ഭക്ഷ്യവസ്തുക്കളിലും ഭക്ഷണത്തിലും മായം ചേർക്കുന്നതും വിൽക്കുന്നതും ഇന്ന് വ്യാപകമാണ്. മായം ചേർക്കാത്ത ഭക്ഷ്യവസ്തുക്കൾ  ലഭിക്കാനാണ് ഇന്ന് ഏറെ പ്രയാസം. പാലിൽ ചേർക്കുന്ന വെള്ളം മുതൽ ആരോഗ്യത്തിന് ഏറെ ഹാനികരമായ കോൾടാറും കീടനാശിനികളും പെട്രോളിയം ഉപോത്പന്നങ്ങളും രാസ വസ്തുക്കളും വരെ ഇന്ന് ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്നുണ്ട്. സാധനങ്ങൾ കൂടുതൽ കാലം കേടാവാതിരിക്കാനാണ് ചിലവ ചേർക്കുന്നതെങ്കിൽ രുചി കൂട്ടുന്നതിനും തൂക്കം വർദ്ധിപ്പിക്കുന്നതിനും ഉത്പന്നങ്ങളോടുള്ള ആസക്തി വർദ്ധിപ്പിക്കുന്നതിനും ഒക്കെ ചേർക്കുന്ന മായങ്ങളുണ്ട്. ഛർദ്ദി, വയറിളക്കം തുടങ്ങി ബുദ്ധിമാന്ദ്യം, വന്ധ്യത, ഹൃദയം, കരൾ, വൃക്ക തുടങ്ങിയവ ആന്തരാവയവങ്ങളെ പൂർണ്ണമായും തകരാറിലാക്കുന്ന രോഗങ്ങൾ, ക്യാൻസർ എന്നിവക്കൊക്കെ വരെ  ഇത്തരം വസ്തുക്കളുടെ ദീർഘകാല ഉപയോഗം വഴിവക്കുന്നു. ഗുണമേന്മ ഉറപ്പുതരുന്ന അഗ്മാർക്ക് പോലുള്ള സർക്കാർ സർട്ടിഫിക്കേഷനുകൾ ഉള്ള ഉത്പന്നങ്ങൾ മാത്രം വാങ്ങുകയാണ് മായം കലർന്ന ഭക്ഷ്യപദാർത്ഥങ്ങളിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാനുള്ള മാർഗ്ഗം.

