കാലാവസ്ഥാ വ്യതിയാനം: അതിവേഗം ഉരുകി 'ഡൂംസ്ഡേ ഹിമാനി'; സമുദ്രനിരപ്പ് 10 അടി ഉയരുമെന്ന് ശാസ്ത്രജ്ഞര്‍
യുഎസ് സംസ്ഥാനമായ ഫ്ലോറിഡയുടെ അത്രയും വലുപ്പമുള്ള പശ്ചിമ അന്‍റാര്‍ട്ടിക്കയിലെ 'ത്വൈറ്റ്സ് ഹിമാനി' വിചാരിച്ചതിലും അതിവേഗം ഉരുകുന്നുവെന്ന് പുതിയ പഠനം. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണക്ക് കൂട്ടിയതിലും വേഗത്തിലാണ് ഇപ്പോള്‍ ഹിമാനി ഉരുകുന്നതെന്ന് വിദഗ്ദര്‍ അവകാശപ്പെടുന്നു. 'ഡൂംസ്ഡേ ഹിമാനി' എന്നറിയപ്പെടുന്ന ത്വൈറ്റ്സ് ഹിമാനി ഉരുകിയാല്‍ അത് ആഗോള സുമദ്രനിരപ്പ് ഉയരുന്നതിന് കാരണമാകും. ത്വൈറ്റ്സും ചുറ്റുമുള്ള മഞ്ഞുമൂടിയ തടാകങ്ങളും ഉരുകിയാല്‍ അത് ആഗോള സമുദ്രനിരപ്പ് 10 അടി, അതായത് ഏതാണ്ട് മൂന്ന് മീറ്റര്‍ ഉയരത്തിലെത്തുന്നതിന് കാരണമാകുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുകെയുടെ മൊത്തം വലിപ്പത്തേക്കാൾ അൽപ്പം ചെറുതാണ് ത്വൈറ്റ്സ് ഹിമാനികൾ, ഏകദേശം വാഷിംഗ്ടൺ സംസ്ഥാനത്തിന്‍റെ അത്രയും വലിപ്പം. അന്‍റാര്‍ട്ടിക്കയ്ക്ക് ചേര്‍ന്നുള്ള ആമുണ്ട്സെൻ കടലിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഡൂംസ്ഡേ ഹിമാനിക്ക് 4,000 മീറ്റർ (13,100 അടി കനം) വരെ ഉയരമുള്ളതാണ് ഇത്. ആഗോള സമുദ്രനിരപ്പ് ഉയരുന്നതിന്‍റെ പ്രവചനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി ത്വൈറ്റ്സ് ഹിമാനികളെ കണക്കാക്കുന്നു.
ഹിമാനികൾ ഉരുകുന്നത് ആഗോള സമുദ്രനിരപ്പിനെ ഏങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ചുള്ള പഠനം ഏറെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ആദ്യമായിട്ടാണ് ഉയർന്ന റെസല്യൂഷനിൽ ത്വെയ്റ്റിനു മുന്നിലുള്ള കടൽത്തീരത്തിന്‍റെ നിർണായകമായ ഒരു മാപ്പ് ശാസ്ത്രജ്ഞര്‍ തയ്യാറാക്കുന്നത്.
അതിശയകരമായ ഇമേജറി ശാസ്ത്രത്തിന് പുതിയ ഭൂമിശാസ്ത്രപരമായ സവിശേഷതകളിലേക്ക് കടക്കാന്‍ സഹായിച്ചു. കൂടാതെ ത്വൈറ്റ് ഹിമാനിയുടെ ഭാവി എന്തായിരിക്കുമെന്നതിന് ഏതാണ്ട് കൃത്യമായൊരു ഉത്തരം കണ്ടെത്താനും ഈ മാപ്പിങ്ങിലൂടെ ശാസ്ത്രലോകത്തിന് കഴിഞ്ഞെന്ന് സൗത്ത് ഫ്ലോറിഡ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മറൈൻ സയൻസിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പുതിയ ചിത്രങ്ങളുടെ വിശകലനത്തില്‍ നിന്നും ത്വൈറ്റ് ഹിമാനികളുടെ പിൻവാങ്ങലിന്‍റെ നിരക്ക് അതിന്‍റെ മുൻകാലങ്ങളിലെ ഏറ്റവും വേഗതയേറിയ മാറ്റങ്ങളെ അപേക്ഷിച്ച് വലുതാണ്. ഭാവിയിൽ ചെറിയ സമയക്രമത്തിൽ ഹിമാനിക്ക് വലിയ മാറ്റങ്ങൾ കാണാൻ കഴിയുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.
