കോവിഡ് പ്രതിസന്ധി; മത്സ്യകർഷകർക്ക് വിപണിയൊരുക്കി സിഎംഎഫ്ആർഐ
First Published Nov 27, 2020, 4:11 PM IST
ശുദ്ധമായ മീൻ കഴിക്കാൻ അവസരമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കൂടുകൃഷിയിൽ വിളവെടുത്ത കാളാഞ്ചി, കരിമീൻ, ചെമ്പല്ലി, തിലാപ്പിയ എന്നീ മത്സ്യങ്ങൾ ജീവനോടെ ഇനി മുതൽ എല്ലാ പ്രവൃത്തി ദിനങ്ങളിലും സിഎംഎഫ്ആർഐയിൽ നിന്ന് നേരിട്ട് വാങ്ങാമെന്ന് സിഎംഎഫ്ആർഐ അറിയിച്ചു. സിഎംഎഫ്ആർഐയിലെ കാർഷിക സാങ്കേതികവിദ്യാ വിവര കേന്ദ്രം (അറ്റിക്), എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ സാങ്കേതിക സഹായത്തോടെ കൂടുമത്സ്യ കൃഷി നടത്തുന്ന കർഷകരാണ് സിഎംഎഫ്ആർഐയിൽ സ്ഥിരമായി ഒരുക്കിയ 'ലൈവ് ഫിഷ് കൗണ്ടർ' സംവിധാനത്തിലൂടെ വിൽപന നടത്തുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ മത്സ്യവിപണനത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിഎംഎഫ്ആർഐ പദ്ധതി ആരംഭിച്ചത്. ഇടനിലക്കാരുടെ സഹായമില്ലാതെ തന്നെ ആവശ്യക്കാരിലേക്ക് മത്സ്യമെത്തിക്കാൻ ഇതുവഴി സാധിക്കും.

കൃഷിയുടെ ഉൽപദാനചിലവിന്‍റെ 30 ശതമാനം വരെ ഇടനിലക്കാർമുഖേന കർഷകർക്ക് നഷ്ടപ്പെടുന്നുണ്ട്. ഇവിടെ ഇടനിലക്കാരില്ലാത്തതിനാല്‍ മത്സ്യത്തിന്‍റെ വില കർഷകര്‍ക്ക് നേരിട്ട് ലഭിക്കുന്നു. മാത്രമല്ല, കലർപ്പില്ലാത്ത ശുദ്ധമായ മത്സ്യം ജീവനോടെ തന്നെ സ്വന്തമാക്കാൻ മത്സ്യപ്രേമികൾക്കും അവസരം ലഭിക്കുന്നു.
Post your Comments