അഗ്മാർക് മുദ്ര 

പായ്ക്ക് ചെയ്ത് വില്പനയ്ക്കെത്തിക്കുന്ന കാർഷിക ഉത്പന്നങ്ങളുടെ ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ നൽകുന്ന അടയാളമാണ് അഗ്മാർക് ചിഹ്നം. വിപണിയിൽ എത്തിക്കുന്ന ഉത്പന്നം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും സർക്കാർ നിഷ്കർഷിക്കുന്ന നിലവാരം പുലർത്തുന്നുണ്ടെന്നും ഉറപ്പുവരുത്തിയശേഷം ഡയറക്ടറേറ്റ് ഓഫ് മാർക്കറ്റിംഗ് ആൻഡ് ഇൻസ്‌പെക്ഷൻ ആണ് അഗ്മാർക് മുദ്ര അനുവദിക്കുന്നത്. ഉത്പന്നങ്ങളുടെ പരിശോധനയും ഗുണനിലവാര നിർണ്ണയവും നടത്തുന്നതിനായി സംസ്ഥാനതലത്തിൽ കൃഷിവകുപ്പിനു കീഴിൽ സ്റ്റേറ്റ് അഗ്മാർക് ഗ്രേഡിംഗ് ലാബുകൾ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. 
ഈ ലാബുകൾ അഗ്മാർക് മുദ്രയ്ക്കായി അപേക്ഷിക്കുന്ന ഉത്പന്നങ്ങളുടെ പരിശോധന നടത്തി ഗുണമേന്മ മാനദണ്ഡങ്ങൾ അനുസരിച്ച് വിവിധ ഗ്രേഡുകളായി തരംതിരിക്കുന്നു. കാർഷിക ഉത്പന്നങ്ങളുടെ ഭൗതികവും ആന്തരികവുമായ സവിശേഷതകൾക്കനുസരിച്ചാണ് ഈ തരംതിരിക്കൽ. ഉത്പന്നങ്ങളുടെ തൂക്കം, വലിപ്പം, ആകൃതി, നിറം, അപദ്രവ്യങ്ങൾ, ഫാറ്റി ആസിഡുകൾ, കേടുപാടുകൾ, ഗുണത്തെ ബാധിക്കുന്ന ഈർപ്പം, ചൂട് തുടങ്ങിയവ കൊണ്ടുണ്ടാകാവുന്ന കേടുപാടുകൾ എന്നിവയെല്ലാം ഇക്കാര്യത്തിൽ പരിഗണിക്കപ്പെടുന്നു. ഉദാഹരണത്തിന് വെളിച്ചെണ്ണ നാലു തരത്തിലാണ് ഗ്രേഡ് ചെയ്യപ്പെടുന്നത്. റിഫൈൻഡ് ഗ്രേഡ്, ഗ്രേഡ് 1, ഗ്രേഡ് 2, ഗ്രേഡ് 3 എന്നിങ്ങിനെ. ഇതിൽ ആദ്യത്തെ മൂന്നു ഗ്രേഡുകളാണ് ഭക്ഷ്യയോഗ്യമായത്. ഗ്രേഡ് 3 വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഉള്ളതാണ്. 
ഇത്തരത്തിൽ തരംതിരിച്ച ശേഷം നൽകുന്ന അഗ്മാർക് മുദ്ര കൂടാതെ ഉത്പന്നത്തിൻ്റെ ഓരോ പാക്കറ്റിലും പതിക്കുന്നതിനായി പ്രത്യേകം നമ്പറുകളും അഗ്മാർക് അംഗീകാരത്തിന്റെൻ്റെ ഭാഗമായി നൽകുന്നു. അതായത് നമ്മൾ വാങ്ങുന്ന ഉത്പന്നത്തിൻ്റെ പാക്കറ്റിൽ അഗ്മാർക് മുദ്രയോടൊപ്പം പ്രത്യേകം നമ്പർ കൂടി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ഒരോ പാക്കറ്റിലേയും നമ്പർ വ്യത്യസ്തമല്ലേ എന്നും കൂടി ഉറപ്പുവരുത്തണം എന്നു സാരം.

നിലവിൽ, ക്ഷീരോത്പന്നങ്ങൾ, സസ്യ എണ്ണകൾ, മുട്ടകള്‍, പഴവർഗങ്ങൾ, പഴവർഗോത്പന്നങ്ങൾ, നാളികേരോത്പന്നങ്ങൾ, കാപ്പി, ഗോതമ്പ്, അരി, പരുത്തി, അടയ്ക്ക, ടർപൻ്റയിൻ‍, റസിൻ, കമ്പിളി, പുകയില, തുകൽസാധനങ്ങൾ തുടങ്ങി നാല്പതിലധികം ഉത്പന്നങ്ങളുടെ ഇരുന്നൂറ്റിയൻപതോളം ഇനങ്ങൾക്ക് അഗ്മാർക്ക് നല്കപ്പെട്ടിട്ടുണ്ട്.

ഗ്യാസ് ലിക്വിഡ് ക്രൊമാറ്റോഗ്രാഫി (GLC)

