മുഖസൗന്ദര്യത്തിന് ഇതാ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ
മുഖകാന്തിക്കായി പല തരം ഫേസ് പാക്കുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്...എന്നാൽ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ ഉപയോഗിച്ചിട്ടുണ്ടോ...? മുഖത്തെ കറുത്ത പാടുകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് തരം മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം...
ഒരു മുട്ടയുടെ മഞ്ഞക്കരു, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടിയ ശേഷം മസാജ് ചെയ്യുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂൺ ഓട്സ് പൊടിച്ചത്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് മുഖത്തിടുക. ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
ഒരു മുട്ടയുടെ വെള്ള അല്ലെങ്കിൽ മുട്ടയുടെ മഞ്ഞക്കരു, ഒരു പഴുത്ത അവോക്കാഡോയുടെ നാലിലൊന്ന്, ഒരു ടീസ്പൂൺ തൈര് ഈ മൂന്ന് ചേരുവകളാണ് ഫേസ് പാക്കിനായി വേണ്ടത്. ആദ്യം അവോക്കാഡോ നല്ല പേസ്റ്റായി ഉടച്ചെടുക്കുക. അതിനുശേഷം മുട്ടയുടെ വെള്ളയോ മുട്ടയുടെ മഞ്ഞയോ, തൈരിനോടൊപ്പം ചേർത്ത് ഈ പേസ്റ്റിലേക്ക് ചേർക്കുക. ഇത് മുഖത്ത് പുരട്ടുക. പേസ്റ്റ് ഉണങ്ങിക്കഴിഞ്ഞാൽ ചൂട് വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
രണ്ട് മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടി പൊടിയും ചേർത്ത് മുഖത്ത് ഇട്ട ശേഷം അഞ്ച് മിനിറ്റ് മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കുക.
ഒരു ബൗളില്‍ മുട്ടയുടെ വെള്ള നന്നായി അടിക്കുക. ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ റോസ് വാട്ടറും, ഒരു ടേബിള്‍ സ്പൂണ്‍ ഗ്ലിസറിനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും മൃദുലമാകാനും ഈ ഫേസ് പാക്ക് ഏറെ നല്ലതാണ്.