പേരുപോലെതന്നെ കൗതുകമുണര്‍ത്തുന്ന പ്രമേയവുമായി വരുന്ന സിനിമയാണ് sleeplessly yours. ഉറക്കത്തെ അകറ്റി നിര്‍ത്തി ഒരു പരീക്ഷണത്തിന് തയ്യാറാവുന്ന പങ്കാളികള്‍. അവരുടെ ജീവിതത്തിലെ നാല് ദിവസങ്ങള്‍, ആ ദിവസങ്ങളിലെ സംഭവങ്ങള്‍. ഗൗതം സൂര്യ, സുദീപ് ഇളമണ്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം. ഗൗതം രചന നിര്‍വ്വഹിക്കുമ്പോള്‍ സുദീപ് ആണ് ഛായാഗ്രഹണം. ആദ്യ ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രീമിയര്‍ പ്രദര്‍ശനത്തിനൊരുങ്ങുമ്പോള്‍ ഗൗതം സൂര്യ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു..

ഐഎഫ്എഫ്‌കെയിലെ പ്രീമിയര്‍ പ്രദര്‍ശനത്തിന് മുന്‍പേ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട് sleeplessly yours. സിനിമ എന്താണ്?

തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഒരു കൂട്ടായ്മയാണ് ഞങ്ങളുടേത്. കഴിഞ്ഞ മൂന്ന്, നാല് വര്‍ഷങ്ങളായി പരസ്യരംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്നു ഞങ്ങള്‍. സംവിധാനം ചെയ്ത ഞാനും സുദീപ് ഇളമണ്ണും, ഒപ്പം മ്യൂസിക് ചെയ്ത വര്‍ക്കി, ലൈന്‍ പ്രൊഡ്യൂസര്‍ അരുണ്‍ എന്നിവരൊക്കെ അടങ്ങിയതായിരുന്നു ആ ടീം. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഒരു ഇന്‍ഡിപെന്‍ഡന്റ് സിനിമ ചെയ്യണമെന്ന് തീരുമാനിക്കുന്നത്. നിര്‍മ്മിക്കുന്നതിന് ആവശ്യമായ പണവും ഞങ്ങള്‍ തന്നെ കണ്ടെത്തണമെന്നും കരുതി. സിനിമയുടെ തീം ഒരുപക്ഷേ ട്രെയ്‌ലറില്‍ നിന്ന് മനസിലായിക്കാണും. ഉറക്കത്തെ അകറ്റി നിര്‍ത്തി ഒരു പരീക്ഷണം നടത്തുന്നവരാണ് ഇതിലെ നായികാ നായകന്മാര്‍. ഈ പരീക്ഷണം നടത്തുന്ന നാല് ദിവസങ്ങളില്‍ അവരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളാണ് സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സില്‍ കടന്നുവരുന്നത്. 

കേള്‍ക്കുമ്പോള്‍ കൗതുകമുണ്ടാക്കുന്നുണ്ട് സിനിമയുടെ പ്ലോട്ട്. എങ്ങനെയാണ് ഈ ആശയത്തില്‍ എത്തുന്നത്?

സിനിമ ചെയ്യാന്‍ തീരുമാനിച്ചതിന് ശേഷമാണ് ഈ വിഷയത്തില്‍ എത്തിയത്. ഉറക്കമൊഴിക്കലിനെക്കുറിച്ച് ലോകത്ത് നടന്നിട്ടുള്ള ചില ക്ലിനിക്കല്‍ എക്‌സ്‌പെരിമെന്റുകളെക്കുറിച്ച് കേട്ടു. ജര്‍മ്മനിയില്‍ പണ്ട് അതൊരു ടോര്‍ച്ചര്‍ മെത്തേഡായി ഉപയോഗിച്ചിട്ടുണ്ട്. അതിനെക്കുറിച്ചും പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഈ തീമില്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചതിന് ശേഷമാണ് രണ്ട് കമിതാക്കളിലേക്കും അവരുടെ ബന്ധത്തിലേക്കും ഈ ഘടകം എന്തുകൊണ്ട് വര്‍ക്കൗട്ട് ചെയ്തുകൂടാ എന്ന് ആലോചിച്ചത്. ഉറങ്ങാതിരിക്കുമ്പോള്‍ ഇവരുടെ സ്വഭാവത്തില്‍ വരുന്ന അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. ആദ്യമൊക്കെ കളിയായും രസമായുമൊക്കെ തോന്നും. പിന്നീട് അത് മാറും. അസ്വസ്ഥത ആരംഭിക്കും. ഉള്ളില്‍ ഉറങ്ങിക്കിടന്ന പല വികാരങ്ങളും അടിച്ചമര്‍ത്തിവച്ചിരുന്ന ഓര്‍മ്മകളുമൊക്കെ പുറത്തുവരും. 