ഒരു മിശ്രിതത്തിലെ ഘടകങ്ങളെ വേർതിരിച്ചു പരിശോധിക്കുന്നതിനുള്ള സംവിധാനമാണ് ക്രൊമാറ്റോഗ്രാഫി. സങ്കീർണ്ണമായ സംയുക്തങ്ങളിലെ ഓരോ ഘടകങ്ങളുടേയും അളവ് വേർതിരിച്ച് മനസ്സിലാക്കി അതിൽ ഉൾപ്പെട്ടിട്ടുള്ള വസ്തുക്കൾ എന്തെല്ലാം എന്ന് മനസ്സിലാക്കാൻ ഏറെ സഹായകമായ ഒരു പരിശൊധനയാണിത്. 
പരിശോധനയ്ക്കുള്ള വസ്തു നേർപ്പിച്ച് ദ്രവരൂപത്തിൽ  ഈ സംവിധാനത്തിലൂടെ കടത്തിവിടുമ്പോൾ അതിലെ ഓരോ ഘടകങ്ങളും വേർതിരിഞ്ഞു ഓരോന്നിൻ്റെയും അളവ് കൃത്യമായി ലഭിക്കുന്നു. ഇതിൽ നിന്നും നിശ്ചിത വസ്തുവിൽ എന്തെല്ലാം ഘടകങ്ങൾ എത്ര അനുപാതത്തിൽ അടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കാൻ ആകും. പരിശോധന നടത്തിയ ഉത്പന്നത്തിൽ സാധാരണ നിലയിൽ കാണേണ്ട ഘടകങ്ങൾ കാണാതിരുന്നാലോ കാണരുതാത്ത ചില ഘടകങ്ങൾ കണ്ടെത്തുകയോ ചെയ്താൽ അതിൽ അന്യവസ്തുക്കൾ കലർന്നിട്ടുണ്ടെന്ന് മനസിലാക്കാം. 
ഉദാഹരണത്തിന് നല്ലെണ്ണ പോലുള്ള വസ്തുക്കളിൽ മായമുണ്ടോ എന്ന് കണ്ടെത്തുന്നതിന് ഈ സംവിധാനം ഏറെ ഗുണകരമാണ്. പരിശോധനയ്ക്കുള്ള എണ്ണ ഗ്യാസ് ലിക്വിഡ് ക്രൊമാറ്റോഗ്രഫി യന്ത്രത്തിലൂടെ കടത്തി വിടുമ്പോൾ എണ്ണയിൽ ഏതെല്ലാം ഫാറ്റി ആസിഡുകൾ എത്ര അളവിൽ ഉണ്ടെന്നു വേർതിരിച്ചറിയാനാകും. അതായത് ശുദ്ധമായ നല്ലെണ്ണയിൽ 41% വരെ ലിനോലിക് ആസിഡ് ഉള്ളപ്പോൾ എണ്ണയിൽ ചേർക്കുന്ന പ്രധാന മായമായ ആർജിമോൺ ഓയിലിൽ ഇതിൻ്റെ അളവ് 48% മുകളിലാണ്. നല്ലെണ്ണയിൽ 39% ഉള്ള ഒലീയിക് ആസിഡ് ആവട്ടെ ആർജിമോൻ എണ്ണയിൽ ഉള്ളത് ഏകദേശം 22% മാത്രം. ഇത്തരത്തിൽ പ്രധാനപ്പെട്ട നാലു ഫാറ്റി ആസിഡുകളുടെ സാന്നിധ്യം എത്രമാത്രം എന്ന് കണ്ടെത്തുക വഴി തന്നെ എണ്ണയിൽ ഏതെല്ലാം മായങ്ങൾ എത്ര തോതിൽ അടങ്ങിയിട്ടുണ്ടെന്ന് അറിയാൻ സാധിക്കും.

അതിനാൽ തന്നെ ബ്രാൻ്റുകൾ എത്ര പരിചിതമാണെങ്കിലും വിശ്വാസ്യത തോന്നിയാലും വാങ്ങുന്നത് കാർഷിക ഉത്പന്നമാണെങ്കിൽ അഗ്മാർക് മുദ്ര ഉണ്ടോ എന്നും ഒരോ പാക്കറ്റിനും പ്രത്യേക അഗ്മാർക്ക് നമ്പർ കൊടുത്തിട്ടുണ്ടോ എന്നും നോക്കുക. കൂടാതെ ആ ഉത്പന്നം GLC പരിശോധനയിൽ കൂടി കടന്നുപോയി ശുദ്ധമാണെന്ന് ഉറപ്പുവരുത്തിയതാണോ എന്നും നോക്കുക. ഇതു രണ്ടും ഉണ്ടെങ്കിൽ നമ്മുടെ അടുക്കളയിലേക്ക് ധൈര്യമായി ആ ഉത്പന്നത്തെ സ്വാഗതം ചെയ്യാം.