Asianet News MalayalamAsianet News Malayalam

അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കി പാകിസ്ഥാന്‍ ചാനലിന്‍റെ ലോകകപ്പ് പരസ്യം; വിവാദം

അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ സവിശേഷ മീശയും രൂപ സാദൃശ്യമുള്ള ആള്‍ നീല ജഴ്സിയിട്ട് കൈയ്യില്‍ ചായകോപ്പയുമായി ക്യാമറയോട് സംസാരിക്കുന്നതാണ് പരസ്യം. പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ചോദ്യം ചെയ്യലിനിടെ പുറത്തുവിട്ട വീഡിയോക്ക് സമാനമായാണ് പരസ്യം നിര്‍മിച്ചിരിക്കുന്നത്. 

pakistan channel mocking abhinandan vardhaman
Author
New Delhi, First Published Jun 11, 2019, 3:38 PM IST

ദില്ലി: പാകിസ്ഥാന്‍ പിടിയിലാകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കി പാകിസ്ഥാനില്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവി പുറത്തിറക്കിയ പരസ്യം വിവാദമാകുന്നു. ജൂണ്‍ 16ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായാണ് പരസ്യം ഇറക്കിയത്. അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ സവിശേഷ മീശയും രൂപ സാദൃശ്യവുമുള്ള ആള്‍ നീല ജഴ്സിയിട്ട് കൈയ്യില്‍ ചായകോപ്പയുമായി ക്യാമറക്ക് മുന്നില്‍ സംസാരിക്കുന്നതാണ് പരസ്യം.

പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ചോദ്യം ചെയ്യലിനിടെ പുറത്തുവിട്ട വീഡിയോക്ക് സമാനമായാണ് പരസ്യം നിര്‍മിച്ചിരിക്കുന്നത്. ടോസ് നേടിയാല്‍ ഇന്ത്യയുടെ പ്ലയിംഗ് ഇലവനെയും കളി തന്ത്രങ്ങളെയും കുറിച്ച് ചോദിക്കുമ്പോള്‍ അയാം സോറി, അക്കാര്യം പറയാന്‍ എനിക്ക് അനുമതിയില്ലെന്ന് മറുപടി പറയുന്നു. ചോദ്യം ചെയ്യലിനിടയില്‍ അഭിനന്ദന്‍ പറഞ്ഞതും ഇതേ ഉത്തരമായിരുന്നു. ഒടുവില്‍ ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ചായ നല്ലതായിരുന്നെന്നും അഭിനേതാവ് ഉത്തരം പറയുന്നു.

എങ്കില്‍ നിങ്ങള്‍ക്ക് പോകാമെന്ന് പറയുമ്പോള്‍ കപ്പുമായി എഴുന്നേല്‍ക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച്, കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്. 

പരസ്യം അഭിനന്ദനെ വംശീയമായി അധിക്ഷേപിക്കുകയാണെന്നും ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം മെച്ചപ്പെടുക്കാനുള്ള ശ്രമത്തിന് തിരിച്ചടിയാകുമെന്നും വിമര്‍ശനമുയര്‍ന്നു. ഫെബ്രുവരി 27നാണ് ബാലാകോട്ട് ആക്രമണത്തിനിടെ ഇന്ത്യന്‍ എയര്‍ഫോഴ്സ് വിങ് കമാന്‍ഡറായ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പിടിയിലാകുന്നത്. പിന്നീട് അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് അഭിനന്ദനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി.  

Follow Us:
Download App:
  • android
  • ios