പുതിയ കാലത്തിന്റെ ബന്ധങ്ങളിലേക്കുള്ള നോട്ടം കൂടിയാണോ സിനിമ?

ഒരു അര്‍ബര്‍ ഇന്ത്യന്‍ റിലേഷന്‍ഷിപ്പാണ് ഇതിലെ നായകന്റെയും നായികയുടെയും. ഇവര്‍ വിവാഹിതരല്ല. ലിവിംഗ് ടുഗെതര്‍ ആണ്. കേരളത്തില്‍ അത്തരത്തില്‍ ജീവിക്കുന്ന പങ്കാളികള്‍ കുറവാണ്. അതിന്റേതായ അരക്ഷിതാവസ്ഥയും സാമൂഹിക സമ്മര്‍ദ്ദങ്ങളുമൊക്കെ അനുഭവിക്കുന്നവരാണ് അവര്‍. ബന്ധത്തെക്കുറിച്ചുതന്നെ ഇരുവര്‍ക്കും ആത്മവിശ്വാസക്കുറവുണ്ട്. അതൊക്കെ നരേഷന്റെ അടിത്തട്ടിലുണ്ട്. 

ഈ രണ്ട് കഥാപാത്രങ്ങള്‍ മാത്രമാണോ സിനിമയില്‍?

ഇവരെ കൂടാതെ പൊതുസുഹൃത്തായി ശ്യാമപ്രകാശ് എന്ന ഞങ്ങളുടെ ക്രിയേറ്റീവ് ഡയറക്ടര്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു കഥാപാത്രവുമുണ്ട്. 

സുദേവ് നായര്‍ പ്രേക്ഷകര്‍ക്ക് പരിചിതനാണ്. നായികയുടെ തെരഞ്ഞെടുപ്പ് എങ്ങനെയായിരുന്നു?

നായികയെ അവതരിപ്പിച്ച ദേവകി രാജേന്ദ്രന്‍ ഞങ്ങളുടെ സുഹൃത്താണ്. സുദേവിനെ തീരുമാനിക്കുന്നതിന് മുന്‍പേ ദേവകിയെ തീരുമാനിച്ചിരുന്നു. തീയേറ്റര്‍ ആര്‍ട്ടിസ്റ്റും ഡാന്‍സറുമാണ് ദേവകി. അതിനാല്‍ ആ കഥാപാത്രമായി ദേവകിയുടെ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് സംശയമൊന്നുമില്ലായിരുന്നു. 

സുദേവിനോട് ഫോണിലാണ് ആദ്യം ഈ സിനിമയുടെ കാര്യം പറയുന്നത്. തിരക്കഥ അയയ്ക്കാന്‍ പറഞ്ഞു. അയച്ചപ്പോള്‍ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു. അപ്പോഴേ പണത്തിന്റെ അപര്യാപ്തതയുടെ കാര്യം ഞങ്ങള്‍ അവതരിപ്പിച്ചു. അദ്ദേഹം വളരെ ചെറിയ തുകയേ വാങ്ങിയുള്ളൂ. 

ചിത്രീകരണത്തിലും എക്‌സ്‌പെരിമെന്റേഷന്‍ നടത്തിയോ? കഥാപാത്രങ്ങളുടെ ഉറക്കമില്ലായ്മ എങ്ങനെ ഷൂട്ട് ചെയ്തു? അവര്‍ യഥാര്‍ഥത്തില്‍ ഉറക്കമിളച്ചോ?

