ദില്ലി: രാജ്യത്തെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സമരം ഇതിനകം അന്താരാഷ്‌ട്ര ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ഇതിനിടെ അന്താരാഷ്‌ട്ര പ്രശസ്ത മാഗസിനായ നാഷണല്‍ ജിയോഗ്രഫിക് കര്‍ഷക മത്സരത്തിന്‍റെ ചിത്രം കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചോ? സാമൂഹ്യമാധ്യമങ്ങളില്‍ നാഷണല്‍ ജിയോഗ്രഫിക്കിന്‍റെ പേരില്‍ പ്രചരിക്കുന്ന ചിത്രത്തിലെ പിന്നിലെ വസ്‌തുത നോക്കാം. 

പ്രചാരണം ഇങ്ങനെ

സിഖ് തലപ്പാവണിയുന്ന ഒരാളുടെ ചിത്രമാണ് നാഷണല്‍ ജിയോഗ്രഫിക് മാഗസിന്‍ ഇത് കവര്‍ പേജില്‍ നല്‍കിയതായി പ്രചരിക്കുന്നത്. സിംഗുവിലെ കര്‍ഷക സമരത്തില്‍ നിന്നുള്ളതാണ് ചിത്രമെന്ന് നിരവധി ട്വീറ്റുകള്‍ പറയുന്നു. 'സിംഗുവിലെ സമരം ലോകം കാണുന്നുണ്ട്' എന്ന തലക്കെട്ടുകളിലാണ് ചിത്രം പ്രചരിക്കുന്നത്. 

 

വസ്‌തുത

വൈറലായിരിക്കുന്ന ചിത്രം സിംഗുവിലെ കര്‍ഷക സമര വേദിയില്‍ നിന്നുള്ളതാണ് എന്നത് വസ്‌തുതയാണ്. എന്നാല്‍ നാഷണല്‍ ജിയോഗ്രഫിക് മാഗസിന്‍ കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചിട്ടില്ല. ഫോട്ടോഷോപ്പ് ഉപയോഗിച്ച് നാഷണല്‍ ജിയോഗ്രഫിക് കവറിന്‍റെ മാതൃകയുണ്ടാക്കി ആരോ പ്രചരിപ്പിക്കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐക്കായി രവി ചൗധരി പകര്‍ത്തിയ ചിത്രമാണ് നാഷണല്‍ ജിയോഗ്രഫിക്കിന്‍റേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. 

 

നാഷണല്‍ ജിയോഗ്രഫിക്കിന്‍റെ ജനുവരി ലക്കം വ്യത്യസ്തമായ ഒരു ഫോട്ടോയാണ് കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയ്‌ഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നടന്ന 'ബ്ലാക്ക് ലിവ്‌സ് മാറ്റര്‍' പ്രക്ഷോഭത്തിന്‍റെ ഭാഗമായി കലാകാരനായ റോബര്‍ട്ട് ഇ ലീ സൃഷ്ടി‌ച്ച സ്‌മാരകത്തിന്‍റെ ചിത്രമാണ് പുതിയ ലക്കത്തിന്‍റെ കവര്‍ ചിത്രം. ക്രിസ് ഗ്രേവസാണ് സ്‌മാരകത്തിന്‍റെ ചിത്രം പകര്‍ത്തിയത്. 

 

നിഗമനം

ദില്ലി അതിര്‍ത്തിയിലെ കര്‍ഷക സമരത്തില്‍ നിന്നുള്ള ചിത്രം നാഷണല്‍ ജിയോഗ്രഫിക് മാഗസിന്‍ കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചു എന്ന പ്രചാരണം വ്യാജമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​