ഹൈപ്പർടെൻഷൻ എന്നത് കുറച്ച് പേരെയെങ്കിലും അലട്ടുന്നുണ്ടാകാം. രക്തധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ലംബമായി ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം അഥവാ ബ്ലഡ്പ്രഷർ (Blood Pressure). ഇത് രക്തത്തിന്റെ സഗുമമായ പ്രവാഹം ഉറപ്പുവരുത്തുന്നു. ഹൃദയത്തിന്റെ ഇടത്തേ വെൻട്രിക്കിൾ അറ സങ്കോചിച്ച് രക്തത്തെ ധമനീയിലേയ്ക്ക് തള്ളിവിടുമ്പോഴുണ്ടാകുന്ന രക്തസമ്മർദ്ദത്തെ സിസ്റ്റോളിക് രക്തസമ്മർദ്ദം (Systolic Blood Pressure) എന്നും ഹൃദയം വികസിച്ച് രക്തം നിറയുമ്പോൾ ഉണ്ടാകുന്ന ധമനീമർദ്ദത്തെ ഡയസ്റ്റോളിക് മർദ്ദം (Diastolic Blood Pressure) എന്നും വിളിക്കുന്നു. 

ആരോഗ്യവാനായ ഒരാളിൽ രക്തസമ്മർദ്ദം 120/80 മി.മീറ്റർ മെർക്കുറി എന്ന് സൂചിപ്പിക്കുന്നു. ഇതിൽ 120 മി.മീറ്റർ മെർക്കുറി എന്നത് സിസ്റ്റോളിക് രക്തസമ്മർദ്ദത്തേയും 80 മി.മീറ്റർ മെർക്കുറി എന്നത് ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തേയും സൂചിപ്പിക്കുന്നു. രക്തസമ്മർദ്ദം 140/ 90 നുമുകളിലായാൽ അത് ഉയർന്ന രക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം അഥവാ ഹൈപ്പർടെൻഷൻ (Hypertension) എന്നറിയപ്പെടുന്നു.

മദ്യം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം ,അമിത വണ്ണം, പുകവലി, പ്രായക്കൂടുതൽ എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. പലപ്പോഴും യഥാസമയം രക്താതിമര്‍ദം കണ്ടെത്താന്‍ കഴിയാറില്ല. ബി.പി. കൂടുന്നതിന സാധാരണയായി ലക്ഷണങ്ങളൊന്നും ഉണ്ടാവാറുമില്ല. വേദന , ദേഹാസ്വാസ്ഥ്യം, ക്ഷീണം തുടങ്ങി ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിലാണല്ലോ രോഗാവസ്ഥകള്‍ നാം തിരിച്ചറിയുന്നത്. ഹൈപ്പര്‍ടെന്‍ഷര്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. 

ചില ഭക്ഷണങ്ങള്‍  ഹൈപ്പർടെൻഷൻ നിയന്ത്രിക്കാന്‍ സഹായിക്കും. അടുത്തിടെ നടത്തിയ പഠനത്തില്‍ ബെറി ജ്യൂസ് കുടിക്കുന്നത്  ഹൈപ്പർടെൻഷൻ  നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തി. ബെറിപ്പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളാണ് ഇതിനായി സഹായിക്കുന്നത്. ഒപ്പം ഇത് ഹൃദോഗ സാധ്യതയും കുറയ്ക്കും. 

 

ബെറിപ്പഴങ്ങൾ എല്ലാം തന്നെ ഹൃദയത്തിന് വളരെ നല്ലതാണ്. ഫൈബറും ആന്റിഓക്സിഡന്റുകളും ശരിയായ അളവിൽ അടങ്ങിയിട്ടുള്ള പഴങ്ങളാണ് ഇവ. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.