ഡൂംസ്ഡേ ഹിമാനിയില്‍ 160-ലധികം സമാന്തര വിള്ളലുകള്‍ സംഘം കണ്ടെത്തി. അവ ഒരു കാൽപ്പാട് പോലെ ഹിമാനിയെ ചുറ്റിനില്‍ക്കുന്നതായി പഠനം പറയുന്നു. ഇത് ഹിമാനിയുടെ മുൻവശത്തേക്ക് പിൻവാങ്ങുകയും ദൈനംദിന വേലിയേറ്റങ്ങൾക്കൊപ്പം മുകളിലേക്കും താഴേക്കും നീങ്ങുകയും ചെയ്യുന്നു.
'നിങ്ങൾ കടൽത്തീരത്ത് ഒരു ടൈഡ് ഗേജിലേക്ക് നോക്കുന്നത് പോലെയാണ് ഇത്,' ജിയോഫിസിസ്റ്റ് അലസ്റ്റർ ഗ്രഹാം പറയുന്നു. ത്വൈറ്റ്സിന്‍റെ മുൻകാല പിന്മാറ്റം മനസിലാക്കുന്നതിന് ധ്രുവ സമുദ്രത്തിനടിയിൽ അര മൈലിൽ (700 മീ) മുങ്ങിക്കിടക്കുന്ന വാരിയെല്ല് പോലുള്ള രൂപങ്ങൾ (വിള്ളലുകള്‍) ഗവേഷകർ വിശകലനം ചെയ്തു.
കഴിഞ്ഞ 200 വർഷത്തിനിടയിൽ, ആറ് മാസത്തിൽ താഴെ കാലയളവിൽ, ഹിമാനിയുടെ മുൻഭാഗം ഒരു കടൽത്തീരത്തോടുകൂടിയ ബന്ധം നഷ്‌ടപ്പെടുകയും പ്രതിവർഷം 1.3 മൈൽ (2.1 കി.മീ.)-ലധികം വേഗതയിൽ പിൻവാങ്ങുകയും ചെയ്തു. ഇത് നേരത്തെ രേഖപ്പെടുത്തിയ നിരക്കിന്‍റെ ഇരട്ടിയാണ്. 2011 നും 2019 നും ഇടയിൽ ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഈ പഠനം സാധ്യമാക്കിയത്.
'ഞങ്ങളുടെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്, കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളിൽ ത്വൈറ്റ്സ് ഹിമാനിയിൽ വളരെ വേഗത്തിലുള്ള പിൻവാങ്ങലിന്‍റെ സ്വാഭാവം സംഭവിച്ചിട്ടുണ്ടെന്നാണ്. ഒരു പക്ഷേ, 20-ആം നൂറ്റാണ്ടിന്‍റെ മധ്യത്തിലാകാം ഇത് സംഭവിച്ചത്' ഗ്രഹാം പറയുന്നു.
ബ്രിട്ടീഷ് അന്‍റാർട്ടിക് സർവേയിൽ നിന്നുള്ള മറൈൻ ജിയോഫിസിസ്റ്റും പഠന സഹ-രചയിതാവുമായ റോബർട്ട് ലാർട്ടർ പറയുന്നത്, 'ത്വൈറ്റ്സ് ഇന്ന് പരസ്പരം ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. ഭാവിയിൽ ചെറിയ സമയക്രമങ്ങളിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. അതിന്‍റെ പരസ്പരബന്ധം നഷ്ടമായി ഹിമാനി രണ്ടായി വിഭജിക്കാം.' എന്നാണ്.
