. ഹർജിയിൽ മറുപടി അറിയിക്കാൻ സർക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.  

കൊച്ചി: വഞ്ചനാക്കേസില്‍ 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കേരള ഹൈക്കോടതി. നടനും നിര്‍മാണ പങ്കാളിയുമായ സൗബിന്‍ ഷാഹിര്‍, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റാണ് തടഞ്ഞത്. ഇരുവരും നൽകിയ മുൻകൂർ ജാമ്യാപേക്ഷയില്‍ ആണ് അവധിക്കാല ബെഞ്ചിന്റെ നടപടി.

ഹർജിയിൽ മറുപടി അറിയിക്കാൻ സർക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ ഹിറ്റായെങ്കിലും നിർമാണത്തിന് പണം മുടക്കിയതിന് കരാർ പ്രകാരമുള്ള തുക തിരികെ കിട്ടിയില്ല എന്ന സ്വകാര്യ പരാതിയിലാണ് മരട് പൊലീസ് നേരത്തെ കേസ് എടുത്തത്. ഹർജി 22ന് വീണ്ടും പരിഗണിക്കും. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്‍റണി എന്നിവർക്കെതിരെ വിശ്വാസ വ‌ഞ്ചന , ഗൂഡാലോചന, വ്യാജരേഖ ചമക്കൽ അടക്കമുള്ള വകുപ്പ് ചുമത്തി കേസ് എടുത്തിരിക്കുന്നത്. 

മലയാള സിനിമയിലെ ആദ്യത്തെ 200 കോടി ക്ലബ്ബ് സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി വ‌ഞ്ചിച്ചെന്ന് പരാതിക്കാരനായ സിറാജ് വലിയത്തറ പരാതിയില്‍ പറഞ്ഞിരുന്നു. 7 കോടി രൂപയാണ് സിറാജ് നൽകിയതെന്നും ഇതിൽ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് കൈമാറിയതെന്നും ഇയാള്‍ പറഞ്ഞിരുന്നു. പറവ ഫിലിംസിന്‍റേയും(സൗബിന്‍) പാർട്ണർ ഷോൺ ആന്‍റണിയുടെയും ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു. 

'എന്റെ പ്രചോദനം മമ്മൂക്ക', ബയോപിക് ചെയ്യാൻ മമ്മൂട്ടി ​ഗ്രീൻ സിഗ്നൽ നൽകിയോ? നിവിൻ പറയുന്നു

അതേസമയം, മഞ്ഞുമ്മല്‍ ബോയ്സ് തിയറ്റര്‍ റണ്‍ അവസാനിപ്പിച്ച് ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം 242 കോടി രൂപയാണ് ആകെ മഞ്ഞുമ്മല്‍ ബോയ്സ് നേടിയ കളക്ഷന്‍. ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ജാന്‍ എ മന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം കൂടി ആയിരുന്നു ഇത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..