Asianet News MalayalamAsianet News Malayalam

ഉത്സവപ്രതീതിയിൽ ബെയ്ജിങ്; എന്താണ് ചൈനയിലെ പാർട്ടി കോൺ​ഗ്രസ്, എന്തുകൊണ്ട് ഇത്ര പ്രാധാന്യം? അറിയാം, വിശദമായി

പാർട്ടി കോൺഗ്രസിൽ  നേതാക്കളുടെ സുദീർഘമായ പ്രസംഗങ്ങൾ ഉണ്ടാകും, രഹസ്യ യോഗങ്ങളുണ്ടാകും, അധികാര സ്ഥാനങ്ങളും കമ്മിറ്റി അംഗത്വങ്ങളും ഇതിൽ പുനർ നിർണയിക്കപ്പെടും. ചുരുക്കത്തിൽ ചൈനയുടെ രാഷ്ട്രീയത്തെ തന്നെ മാറ്റിമറിക്കാൻ പോന്ന  ഏറെ നിർണായകമായ  സംഭവങ്ങളിൽ ഒന്നാണ്, ഒക്ടോബർ പതിനാറുമുതൽ ഇരുപത്തിരണ്ടു വരെ നടക്കാനിരിക്കുന്ന ഈ പാർട്ടി കോൺഗ്രസ്.

what is chinese communist party party congress explainer
Author
First Published Oct 16, 2022, 3:30 AM IST

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസ് ഇന്ന് തുടങ്ങുകയാണ്.  കോൺഗ്രസ് പ്രമാണിച്ച് ബെയ്ജിങ് നഗരമാകെ  ഉത്സവ പ്രതീതിയിലാണ്. എന്താണ് പാർട്ടി കോൺഗ്രസ്, എന്തൊക്കെയാണ് ഈ കോൺഗ്രസിൽ നടക്കാൻ പോകുന്നത്? 

ചൈനയിൽ അഞ്ചു കൊല്ലം കൂടുമ്പോൾ നടക്കുന്ന ഒരു സുപ്രധാന പാർട്ടി സമ്മേളനമാണിത്. ടിയാനൻ മെൻ സ്‌ക്വയറിലെ ഗ്രെയ്റ്റ് ഹാളിൽ പാർട്ടി കോൺഗ്രസിന് വേണ്ടി ഇന്ന് ഒത്തുചേരുന്നത് 2300 -ൽ പരം പാർട്ടി അംഗങ്ങളാണ്.  പാർട്ടി കോൺഗ്രസിൽ  നേതാക്കളുടെ സുദീർഘമായ പ്രസംഗങ്ങൾ ഉണ്ടാകും, രഹസ്യ യോഗങ്ങളുണ്ടാകും, അധികാര സ്ഥാനങ്ങളും കമ്മിറ്റി അംഗത്വങ്ങളും ഇതിൽ പുനർ നിർണയിക്കപ്പെടും. ചുരുക്കത്തിൽ ചൈനയുടെ രാഷ്ട്രീയത്തെ തന്നെ മാറ്റിമറിക്കാൻ പോന്ന  ഏറെ നിർണായകമായ  സംഭവങ്ങളിൽ ഒന്നാണ്, ഒക്ടോബർ പതിനാറുമുതൽ ഇരുപത്തിരണ്ടു വരെ നടക്കാനിരിക്കുന്ന ഈ പാർട്ടി കോൺഗ്രസ്.

Read Also: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺ​ഗ്രസിന് ഇന്ന് തുടക്കം; മൂന്നാം വട്ടവും ഷി ജിൻപിങ്ങ് തന്നെ പ്രസിഡന്റ്?

അതിൽ സമ്മേളിക്കുന്ന പ്രതിനിധികൾ അവർക്കിടയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 200 പേരെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ അംഗമാക്കും. 170 പേർ റിസർവ് അംഗങ്ങളായും പട്ടികയിൽ ഇടം പിടിക്കും.  പാർട്ടി കോൺഗ്രസ് കഴിഞ്ഞുള്ള ദിവസങ്ങളിൽ നടക്കുന്ന സെൻട്രൽ കമ്മിറ്റി യോഗത്തിൽ, അംഗങ്ങൾ അവർക്കിടയിൽ നിന്ന് 25 പേരെ പാർട്ടിയുടെ പോളിറ്റ് ബ്യുറോയിലേക്കും പറഞ്ഞയക്കും. ഇതിൽ നിന്നാണ്  പോളിറ്റ് ബ്യുറോ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുക. നിലവിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായി ഷി ജിൻ പിങ് അടക്കം ഏഴു പേരാനുള്ളത്. ഒരു വനിതാ അംഗം പോലും നിലവിൽ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്.

