മികച്ച നവാഗത സംവിധായകന്‍, ജസരി ഭാഷയിലെ മികച്ച ചിത്രം തുടങ്ങിയ ദേശീയ പുരസ്കാരങ്ങള്‍  സ്വന്തമാക്കിയ സംവിധായകന്‍ പാമ്പള്ളിയുടെ 'സിന്‍ജാര്‍' 23ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പോട്ട്പൂരി വിഭാഗത്തില്‍ പ്രദര്‍ശനത്തിനുണ്ട്. ലക്ഷദ്വീപിലെ ജസരിഭാഷയിലെടുത്ത ആദ്യ ചിത്രമാണ് സിന്‍ജാര്‍.  ഐഎസ്ഐഎസ് ഭീകരരടെ പിടിയില്‍പെട്ടുപോകുന്ന രണ്ട് സാധാരണക്കാരായ സ്ത്രീകളും അവരുടെ പോരാട്ടവും തിരിച്ച് സ്വന്തം നാട്ടിലെത്തുമ്പോള്‍ അവര്‍ നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ചിത്രത്തിന്റെ വിശേഷങ്ങള്‍ പാമ്പള്ളി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവയ്‍ക്കുന്നു. അലീന പി സി നടത്തിയ അഭിമുഖം.


ആദ്യത്തെ ഫീച്ചര്‍ ഫിലിം; എന്തുകൊണ്ട് ലക്ഷദ്വീപ് പശ്ചാത്തലത്തില്‍?

ലക്ഷദ്വീപ് ഭാഷയിലേക്ക് ചിത്രം പോകാനുള്ള പ്രധാന കാരണം തന്നെ അവിടുത്തെ ജസരി ഭാഷയാണ്. പത്ത് ഇരുന്നൂറ് വര്‍ഷമായി അവിടെ നില്‍ക്കുന്ന ഈ സംസാര ഭാഷ നശിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്.  ലക്ഷദ്വീപിലുള്ള ബഹുഭൂരിപക്ഷം ആളുകള്‍ പഠിക്കുന്നതും കൂടുതലും ഇടപഴകുന്നതും കേരളവുമായതുകൊണ്ട് മലയാളത്തിന് അവിടെ വലിയൊരു പങ്കുണ്ട്. പുതിയ തലമുറ സംസാരിക്കുന്നത് മലയാളവും ഇംഗ്ലീഷുമാണ്. പക്ഷേ പഴയ തലമുറിയിലുള്ള മുഴുവന്‍ ആളുകളും സംസാരിക്കുന്നത് ജസരി ഭാഷയിലാണ്.

പത്ത് വര്‍ഷം കഴിയുന്നതോടെ ഒരുപക്ഷേ സംസാര ഭാഷ തന്നെ ഇല്ലാതാകുമെന്ന അവസ്ഥയുണ്ട്.  ജസരി ഭാഷയില്‍ ആദ്യത്തെ സിനിമയാണ് സിന്‍ജാര്‍. ആ ഭാഷയിലൊരു സിനിമ  നിര്‍മ്മിക്കപ്പെട്ടതോട് കൂടിയാണ് ആ ഭാഷയെക്കുറിച്ച് പലരും ചിന്തിക്കുന്നത്.  ലക്ഷദ്വീപിലുള്ളവര്‍ വരെ ഞങ്ങളുടെ ഭാഷ ജസരിയാണെന്ന് പറയുന്ന ഒരു ഘട്ടത്തിലേക്ക് എത്തിയതും ഈ ഭാഷയിലില്‍ ഒരു സിനിമ നിര്‍മ്മിക്കപ്പെട്ടതോട് കൂടിയാണ്. മലയാളത്തില്‍ എഴുതപ്പെട്ട സ്ക്രിപ്റ്റ് ലക്ഷദ്വീപിലെ ഒരു മുക്കുവന്‍റെ കഥയായ് മാറ്റി.

നിര്‍മ്മാതാവ് ഷിബു വി സുശീലനോട് ജസരി ഭാഷയേക്കുറിച്ച് പറഞ്ഞപ്പോള്‍ എങ്കില്‍ എന്തുകൊണ്ട് ആ ഭാഷയില്‍ സിനിമയെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുകൂടായെന്ന് നിര്‍മ്മാതാവ് ചോദിച്ചു. ഒരുവര്‍ഷത്തോളം ലക്ഷദ്വീപില്‍ ചെന്ന് താമസിച്ച് പഠിച്ചു.  ജസരി ഭാഷയ്‍ക്ക് ലിപിയില്ല. അതുകൊണ്ട് തന്നെ മലയാളത്തിലെഴുതിയ തിരക്കഥ മംഗ്ലീഷ് പോലെ ജസരിയിലേക്ക് മാറ്റിയെഴുതി.

മലയാളത്തില്‍ നിന്ന് ജസരിയിലേക്കുള്ള സിന്‍ജാറിന്‍റെ മാറ്റം?

മലയാളത്തില്‍ എഴുതിയ തിരക്കഥയാണെങ്കിലും ലക്ഷദ്വീപിന്‍റെ അകത്ത് തന്നെയുള്ള ഒരു കഥയായിട്ടാണ് എഴുതിയത്. ലക്ഷദ്വീപിന്‍റെ അന്തരീക്ഷവും അവിടുത്തെ സംസ്കാരവും തിരക്കഥയിലുണ്ട്. ഭാഷയിലുള്ള മാറ്റം മാത്രമാണ് പിന്നീട് ആവശ്യമായി വന്നത്.  ഭാഷാപരമായ  മാറ്റത്തിന് വേണ്ടി ലക്ഷദ്വീപില്‍ ഒരുവര്‍ഷം പോയി താമസിക്കേണ്ടി വന്നു.