ഷൂട്ടിംഗിന് മുന്‍പ് ഞാനും രണ്ട് സുഹൃത്തുക്കളും രണ്ടര, മൂന്ന് ദിവസത്തോളം ഉറങ്ങാതെയിരുന്ന് നോക്കിയിരുന്നു. ശാരീരികമായി എന്താണ് അനുഭവപ്പെടുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ അറിയാനായിരുന്നു അത്. മറ്റ് സിനിമാ റെഫറന്‍സുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്‍ഹിബിഷനൊക്കെ പോകുന്ന ഒരു ഘട്ടമുണ്ട്. മതിഭ്രമം തോന്നുന്ന മറ്റൊരു ഘട്ടവും. നേരത്തേ എഴുതി പൂര്‍ത്തിയാക്കിയതെങ്കിലും ഈ പരീക്ഷണത്തില്‍ നിന്ന് കിട്ടിയ അറിവുകള്‍ അതില്‍ ചേര്‍ത്തിട്ടുണ്ട്. 

പിന്നെ, ബജറ്റ് കുറവായിരുന്നതിനാല്‍ പെട്ടെന്ന് ഷൂട്ട് ചെയ്ത് തീര്‍ക്കണമായിരുന്നു. 15 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി. കൂടുതലും രാത്രിയിലാണ് വര്‍ക്ക് ചെയ്തത്. ഉച്ചയ്ക്ക് രണ്ട് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയായിരുന്നു മിക്കപ്പോഴും ഷെഡ്യൂള്‍. അതിനാല്‍ ഒരു അഞ്ചാറ് ദിവസമൊക്കെ ആയപ്പോള്‍ സ്വാഭാവികമായ ഉറക്കക്കുറവ് കാരണം എല്ലാവരും ക്ഷീണിതരായിരുന്നു. പ്രീ-പ്രൊഡക്ഷന് ആവശ്യമായ സമയം ചിത്രീകരണത്തിന് മുന്‍പ് ലഭിക്കാത്തതിനാല്‍ ചിത്രീകരണത്തിനൊപ്പം സമാന്തരമായി കുറേ ജോലികള്‍ ഉണ്ടായിരുന്നു. അതിനാല്‍ ഷൂട്ട് അവസാനിച്ചാലും ജോലി ഉണ്ടായിരുന്നു. ഉറക്കക്കുറവ് ചിത്രീകരണ ഘട്ടത്തില്‍ ക്രൂവിലെ എല്ലാവര്‍ക്കുമുണ്ടായിരുന്നു. 

മറ്റ് നിര്‍മ്മാതാക്കളെ സമീപിച്ചിരുന്നോ?

ഇല്ല, അങ്ങനെ നോക്കിയില്ല. സ്വന്തമായി ഫണ്ട് ചെയ്ത് നിര്‍മ്മിക്കാമെന്നാണ് ആദ്യമേ കരുതിയത്. ഒന്നാമത് നിര്‍മ്മാതാവിനെ നോക്കിയിരുന്നാല്‍ ഒരുപാട് സമയമെടുക്കും. ഒരുപാട് പേരോട് ഉത്തരം പറയേണ്ടിവരും. കലാപരമായി കുറേ ലിമിറ്റുകള്‍ വന്നുചേരും. പിന്നെ, വലിയൊരു തുക വേണ്ടിവരില്ലെന്നും തോന്നി. സാധാരണ ഒരു മലയാള സിനിമയുടെ പത്തിലൊന്ന് ചിലവിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്. 

ചിത്രം ചെയ്യുമ്പോള്‍ ഫെസ്റ്റിവല്‍ സര്‍ക്യൂട്ട് പ്രേക്ഷകരെ മുന്നില്‍ കണ്ടിരുന്നോ? അതോ തീയേറ്റര്‍ റിലീസ് ലക്ഷ്യമാണോ?

