കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് ബർത്തലോമിയോ ഒഗ്‌ബച്ചെയ്‌ക്ക്. സി കെ വിനീതിന്റെ 11 ഗോളിന്റെ റെക്കോർഡാണ് ഒഗ്‌ബച്ചെ മറികടന്നത്. സീസണിലെ അവസാന ഹോം മത്സരത്തില്‍ ബെംഗളൂരുവിനെതിരെ രണ്ടുതവണ ലക്ഷ്യം കണ്ടതോടെ ഒഗ്‌ബച്ചെയ്‌ക്ക് 13 ഗോളായി. 15 കളിയിൽ നിന്നാണ് നൈജീരിയൻ താരത്തിന്റെ 13 ഗോളുകൾ. 43 കളിയിൽ നിന്നാണ് വിനീത് 11 ഗോൾ നേടിയത്. 

കൊച്ചിയില്‍ കലിപ്പടക്കിയ വിജയം?

ബിഎഫ്‌സിക്കെതിരെ ഇരു പകുതികളിലായിട്ടായിരുന്നു ക്യാപ്റ്റന്റെ രണ്ട് ഗോളുകൾ. ഇതോടെ അവസാന ഹോം മത്സരത്തില്‍ ആരാധകരെ തൃപ്‌തിപ്പെടുത്തുന്ന പ്രകടനം പുറത്തെടുക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി. ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളിനാണ് നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു എഫ്‌സിയെ തോൽപിച്ചത്. ഐഎസ്എല്ലിൽ ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ജയം കൂടിയാണിത്.

പതിനാറാം മിനിറ്റിൽ ഡെഷോൺ ബ്രൗണിന്റെ ഗോളിന് പിന്നിലായ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സ് തലയുയർത്തിയത്. 45+3, 72 മിനുറ്റുകളിലായിരുന്നു ഒഗ്‌ബച്ചെയുടെ ഗോളുകള്‍. പ്ലേ ഓഫ് സാധ്യതകൾ നേരത്തേ അവസാനിച്ച ബ്ലാസ്റ്റേഴ്സ് 18 പോയിന്റുമായി ഏഴാംസ്ഥാനത്ത്. സെമിയുറപ്പിച്ച ബെംഗളൂരു 29 പോയിന്റുമായി മൂന്നാമതും. ഞായറാഴ്‍ച ഒഡീഷയ്‌ക്കെതിരെയാണ് സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം.