പാറ്റ്ന: ബിഹാ‍ർ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ രണ്ട് മണിക്കൂ‍ർ പിന്നിടുമ്പോൾ ലീഡ് നില മാറി മറിയുന്നു. 243 നിയമസഭാ സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ ഒരു ഘട്ടത്തിൽ 124 സീറ്റുകളിൽ വരെ ലീഡ് നേടി മഹാസഖ്യത്തെ പിന്തള്ളി എൻഡിഎ സഖ്യം ബിഹാറിൽ ലീഡ് ചെയ്യുന്നു. 

രാവിലെ പത്ത് മണിക്കുള്ള ലീഡ് നില അനുസരിച്ച് 119 സീറ്റുകളിൽ ജെഡിയു - ബിജെപി സഖ്യം ലീഡ് ചെയ്യുന്നു. മഹാസഖ്യം 114 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. ഇരുമുന്നണികളേയും വെല്ലുവിളിച്ച് ഒറ്റയ്ക്ക് മത്സരിച്ച ചിരാ​ഗ് പാസ്വാൻ്റെ എൽജെപി  ആറ് സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. 

വോട്ടെണ്ണൽ ആരംഭിച്ച് ആദ്യത്തെ രണ്ട് മണിക്കൂറോളം സമയം വ്യക്തമായ ലീഡ് നേടിയെങ്കിലും പിന്നീട് മഹാസഖ്യം എൻഡിഎയ്ക്ക് പിന്നിൽ പോകുകയായിരുന്നു. എന്നാൽ വോട്ടെണ്ണ‍ൽ പൂ‍ർത്തിയായാൽ മാത്രമേ യഥാ‍ർത്ഥ തെരഞ്ഞെടുപ്പ് ചിത്രം പുറത്തു വരൂ. 122 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 

ആ‍‍ർജെഡിയും ജെഡിയുവും നേരിട്ട് ഏറ്റുമുട്ടിയ മണ്ഡലങ്ങളിലെല്ലാം ആ‍ർജെഡി മുന്നിട്ട് നിൽക്കുന്നത് ജെഡിയുവിന് തിരിച്ചടിയായിട്ടുണ്ട്. 61 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്.  അവരുടെ ശക്തികേന്ദ്രങ്ങളിലെല്ലാം ബിജെപി കരുത്ത് കാണിക്കുന്നുണ്ട‌്. 49 സീറ്റുകളിലാണ് ജെഡിയു ലീഡ് ചെയ്യുന്നത്