ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡിഷ എഫ്‌സി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ചതോടെ നാലാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ഒഡീഷ. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഒഡീഷയുടെ ജയം. ഇതോടെ 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഒഡീഷ അഞ്ചാം സ്ഥാനത്തേക്ക് കയറുകയായിരുന്നു. ഇത്രയും മത്സരങ്ങള്‍ കളിച്ച മുംബൈ സിറ്റിക്ക് 26 പോയിന്റുണ്ട്. ഇരുവര്‍ക്കും ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്. അതുകൊണ്ടുതന്നെ അവസാന മത്സരം ഇരുടീമുകളെയും സംബന്ധിച്ച് നിര്‍ണായകമാണ്. നോര്‍ത്ത് ഈസ്റ്റ് നേരത്തെ പ്ലേ ഓഫ് സാധ്യതകളില്‍ നിന്ന് പുറത്തായിരുന്നു.

ഒഡീഷക്കെതിരെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം ലീഡ് നേടിയത്. 24ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഷാവേസിന്റെ വകയായിരുന്നു ഗോള്‍. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒഡീഷ തിരിച്ചടിച്ചു. മാനുവര്‍ ഒന്‍വു 47ാം മിനിറ്റില്‍ ലീഡ് സമ്മാനിക്കുകയായിരുന്നു. 72ാം മിനിറ്റില്‍ മാര്‍ട്ടിന്‍ പെരസിലൂടെ ഒഡീഷ വിജയമുറപ്പിച്ച ഗോള്‍ നേടി. കൂടെ മൂന്ന് പോയിന്റും. അവസാന മത്സരത്തില്‍ ഒഡീഷയ്ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സാണ് എതിരാളി. മുംബൈ സിറ്റി, ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. 

നാളെ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നിലവിലെ ജേതാക്കളായ ബംഗളൂരു എഫ്‌സിയെ നേരിടും. കൊച്ചിയിലാണ് മത്സരം.