അടുത്ത മാസം രണ്ടിന് വെംബ്ലിയിലാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനൽ പോരാട്ടം. ചാമ്പ്യന്‍സ് ലീഗില്‍ റയലിന്‍റെ പതിനെട്ടാം കിരീടപ്പോരാട്ടണാണിത്.

മാഡ്രിഡ്: യൂവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ കളി തീരാന്‍ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ ഒരു ഗോളിന് പിന്നിലായിരുന്ന റയൽ മാഡ്രിഡ് അവസാന മൂന്ന് മിനിറ്റില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് രാജകീയമായി ഫൈനലിലെത്തി. 68-ാം മിനിറ്റിൽ അൽഫോൻസോ ഡേവിസിന്‍റെ ഗോളിലൂടെ ബയേണാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 88-ാം മിനിറ്റില്‍ ഹൊസേലുവിലൂടെ സമനില ഗോള്‍ കണ്ടെത്തിയ റയല്‍ മൂന്ന് മിനിറ്റിനകം ഇഞ്ചുറി ടൈമില്‍ ഹൊസേലുവിന്‍റെ ഗോളില്‍ തന്നെ ലീഡും വിജയവും പിടിച്ചെടുത്ത് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഇരുപാദങ്ങളിലുമായി 4-3ന്‍റെ ലീഡോടെയാണ് റയലിന്‍റെ ഫൈനല്‍ പ്രവേശനം. ആദ്യപാദ സെമിയില്‍ ഇരു ടീമുകളും 2-2 സമനിലയിൽ പിരിയികയായിരുന്നു.

ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ കണ്ടെത്താനായില്ലെങ്കിലും റയൽ മാഡ്രിഡാണ് തുടക്കം മുതലേ ആക്രമിച്ച് കളിച്ചത്. എന്നാൽ കളിയുടെ ഗതിക്കെതിരായി 68-ാം മിനിറ്റിൽ റയലിനെ ഞെട്ടിച്ച് ബയേൺ ലീഡെടുക്കുകയായിരുന്നു. ഹാരി കെയ്നിന്‍റെ അസിസ്റ്റിൽ അൽഫോൻസോയാണ് ഗോൾ സ്കോർ ചെയ്തത്. 71ാം മിനിറ്റില്‍ റയല്‍ സമനില ഗോള്‍ നേടിയെങ്കിലും വാര്‍ പരിശോധനയില്‍ അത് ഗോളല്ലെന്ന് റഫറി വിധിച്ചു. എന്നാൽ 88-ാം മിനിറ്റിൽ ബയേൺ ഗോൾ കീപ്പര്‍ മാന്യുവല്‍ ന്യൂയറുടെ പിഴവിൽ നിന്ന് ഹൊസേലു റയലിനായി സമനില ഗോൾ കണ്ടെത്തിയത്. വിനീഷ്യസ് ജൂനിയറിന്‍റെ ഷോട്ട് കൈയിലൊതുക്കുന്നതില്‍ ന്യൂയര്‍ക്ക് പിഴച്ചതാണ് റയലിന്‍റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.

Scroll to load tweet…

തൊട്ടുപിന്നാലെ ഹൊസേലുവിന്‍റെ രണ്ടാം ഗോളുമെത്തി. പിന്നീട് തിരിച്ചടിക്കാനുള്ള ശേഷി ബയേണിനുണ്ടായിരുന്നില്ല. ജർമൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ടാണ് ഫൈനലിൽ റയലിന്‍റെ എതിരാളി. സെമിയിൽ കിലിയന്‍ എംബാപ്പെയുടെ പിഎസ്‌ജിയെ തോൽപ്പിച്ചാണ് ഡോർട്ട്മുണ്ട് ഫൈനലിലേക്ക് മുന്നേറിയത്. അടുത്ത മാസം രണ്ടിന് വെംബ്ലിയിലാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനൽ പോരാട്ടം. ചാമ്പ്യന്‍സ് ലീഗില്‍ റയലിന്‍റെ പതിനെട്ടാം കിരീടപ്പോരാട്ടണാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക