ചാര്‍ജ് ചെയ്യവേ യാത്രക്കാരന്‍റെ കീശയില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു എന്ന പ്രചാരണം സജീവം

യാത്രാവേളകളിലും മറ്റും മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്കുകള്‍ പൊട്ടിത്തെറിക്കുന്നതായി മുമ്പ് നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. സമാനമായി, കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് പോക്കറ്റിലിട്ട് ചാര്‍ജ് ചെയ്യവേ യാത്രക്കാരന്‍റെ കീശയില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു എന്നൊരു പ്രചാരണം സജീവമാണ്. ഇതിന്‍റെ വസ്തുത എന്താണ് എന്ന് പരിശോധിക്കാം.

പ്രചാരണം

'കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പവര്‍ ബാങ്ക് പോക്കറ്റിലിട്ട് ചാര്‍ജ് ചെയ്‌തതാണ്' എന്ന തലക്കെട്ടോടെയാണ് വീഡിയോ സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത്. 

വസ്‌തുതാ പരിശോധന

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇത്തരമൊരു സംഭവം നടന്നതായി മാധ്യമ വാര്‍ത്തകളൊന്നും ലഭ്യമല്ലാതിരുന്നതിനാല്‍ വീഡിയോ സംബന്ധിച്ച് കീവേഡ് സെര്‍ച്ച് നടത്തി. ഇതില്‍ ഈ വീഡിയോ സമാന തലക്കെട്ടോടെ നാല് വര്‍ഷം മുമ്പ് 2019ല്‍ ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിച്ചിരുന്നതാണ് എന്ന് മനസിലാക്കാനായി. ഇതേത്തുടര്‍ന്ന് വീഡിയോയുടെ നിജസ്ഥിതി അറിയാന്‍ ദൃശ്യത്തിന്‍റെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഇതില്‍ മൊറോക്കോ വേള്‍ഡ് ന്യൂസ് എന്ന മാധ്യമത്തിന്‍റെ ഒരു വാര്‍ത്ത ലഭ്യമായി. എന്നാല്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതിനെ കുറിച്ചല്ല, സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ കവാടത്തില്‍ വച്ച് 30 വയസുള്ളയാള്‍ സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചതിനെ കുറിച്ചാണ് വാര്‍ത്ത. 

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്‍റെ പവര്‍ ബാങ്ക് മൊബൈല്‍ ചാര്‍ജ് ചെയ്യവേ പൊട്ടിത്തെറിച്ചു എന്ന അവകാശവാദത്തോടെ ഇപ്പോള്‍ പ്രചരിക്കുന്ന സമാന വീഡിയോ 2018ല്‍ മൊറോക്കന്‍ മാധ്യമം നല്‍കിയ വാര്‍ത്തയിലുണ്ട്. 

നിഗമനം

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പവര്‍ ബാങ്ക് പോക്കറ്റിലിട്ട് ചാര്‍ജ് ചെയ്യവെ തീപ്പിടിച്ചു എന്ന കുറിപ്പോടെ വാട്സ്ആപ്പില്‍ കറങ്ങുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പഴയതും മൊറോക്കോയില്‍ നടന്ന ഒരു സംഭവത്തിന്‍റെയും ദൃശ്യങ്ങളാണിത്.