രണ്ട് രീതിയിലും കണ്ടില്ല. ഒരു ഫെസ്റ്റിവല്‍ സിനിമയായോ മുഖ്യധാരാ സിനിമയായോ കണ്ടിരുന്നില്ല. ഫെസ്റ്റിവല്‍ സിനിമ ആവണമെങ്കില്‍ അതില്‍ സാമൂഹികമായ ചില ഘടകങ്ങളൊക്കെ വേണമെന്നാണ് പലരും പറഞ്ഞത്. തിരക്കഥയില്‍ അതിനനുസരിച്ചുള്ള വ്യത്യാസത്തിന് നിര്‍ദേശിച്ചവരുണ്ട്. അതിന് ഞങ്ങള്‍ ഒരുക്കമല്ലായിരുന്നു. പ്രാഥമികമായി ഞങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു കഥ ചെയ്യുക എന്നേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെ, എവിടെ പ്ലേസ് ചെയ്യണമെന്ന് പിന്നീടാണ് തീരുമാനിച്ചത്. ഐഎഫ്എഫ്‌കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഫെസ്റ്റിവല്‍ പ്രതീക്ഷയുള്ള സിനിമയാണെന്ന് മനസിലായി. അതേസമയം കണ്ടവരില്‍ പലരും ഇത് മുഖ്യധാരാ പ്രേക്ഷകരും ആസ്വദിക്കുന്ന സിനിമയാണെന്നാണ് പറഞ്ഞത്. 

തീയേറ്റര്‍ റിലീസിനെക്കുറിച്ച് ആലോചിച്ചിരുന്നു. പക്ഷേ നമ്മുടെ തീയേറ്ററുകളില്‍ ഫീച്ചര്‍ സിനിമയായി പരിഗണിക്കപ്പെടണമെങ്കില്‍ കുറഞ്ഞത് 90 മിനിറ്റ് വേണം. സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സിന് 75 മിനിറ്റാണ് ദൈര്‍ഘ്യം. അതിനാല്‍ ഒരു മുഖ്യധാരാ റിലീസ് കിട്ടില്ല. പക്ഷേ മള്‍ട്ടിപ്ലെക്‌സുകളില്‍ സാധ്യതയുണ്ട്. പിവിആറിനൊക്കെ അത്തരം ചില പ്രോഗ്രാമുകളുണ്ട്. 

മലയാളത്തിലെ ഇന്‍ഡിപെന്‍ഡന്റ് സിനിമയില്‍ വേണ്ടത്ര പരീക്ഷണം നടക്കുന്നില്ലെന്ന് തോന്നുന്നുണ്ടോ?

ഒരു സിനിമ മാത്രം ചെയ്ത എനിക്ക് അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അര്‍ഹതയുണ്ടോ എന്ന് അറിയില്ല. പക്ഷേ നേരത്തേ പറഞ്ഞതുപോലെ ഫെസ്റ്റിവല്‍ സിനിമ എന്ന് പറയുമ്പൊ ഇവിടെ ചില ധാരണകള്‍ ഉണ്ടെന്ന് തോന്നുന്നു. സാമൂഹികമായ ചില ഘടകങ്ങളൊക്കെ ചേര്‍ത്താല്‍ സര്‍ക്കാര്‍ സഹായം ലഭിക്കുമെന്നൊക്കെ ചിലര്‍ പറഞ്ഞിരുന്നു. 

ഗൗതവും സുദീപും ചേര്‍ന്നാണ് സംവിധാനം. ഗൗതം രചനയും സുദീപ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. നടപ്പാക്കിയെടുക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ആശയമാണ് സിനിമയുടേത്. ഉദ്ദേശിച്ച കൃത്യതയില്‍ ഫൈനല്‍ കോപ്പി ലഭിച്ചോ?

ശക്തിയും ദൗര്‍ബല്യവുമൊക്കെ പരസ്പരം അറിയാവുന്നവരാണ് ഞങ്ങള്‍. സാങ്കേതികമായ കാര്യങ്ങളില്‍ നല്ല അവഗാഹമുള്ളയാളാണ് സുദീപ്. മൂന്നാല് വര്‍ഷമായിട്ട് ഞങ്ങള്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഒരു കെമിസ്ട്രിയുണ്ട്.