ഇമേജറിയെ പിന്തുണയ്‌ക്കുന്ന ജിയോഫിസിക്കൽ ഡാറ്റയും ശേഖരിക്കുന്നതിനായി, യുഎസ്, യുകെ, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ ഉൾപ്പെട്ട സംഘം, 2019 ലെ ഒരു പര്യവേഷണത്തിനിടെ ഇമേജിംഗ് സെൻസറുകൾ ഘടിപ്പിച്ച അത്യാധുനിക ഓറഞ്ച് റോബോട്ടിക് വാഹനം പുറത്തിറക്കിയിരുന്നു.
ഹ്യൂസ്റ്റണിന്‍റെ വലിപ്പമുള്ള ഹിമാനിയുടെ മുൻവശത്തുള്ള കടൽത്തീരത്തിന്‍റെ ഒരു പ്രദേശം അത് മാപ്പ് ചെയ്തു. കടല്‍ ഹിമത്തിന്‍റെ അഭാവത്താൽ ശ്രദ്ധേയമായ അസാധാരണമായ വേനൽക്കാലത്ത് അത് ഹിമാനിയുടെ ഏറ്റവും ദയനീയമായ ചിത്രങ്ങള്‍ ശേഖരിച്ചു. ചരിത്രത്തിലാദ്യമായി ഹിമാനിയുടെ മുൻഭാഗത്തേക്ക് പ്രവേശിക്കാൻ ഇതുവഴി ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു.
'റാൻ ശേഖരിച്ച ചിത്രങ്ങൾ ഇന്ന് ഹിമാനിക്കും സമുദ്രത്തിനും ഇടയിലുള്ള നിർണായകമായ സ്ഥലത്ത് നടക്കുന്ന പ്രക്രിയകളെക്കുറിച്ചുള്ള സുപ്രധാന ഉൾക്കാഴ്ചകൾ നൽകുന്നു.'കടൽത്തീരത്തെ അവശിഷ്ടങ്ങൾ നേരിട്ട് ശേഖരിക്കാനും കാണാനും സംഘത്തിന് താൽപ്പര്യമുണ്ടെന്ന് ഗ്രഹാം പറഞ്ഞു. അതിനാൽ അവർക്ക് ഹിമാനിയിലെ വിള്ളലുകള്‍ പോലുള്ള സവിശേഷതകൾ കൂടുതൽ കൃത്യമായി കണക്ക് കൂട്ടാന്‍ കഴിയും.
'എന്നാൽ ഐസ് വളരെ വേഗത്തിൽ ഞങ്ങളുടെ മേൽ അടച്ചു, ഈ പര്യവേഷണത്തിൽ വിള്ളലുകളിലേക്ക് എത്തിചേരും മുമ്പ് ഞങ്ങൾക്ക് തിരികെ പോകേണ്ടിവന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഏകദേശം 40 ശതമാനം മനുഷ്യര്‍ മാത്രമാണ് തീരത്ത് നിന്ന് 60 മൈലുകൾക്കുള്ളില്‍ ജീവിക്കുന്നത്. ത്വൈറ്റ്സ് ഹിമാനിയെ നന്നായി മനസ്സിലാക്കാനുള്ള ക്രോസ്-ഡിസിപ്ലിനറി കൂട്ടായ ശ്രമത്തിന്‍റെ ഭാഗമാണ് ഈ പഠനം. യുഎസ്എഫ് കോളേജ് ഓഫ് മറൈൻ സയൻസിന്‍റെ ഡീൻ ടോം ഫ്രേസർ പറഞ്ഞു.ഇത് സംബന്ധിച്ച് പഠനം നേച്ചർ ജിയോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചു.