ഇതാണ് കണക്ക്, ജീവിച്ചിരിക്കെ അവയവം ദാനം ചെയ്യുന്നവരിൽ അഞ്ചിൽ നാലും സ്ത്രീകൾ, സ്വീകരിക്കുന്നതോ?
നാഷണല്‍ ഓര്‍ഗന്‍ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് ഓര്‍ഗനൈസേഷന്‍റെ കണക്ക് പ്രകാരം മരണ ശേഷം അവയവം ദാനം ചെയ്യുന്നവരില്‍ പുരുഷന്മാരാണ് മുന്നില്‍.

ജീവിച്ചിരിക്കെ ഇന്ത്യയില്‍ അവയവം ദാനം ചെയ്യുന്ന അഞ്ചില്‍ നാല് പേരും സ്ത്രീകളാണെന്ന് പഠനം. അതേസമയം അവയവം സ്വീകരിക്കുന്നവരില്‍ അഞ്ചില്‍ നാല് പേരും പുരുഷന്മാരാണ്. 1995 മുതൽ 2021 വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 29,000 പുരുഷന്മാർ അവയവം സ്വീകരിച്ചപ്പോള്‍ 6,945 സ്ത്രീകളില്‍ മാത്രമാണ് അവയവ സ്വീകര്‍ത്താക്കളായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ അസമത്വത്തിന് സാമ്പത്തിക സാമൂഹിക കാരണങ്ങളുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
നാഷണല്‍ ഓര്‍ഗന്‍ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് ഓര്‍ഗനൈസേഷന്‍റെ (നോട്ടോ) കണക്ക് പ്രകാരം മരണ ശേഷം അവയവം ദാനം ചെയ്യുന്നവരില്‍ പുരുഷന്മാരാണ് മുന്നില്‍. അതേസമയം ജീവിച്ചിരിക്കെ അവയവം ദാനം ചെയ്യുന്നതില്‍ സ്ത്രീകളാണ് ഒന്നാമതെന്ന് നോട്ടോ ഡയറക്ടര്‍ ഡോ അനില്‍ കുമാര്‍ പറഞ്ഞു. രാജ്യത്തെ മൊത്തം അവയവ ദാനത്തിൽ 93 ശതമാനവും ജീവിച്ചിരിക്കെയുള്ള അവയവ ദാനമാണെന്നും അദ്ദേഹം പറഞ്ഞു.
2021ൽ എക്സ്പിരിമെന്റൽ ആൻഡ് ക്ലിനിക്കൽ ട്രാൻസ്പ്ലാൻറേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം പറയുന്നത് അവയവം മാറ്റിവയ്ക്കലിന്റെ കാര്യത്തിൽ രാജ്യത്ത് വന്‍ ലിംഗ അസമത്വമുണ്ടെന്നാണ്. ഭാര്യയോ അമ്മയോ ആണ് പലപ്പോഴും ദാതാക്കള്‍. പല വീടുകളിലും പുരുഷന്മാരാണ് പുറത്തുപോയി ജോലി ചെയ്ത് സമ്പാദിക്കുന്നത്. ഇത്തരം സാമ്പത്തിക, സാമൂഹ്യ കാരണങ്ങളാല്‍, പുരുഷന്മാര്‍ അവയവ ദാതാക്കളായാല്‍ കുടുംബത്തിന്‍റെ നില താറുമാറാകുമെന്ന ധാരണ സമൂഹത്തിലുണ്ട്. എന്നാല്‍ പുരുഷന് അവയവം ആവശ്യം വരുമ്പോള്‍ അവയവ ദാനമെന്നത് തങ്ങളുടെ കടമയാണെന്ന് ഭാര്യയും അമ്മയുമെല്ലാം കരുതുന്നു. കുടുംബത്തോടുള്ള കരുതല്‍ കാരണം സ്ത്രീകള്‍ കുടുംബത്തില്‍ നിന്ന് അവയവം സ്വീകരിക്കാന്‍ മടിക്കുന്ന സാഹചര്യവുമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
World Organ Donation Day 2023 : ഇന്ന് ലോക അവയവദാന ദിനം ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
പുനെയിലെ ഡി വൈ പാട്ടീൽ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ അവയവമാറ്റ കോർഡിനേറ്റർ മയൂരി ബാർവെ പറഞ്ഞതിങ്ങനെ- "കഴിഞ്ഞ 15 വർഷമായി ഞാൻ ഈ രംഗത്ത് പ്രവർത്തിക്കുന്ന ആളാണ്. ഒരിക്കല്‍ മാത്രമാണ് ഒരു ഭർത്താവ് ഭാര്യക്ക് അവയവം ദാനം ചെയ്യാൻ മുന്നോട്ട് വന്നത്. സാധാരണയായി ഭാര്യമാരും അമ്മമാരുമാണ് അവയവ ദാനത്തിന് തയ്യാറായി മുന്നോട്ടുവരുന്നത്. അതു കഴിഞ്ഞാല്‍ അച്ഛന്മാര്‍ മക്കള്‍ക്കായി അവയവ ദാതാക്കളാവുന്നു"