what is chinese communist party party congress explainer

ഇത്തവണ തീരുമാനമെടുക്കാൻ പോവുന്ന സുപ്രധാന വിഷയങ്ങൾ പലതുമുണ്ട്. ഷി ജിൻ പിങിന് പാർട്ടിയിൽ ഇപ്പോഴുള്ളതിലും അധികം പ്രാധാന്യം ലഭിക്കുമോ? പാർട്ടിയുടെയും ഭരണ സംവിധാനത്തിന്റെയും താക്കോൽ സ്ഥാനങ്ങളിൽ വരാൻ പോകുന്ന നേതാക്കൾ ആരൊക്കെ ? ജനങ്ങളിൽ മുറുമുറുപ്പിന് കാരണമായിട്ടുള്ള സീറോ കോവിഡ് പോളിസി പുനഃപരിശോധിക്കപ്പെടുമോ? തായ്‌വനോടുള്ള ചൈനയുടെ വിദേശ നയത്തിൽ മാറ്റമുണ്ടാകുമോ? ഇന്ത്യ അടക്കമുള്ള അയൽ രാജ്യങ്ങളോട് ചൈനയുടെ ഇടപെടൽ എങ്ങനെയാവും?

ചൈനയിൽ  സുപ്രീം ലീഡർ എന്നും അറിയപ്പെടുന്ന ഷി ജിൻ പിങ് വഹിക്കുന്നത് നിലവിൽ മൂന്നു സ്ഥാനങ്ങളാണ്. ഒന്ന്, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി, രണ്ട് - ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാൻ., മൂന്ന് -പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റ്   ഇതിൽ ആദ്യ രണ്ട് സ്ഥാനങ്ങളും ഇന്നത്തെ പാർട്ടികോൺഗ്രസിൽ തന്നെ ഷി നിലനിർത്തിയേക്കും., പ്രസിഡന്റ് സ്ഥാനത്ത് ഷി പുനർ നിയമിതനാവുക 2023 -ൽ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിലാണ്.  

what is chinese communist party party congress explainer

പാർട്ടി കോൺഗ്രസ് നടപടികൾ തികച്ചും സ്വകാര്യമായാണ് നടത്തപ്പെടുക. കഴിഞ്ഞ തവണ 2017 -ൽ പാർട്ടി കോൺഗ്രസ് തുടങ്ങുന്നത്, ഷി ജിൻ പിങ്ങിന്റെ സുദീർഘമായ ഒരു പ്രസംഗത്തോടെയാണ്. അതിൽ പാർട്ടി ഭരണത്തിന്റെ നേട്ടങ്ങളെക്കുറിച്ചും, വരുന്ന അഞ്ചു വർഷത്തേക്കുള്ള പദ്ധതികളെക്കുറിച്ചുമാണ് ഷി പരാമർശിച്ചത്.  ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന വിവിധ യോഗങ്ങൾക്ക് ശേഷം കോൺഗ്രസ് അവസാനിക്കുന്നതും ഷിയുടെ പ്രസംഗത്തോടെ തന്നെയാണ്. ഈ കോൺഗ്രസ് പക്ഷെ, കഴിഞ്ഞ തവണത്തേക്കാൾ വലിയ വെല്ലുവിളികളാണ് ഷിക്ക് മുന്നിൽ വെക്കുന്നത്.  പ്രതിസന്ധികൾ പലതും മുന്നിലുണ്ട് എങ്കിലും, അതിനെയെല്ലാം ഷി ജിൻ പിംഗ് അതിജീവിക്കും എന്നുതന്നെയാണ് വിദഗ്ധരുടെ പ്രവചനം.   എന്തായാലും,   ആഴ്ചകൾക്ക് മുമ്പ് പുറത്തുവന്ന ഷി ജിൻ പിങിനെതിരെ പട്ടാള അട്ടിമറി ഉണ്ടായി എന്നതടക്കമുള്ള നിരവധി അഭ്യൂഹങ്ങൾക്ക് വിരാമമിടുന്ന ഒന്നാവും പാർട്ടി കോൺഗ്രസ് എന്ന കാര്യത്തിൽ സംശയം വേണ്ട.

 
 

Follow Us:
Download App:
  • android
  • ios