ദില്ലി: വര്‍ഗ്ഗീയ കലാപത്തില്‍ ദില്ലിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കലാപബാധിതരെ പുനരധിവസിപ്പിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.

ദില്ലിയില്‍ അക്രമ സംഭവങ്ങൾ കുറഞ്ഞതായി കെജ്രിവാള്‍ പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കും. കലാപ കേസുകളുടെ അടിയന്തര പരിഗണനക്ക് നാല് അധിക മജിസ്ട്രേട്ടുമാരെ കൂടി നിയമിക്കും. ദേശീയ സുരക്ഷയുടെ കാര്യത്തിൽ രാഷ്ട്രീയം ഇല്ല എന്ന് കെജ്‌രിവാൾ വ്യക്തമാക്കി.

അതേസമയം ദില്ലിയില്‍ കൊല്ലപ്പെട്ട രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ട്, ഏതെങ്കിലും ആം ആദ്മി പാർട്ടി പ്രവർത്തകൻ കുറ്റക്കാരൻ ആണെങ്കിൽ അയാൾക് ഇരട്ട ശിക്ഷ നൽകണമെന്നും കെജ്രിവാൾ പറഞ്ഞു.

ദില്ലി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് എതിരെ ഉടന്‍ കേസെടുക്കില്ല. കേസില്‍ വാദം കേൾക്കുന്നത് നാലാഴ്ചത്തേക്ക് ദില്ലി ഹൈക്കോടതി മാറ്റി. കേസെടുക്കേണ്ട കാര്യമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചു. കേസ് ഏപ്രില്‍ 13 ന് വീണ്ടും വാദം കേള്‍ക്കും.  സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാൻ ദില്ലി പൊലീസിനോടും കേന്ദ്രസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു.

ദില്ലി കലാപത്തിൽ മരണപ്പെട്ടവരുടെ എണ്ണം 35 ആയി. കലാപബാധിത മേഖലകളുടെ നിയന്ത്രണം കേന്ദ്ര സേന കൂടി ഏറ്റെടുത്തതോടെ സംഘർഷത്തിന് പൊതുവില്‍ അയവ് വന്നിട്ടുണ്ട്. അതേസമയം ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.