ഈയൊരു വര്‍ഷക്കാലം കൊണ്ട്  ലക്ഷദ്വീപിലെ സാധാരണക്കാരായ ആളുകളെകണ്ട് സംസാരിക്കുകയും  അവരുമായി ഇടപഴകുകയും ചെയ്തതു. അവിടെയുള്ള സുഹൃത്തുക്കളോട് ഞാന്‍ മലയാളത്തില്‍ ഡയലോഗ് പറയുകയും  അവര് അവരുടെ ഭാഷയില്‍ പറയുകയും  അതില്‍ ഏറ്റവും ഉചിതമെന്ന് തോന്നിയ ഡയലോഗ് റെക്കോര്‍ഡ് ചെയ്ത് അത് മലയാളത്തിലേക്ക് എഴുതിയുമാണ് സ്ക്രിപ്റ്റ് തയ്യാറാക്കിയത്.


രണ്ട് സ്ത്രീകള്‍?

ചിത്രത്തില്‍ ശ്രിന്ദയും മൈഥലിയുമാണ് പ്രധാന കഥാപാത്രങ്ങള്‍  ചെയ്തത്.  വളരെ കരുത്തുറ്റ കഥാപാത്രങ്ങള്‍. ഐഎസ്ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയി പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ട് തിരിച്ച് ലക്ഷദ്വീപിലെത്തപ്പെടുമ്പോള്‍ അവര്‍ക്ക് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഉണ്ടാകുന്ന അനുഭവങ്ങള്‍. ഇന്നത്തെ തലമുറയിലുള്ള രണ്ട് സാധാരണക്കാരായ സ്ത്രീകള്‍ എങ്ങനെ ആഗോള ഭീകരവാദത്തെ നേരിടുന്നു, അവര്‍ക്കെതിരെ ശക്തമായ നില്‍ക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രധാന കാതല്‍.

തീവ്രവാദം, സ്ത്രി ശരീരത്തെക്കുറിച്ചുള്ള സമൂഹത്തിന്‍റെ പരമ്പരാഗത കാഴ്ചപ്പാടുകള്‍?

ബന്ധങ്ങളും സൗഹൃദങ്ങളും കൂട്ടിയിണക്കപ്പെട്ട കഥകൂടിയാണിത്.  അന്‍സാര്‍ എന്ന പ്രധാന കഥാപാത്രത്തിന്‍റെ സഹോദരിയാണ് മൈഥിലി ചെയ്ത കഥാപാത്രം സുഹറ.  അന്‍സാര്‍  നിക്കാഹ് കഴിക്കുന്ന സ്ത്രീയാണ് ശ്രിന്ദ ചെയ്ത കഥാപാത്രം ഫിദ.  ഫിദയും സുഹ്റയും അടുത്ത സുഹൃത്തുക്കളാണ്.  ഇറാഖിലെ സിന്‍ജാർ എന്ന പ്രവിശ്യയിലേക്കാണ് ഇവർ രണ്ടുപേരും ജോലിക്കോ പോവുന്നത്. അവിടെ നിന്ന് തീവ്രവാദികളുടെ കയ്യില്‍ ഇരുവരും പെട്ട് പോവുകയാണ്. രണ്ടുപേരും തിരിച്ച് നാട്ടിലെത്തുമ്പോള്‍ അന്‍സാർ കാമുകിയോടം സഹോദരിയോടും കാണിക്കുന്ന മനോഭാവവും ഈ രണ്ട് സ്ത്രീകള്‍ സമൂഹത്തില്‍ എടുക്കുന്ന തീരുമാനവും വളരെ പ്രധാനമാണ്.  

2014 ലെ സിന്‍ജാര്‍ കൂട്ടക്കൊല?

മാധ്യമപ്രവര്‍ത്തകനായത് കൊണ്ട് തന്നെ അന്താരാഷ്‍ട വാർത്തകള്‍ ശ്രദ്ധിക്കുമായിരുന്നു. ഒരുപാട്  സ്ത്രീകളും പെണ്‍കുട്ടികളും ഇപ്പോഴും ഐഎസ്ഐഎസ് ഭീകരരുടെ  ലൈംഗിക അടിമകളായിയുണ്ട്. ഇത്രയും  കാലം കഴിഞ്ഞിട്ടും അവരെ രക്ഷപ്പെടുത്താന്‍ ആരും ഒരു ശ്രമവും നടത്തുന്നില്ല. മുപ്പതിനായിരത്തോളം സ്ത്രീകള്‍ ഇപ്പോഴും ഭീകരരുടെ കയ്യില്‍ പെട്ടുകിടപ്പുണ്ട്. അവിടെ നിന്ന് രക്ഷപ്പെട്ട ചില സ്ത്രീകളുടെ അഭിമുഖങ്ങള്‍ കണ്ടിരുന്നു.  എന്തുകൊണ്ട് ഈയൊരു  വിഷയത്തെ പുറംലോകത്ത് എത്തിച്ചുകൂടായെന്ന ആലോചനയില്‍ നിന്നാണ് ഈ കഥ ഉണ്ടാക്കിയെടുത്തത്.  നമ്മുടെ നാട്ടിലെ ഒന്നുമറിയാത്ത രണ്ട് പാവം സ്ത്രീകള്‍ ഭീകരരുടെ ഇടയില്‍ പെട്ടുപോയി തിരിച്ചുവന്നാല്‍ എന്തായിരിക്കും അവസ്ഥയെന്നുള്ള ഒരു ചിന്തയില്‍ നിന്നാണ് കഥയിലേക്കുള്ള യാത്ര.