Asianet News MalayalamAsianet News Malayalam

കേരളത്തിൽ കൊവിഡ് വ്യാപനം കുറയാൻ ഇനിയും കാത്തിരിക്കേണ്ടിവരും: ഐസിഎംആർ പഠനറിപ്പോർട്ട്

പഠനം നടന്ന സമയം വരെ കേസുകൾ കണ്ടെത്തുന്നതിലും വ്യാപനം നിയന്ത്രിക്കുന്നതിലും കേരളത്തിന്റെ നടപടികൾ ഫലപ്രദമെന്ന് സൂചിപ്പിക്കുന്നത് കൂടിയാണ് ഐസിഎംആർ പഠനഫലം. ഈ വിലയിരുത്തലുകളോടെ, വരും ആഴ്ച്ചകളിൽ നിലവിലുള്ളതിനേക്കാൾ വലിയ വ്യാപനം കേരളം പ്രതീക്ഷിക്കണം

covid situation in Kerala wont come down so easily indicates expert reports
Author
Trivandrum, First Published Oct 7, 2020, 12:53 PM IST

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപനം കുറയാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് വിദഗ്ധർ. ഹേർഡ് ഇമ്മ്യൂണിറ്റി അഥവാ ആർജിത പ്രതിരോധം പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നും, ജാഗ്രത മാത്രമാണ് രക്ഷയെന്നും ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നു. അതിനിടെ കഴിഞ്ഞയാഴ്ചയിൽ പത്ത് ലക്ഷത്തിൽ എത്ര രോഗികൾ എന്നതും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മലബാറിൽ ഉയർന്നു.

ഐസിഎംആർ കേരളത്തിൽ നടത്തിയ രണ്ടാം പഠന റിപ്പോർട്ട് അനുസരിച്ചാണ് കൊവിഡ് ആശങ്ക ഒഴിയാൻ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് വിലയിരുത്തൽ വരുന്നത്. പരിശോധിച്ചതിൽ 0.8 ശതമാനം പേരിലാണ്  കൊവിഡ് നിശബ്ദ വ്യാപനം നടന്നത്. 1281 പേരെ പരിശോധിച്ചപ്പോൾ ചികിത്സയൊന്നുമില്ലാതെ തന്നെ പ്രതിരോധത്തിനായുള്ള ആന്റിബോഡി രൂപപ്പെട്ടത് 11 പേരിൽ. 

ദേശീയനിരക്കിനെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. ഈ പഠനഫലം വന്നതോടെയാണ് കൊവിഡ് പാരമ്യത്തിലെത്തുന്നത് സംബന്ധിച്ച കണക്കുകൂട്ടലുകൾ മാറുന്നത്. നിശ്ചിതശതമാനം പേരിൽ കൊവിഡ് വന്നുപോകുന്നതോടെ ആർജിത പ്രതിരോധ ശേഷി കൈവരുമെന്നും, കൊവിഡ് നിയന്ത്രണത്തിലാകുമെന്നും ഉള്ള വിലയിരുത്തലുകളും നേരത്തെ ഉണ്ടായിരുന്നു. എന്നാൽ കേരളത്തിലെ നിശബ്ദ വ്യാപനത്തിന്റെ കണക്ക് സൂചിപ്പിക്കുന്നത് ഇതിനായി കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നാണ്.

പഠനം നടന്ന സമയം വരെ കേസുകൾ കണ്ടെത്തുന്നതിലും വ്യാപനം നിയന്ത്രിക്കുന്നതിലും കേരളത്തിന്റെ നടപടികൾ ഫലപ്രദമെന്ന് സൂചിപ്പിക്കുന്നത് കൂടിയാണ് ഐസിഎംആർ പഠനഫലം. ഈ വിലയിരുത്തലുകളോടെ, വരും ആഴ്ചകളിൽ നിലവിലുള്ളതിനേക്കാൾ വലിയ വ്യാപനം കേരളം പ്രതീക്ഷിക്കണം. തിരുവനന്തപുരത്തെ  അപേക്ഷിച്ച് വ്യാപനത്തിന്റെ കണക്കുകൾ വടക്കൻ കേരളത്തിൽ ഉയരുകയാണ്.   

കോഴിക്കോട് കഴിഞ്ഞയാഴ്ച ദശലക്ഷം പേരിലെ കൊവിഡ് രോഗബാധ 1229ൽ നിന്നും 2059ലേക്ക് ഉയർന്നു. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.7ൽ നിന്ന് 26.3 ലേക്ക് ഉയർന്നു.  കാസർഗോഡ് 18.4ൽ നിന്ന് 23.2 ആയി. കേസുകൾ കുറയുന്ന ക്ലസ്റ്ററുകൾ തിരുവനന്തപുരത്ത് ആശ്വാസമാവുകയാണ്. കഴിഞ്ഞയാഴ്ചയിൽ ഇത് 25 ആയി.

Follow Us:
Download App:
  • android
  • ios