ഈ സീസണോടെ ടീം വിടുന്ന രണ്ടാം ഗോള്‍കീപ്പര്‍ സ്റ്റഫാന്‍ ഒര്‍ട്ടേഗയ്ക്ക് പകരം എമി മാര്‍ട്ടിനസിനെ ടീമിലെത്തിക്കണമെന്നാണ് കോച്ച് പെപ് ഗ്വാര്‍ഡിയോള ആഗ്രഹിക്കുന്നത്.

മാഞ്ചസ്റ്റര്‍: അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗ് ക്ലബ് ആസ്റ്റന്‍ വില്ലയുടെ ഗോളിയാണിപ്പോള്‍ എമി മാര്‍ട്ടിനസ്. ലോക ഫുട്‌ബോളില്‍ നിലവിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ് എമിലിയാനോ മാര്‍ട്ടിനസ്. അര്‍ജന്റീനയുടെ ലോകകപ്പ്, കോപ്പ അമേരിക്ക വിജയങ്ങളില്‍ ഏറ്റവും നിര്‍ണായക പങ്കുവഹിച്ചതാരം. പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ഇപ്പോള്‍ എമി മാര്‍ട്ടിനസിനെക്കാള്‍ മികച്ചൊരു ഗോള്‍കീപ്പറെ കണ്ടെത്താനാവില്ല.

എമി മാര്‍ട്ടിനസിന്റെ ഈ മികവ് സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. ഈ സീസണോടെ ടീം വിടുന്ന രണ്ടാം ഗോള്‍കീപ്പര്‍ സ്റ്റഫാന്‍ ഒര്‍ട്ടേഗയ്ക്ക് പകരം എമി മാര്‍ട്ടിനസിനെ ടീമിലെത്തിക്കണമെന്നാണ് കോച്ച് പെപ് ഗ്വാര്‍ഡിയോള ആഗ്രഹിക്കുന്നത്. ബ്രസീലിയന്‍ താരം എഡേഴ്‌സനാണ് സിറ്റിയുടെ ഒന്നാം ഗോളി. 2017ല്‍ ബെന്‍ഫിക്കയില്‍ നിന്ന് സിറ്റിയിലെത്തിയ എഡേഴ്‌സണ്‍ ക്ലബിനായി 329 മത്സരങ്ങളില്‍ കളിച്ചു. 256 ഗോള്‍ വഴങ്ങിയപ്പോള്‍ 153 ക്ലീന്‍ഷീറ്റുകള്‍ സ്വന്തമാക്കി. 

2026ലാണ് എഡേഴ്‌സന്റെ കരാര്‍ അവസാനിക്കുക. ഈ സീസണില്‍ എഡേഴ്‌സന് ഇടയ്ക്കിടെ പരിക്കേറ്റതോടെയാണ് എമി മാര്‍ട്ടിനസിനെ ടീമിലെത്തിക്കാന്‍ പെപ് ഗ്വാര്‍ഡിയോള സിറ്റി മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അര്‍ജന്റീനയ്‌ക്കൊപ്പം അന്താരാഷ്ട്ര ഫുട്‌ബോളിലെ എല്ലാ കിരീടവും നേടിയ തന്റെ ശേഷിക്കുന്നസ്വപ്നം ചാംപ്യന്‍സ് ലീഗ് കിരീടമാണെന്ന് എമി മാര്‍ട്ടിനസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

പവര്‍പ്ലേയില്‍ ഹൈദരാബാദിന് കടിഞ്ഞാണിട്ടത് സഞ്ജുവിന്റെ ബുദ്ധി! കൂറ്റനടിക്കാരെ അനങ്ങാന്‍ വിടാതെ ബൗളര്‍മാര്‍

ഇതുകൊണ്ടുതന്നെ എമി മാര്‍ട്ടിനസ് സിറ്റിയുടെ ഓഫര്‍ സ്വീകരിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സീസണില്‍ 45 മത്സരങ്ങളില്‍ ആസ്റ്റന്‍വില്ലയുടെ ഗോള്‍വലയം കാത്ത എമി മാര്‍ട്ടിനസ് 56 ഗോള്‍ വഴങ്ങിയപ്പോള്‍ 15 ക്ലീന്‍ ഷീറ്റ് സ്വന്തമാക്കി. മാത്രമല്ല, വില്ലക്ക് യുവേഫ ചാംപ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടി കൊടുക്കനും എമിക്ക് സാധിച്ചു. പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്തുണ്ട് വില്ല. യുവേഫ കോണ്‍ഫെറന്‍സ് ലീഗിന്റെ സെമിയിലെത്താനും വില്ലക്കായി.