നീട് പുറത്തുപോയത് ചരിത്രം

പിന്നെയൊരു തെരഞ്ഞെടുപ്പ് നടന്നത് 47 വര്‍ഷത്തിന് ശേഷം 1997ലാണ്.   അന്ന് ഔദ്യോഗിക സ്ഥാനാര്‍ഥിയായിരുന്ന സീതാറാം കേസരിക്കെതിരെ മല്‍സരിച്ചത് പാര്‍ട്ടിയിലെ കരുത്തരായിരുന്ന രണ്ടു നേതാക്കള്‍. ശരത് പവാറും രാജേഷ് പൈലറ്റും. പക്ഷേ രണ്ടുപേരും തോറ്റു. 2000 ലാണ് അവസാനം മല്‍സരമുണ്ടായത്. സോണിയാ ഗാന്ധി വന്‍ ഭൂരിപക്ഷത്തില്‍ അധ്യക്ഷയായി. പിന്നീടൊരു വോട്ടെടുപ്പും പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസില്‍ നടന്നിട്ടില്ല.

സ്വാതന്ത്ര്യത്തിന് മുന്പും ശേഷവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായത് ഒരാള്‍മാത്രമാണ്, ജവഹർലാൽ നെഹ്റു.  1947 മുന്‍പ് നാലുതവണയും 47 ന് ശേഷം മൂന്നുതവണയും നെഹ്റു കോണ്‍ഗ്രസ് പ്രസിഡന്‍റായി. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അശോക് ഗെഹ്‍ലോട്ട് പ്രസിഡന്റാകുന്നതാണല്ലോ കുറെ ദിവസം ചര്‍ച്ചയായത്. എന്നാല്‍ അങ്ങനെ അധ്യക്ഷന്മാരായ രണ്ടുപേരുണ്ട്. ആദ്യത്തെയാള്‍ യു.എന്‍ . ദേബാര്‍ ആണ്.  1955 മുതല്‍ തുടര്‍ച്ചയായി അഞ്ചു സമ്മേളനങ്ങളില്‍  അദ്ദേഹം പാര്‍ട്ടി അധ്യക്ഷനായി. പിന്നെ അധ്യക്ഷനായത് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കാമരാജ് ആണ്.

നാല്‍പ്പത്തി രണ്ടാമത്തെ വയസിലാണ് ഇന്ദിരാഗാന്ധി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യപാര്‍ട്ടിയുടെ അധ്യക്ഷയാകുന്നത്.  നെഹ്റുവിന്റെ പാത പിന്തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ പദവിയും പ്രധാനമന്ത്രി പദവും ഇന്ദിര ഒറ്റയ്ക്ക് കൈകാര്യം ചെയ്തു. അങ്ങനെ പിന്നെ കൈകാര്യം ചെയ്തത് രാജീവ് ഗാന്ധിയും പി.വി നരസിംഹറാവുവുമാണ്.

അവിഭക്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസാനത്തെ അധ്യക്ഷനായിരുന്നു നിജലിംഗപ്പ. 68 ലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അദ്ദേഹം സിന്‍ഡിക്കേറ്റ് ആയി.   ഇന്ദിരയുടെ മരണത്തോടെയാണ് രാജീവ് ഗാന്ധി പാര്‍ട്ടി തലപ്പത്തെത്തിയത്. ഇന്ദിര അധ്യക്ഷയാകുമ്പോൾ വയസ് 42 ആയിരുന്നെങ്കില്‍ രാജീവ് 41ാമത്തെ വയസിലാണ് ആ കസേരയിലിരുന്നത്. മൗലാന അബുല്‍  കലാം ആസാദാണ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്. 1923 ല്‍  അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റാകുമ്പോള്‍  വയസ് 35 മാത്രമായിരുന്നു.

history of congress president election

ആറു തവണയായി 22 വര്‍ഷമാണ് സോണിയ  അധ്യക്ഷകസേരയിലിരന്നത്.  ആ കസേരയില്‍ ഏറ്റവും ദീര്‍ഘകാലം ഇരുന്ന നേതാവ് സോണിയ തന്നെ. ഇതിനിടെ രണ്ടുവര്‍ഷം രാഹുല്‍ഗാന്ധി അധ്യക്ഷനായി. ഡബ്ലു.സി ബാനര്‍ജി മുതല്‍ സോണിയാ ഗാന്ധി വരെയുള്ള  അധ്യക്ഷ  പട്ടികയില്‍ ഒരേയൊരു മലയാളിയാണ് ഉള്ളത്. 1897 ല്‍അമരാവതി സമ്മേളനത്തിലൂടെ പ്രസിഡന്റായ ചേറ്റൂര്‍ ശങ്കരന്‍നായര്‍.

കുടുംബവാഴ്ച എന്ന ആരോപണമാണ്  രാഷ്ട്രീയ എതിരാളികളില്‍ നിന്ന് കോണ്‍ഗ്രസ് എക്കാലവും നേരിടുന്നത്. ശരിയാണ്, മോത്തിലാല്‍ നെഹ്റു, ജവഹര്‍ ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി. ഇങ്ങനെ ഒരു കുടുംബത്തില്‍ നിന്ന് ആറുപേര്‍ അധ്യക്ഷന്മാരായിട്ടുണ്ട്. അതേസമയം തന്നെ ഇന്ത്യക്കാരും ബ്രിട്ടീഷുകാരും സ്ത്രീയും പുരുഷനും ഉത്തരേന്ത്യക്കാരനും ദക്ഷിണേന്ത്യക്കാരനും മുന്നോക്കക്കാരനും പിന്നാക്കക്കാരനുമെല്ലാം കോണ്‍ഗ്രസിന്റെ പ്രസിഡന്റായിട്ടുണ്ട്. എന്തിനധികം കോണ്‍ഗ്രസിന്റെ പ്രസിഡന്റ് പിന്നീട് രാജ്യത്തിന്റെ തന്നെ പ്രസിഡന്റായ ചരിത്രവുമുണ്ട്. 
 

Follow Us:
Download App:
  • android
  • ios