അഹമ്മദാബാദ്: വിവരാവകാശ പ്രവർത്തകൻ അമിത് ജത്വയെ കൊലപ്പെടുത്തിയ കേസ്ൽ മുൻ ബിജെപി എംപി ദിനു സോളങ്കി അടക്കം ഏഴ് പേരെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ച് സിബിഐ പ്രത്യേക കോടതി. കേസിൽ ഉൾപ്പെട്ട ഏഴ് പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഗിർ വനത്തിലെ അനധികൃത ഖനനത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചതിനാണ് മുൻ ബിജെപി എംപിയായ ദിനു സോളങ്കിയുടെ സംഘം വിവരാവകാശ പ്രവർത്തകൻ അമിത് ജത്വയെ 2010 ജൂലൈ 20-ന് വെടിവച്ച് കൊന്നത്. 

ദിനു സോളങ്കി, മരുമകനായ ശിവ സോളങ്കി, സഞ്ജയ് ചൗഹാൻ, ശൈലേഷ് പാണ്ഡ്യ, പചൻ ദേശായ്, ഉദാജി ഠാക്കൂർ, സ്ഥലത്തെ പൊലീസ് കോൺസ്റ്റബിളായ ബഹാദൂർ സിംഗ് വദേർ എന്നിവരെയാണ് അഹമ്മദാബാദ് സിബിഐ പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഐപിസി 302 - കൊലക്കുറ്റം, 201 - തെളിവ് നശിപ്പിക്കൽ, 120 ബി - കുറ്റകരമായ ഗൂഢാലോചന, ആയുധ നിയമത്തിലെ ചട്ടം 25(1) അനുസരിച്ച് അനധികൃതമായി ആയുധം കൈവശം വയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഏഴ് പേർക്കും ശിക്ഷ വിധിച്ചത്. 

കേസിൽ കൂറുമാറിയ 105 സാക്ഷികൾക്കെതിരെ നടപടി തുടങ്ങണമെന്ന് വിധിച്ച പ്രത്യേക സിബിഐ കോടതി ജഡ്‍ജി കെ എം ദവെ, എല്ലാ പ്രതികളിൽ നിന്നുമായി ആകെ അൻപത്തി ഒമ്പത് ലക്ഷത്തി ഇരുപത്തിയയ്യായിരം രൂപ പിഴയീടാക്കണമെന്നും വിധിച്ചു. 

ഇതിൽ 11 ലക്ഷം രൂപ അമിത് ജത്വയുടെ കുടുംബത്തിന്‍റെ പേരിൽ ഫിക്സഡ് തുകയായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിലിടണം. ഇതിൽ അഞ്ച് ലക്ഷം രൂപ ജത്വയുടെ ഭാര്യയുടെ പേരിലാകണം. മൂന്ന് ലക്ഷം രൂപ വീതം ജത്വയുടെ രണ്ട് ആൺമക്കളുടെ പേരിലായിരിക്കണം. 

ജത്വയുടെ കൊല എപ്പോൾ, എന്തിന്?

2010 ജൂലൈ 20-നാണ് ബൈക്കിലെത്തിയ രണ്ട് പേർ അമിത് ജത്വയെ വെടിവച്ച് കൊല്ലുന്നത്. കൊലപാതകം നടന്നതാകട്ടെ ഗുജറാത്ത് ഹൈക്കോടതിയുടെ മുന്നിൽ വച്ച്. നാടൻ റിവോൾവർ ഉപയോഗിച്ച് ജത്വയെ വെടിവച്ചിട്ട ശേഷം ആയുധവും ബജാജ് ഡിസ്കവർ ബൈക്കും കോടതിമുറ്റത്ത് ഉപേക്ഷിച്ച് അക്രമികൾ കടന്നുകളഞ്ഞു. ഗിർ വനത്തിലെ അനധികൃത ഖനനത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചതും, രേഖകൾ പുറത്തെത്തിച്ചതും ജത്വയായിരുന്നു. 

അഹമ്മദാബാദിലെ ഡിസിബിയായിരുന്നു കേസ് ആദ്യം അന്വേഷിച്ചത്. അന്ന് ജുനഗഢിലെ എംപിയായിരുന്ന ദിനു സോളങ്കിയുടെ പേര് പോലും കൊലക്കേസിലെ ആദ്യ രണ്ട് കുറ്റപത്രങ്ങളിലുണ്ടായിരുന്നില്ല. ആരോപണങ്ങൾ ശക്തമായപ്പോൾ ജോയന്‍റ് പൊലീസ് കമ്മീഷണർ ദിനു സോളങ്കിക്ക് ക്ലീൻ ചിറ്റ് നൽകി. 

ഒടുവിൽ, 2013-ൽ ദിനു സോളങ്കി അറസ്റ്റിലായപ്പോൾ അന്ന് ആ അറസ്റ്റ് വലിയ കോളിളക്കമാണുണ്ടാക്കിയത്. എംപിയായിരിക്കെയാണ് സോളങ്കി അറസ്റ്റിലാകുന്നത്. കേസന്വേഷണം ഡിസിബിയിൽ നിന്ന് ഏറ്റെടുത്ത സിബിഐ, സോളങ്കിയാണ് കേസിലെ പ്രധാന ഗൂഢാലോചന നടത്തിയതെന്ന് കണ്ടെത്തി. പക്ഷേ, അതുകൊണ്ടായില്ല. 

കേസ് വിചാരണ തുടങ്ങിയപ്പോഴാകട്ടെ, സാക്ഷികൾ ഓരോരുത്തരായി കൂറുമാറി. 195 സാക്ഷികളുണ്ടായിരുന്നതിൽ 105 പേരും കൂറുമാറി. 

ഒമ്പത് വർഷത്തെ നിയമപോരാട്ടം, ഒടുവിൽ നീതി

നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ വാതിലുകൾ ഓരോന്നും അടഞ്ഞപ്പോഴും, തളരാതെ മകന് വേണ്ടി മുന്നോട്ടു പോയ ഒരു അച്ഛന്‍റെ നിയമപോരാട്ടത്തിന്‍റെ വിജയം കൂടിയാണ് അമിത് ജത്വയുടെ കേസ്. ഭിക്കാഭായ് ജത്വ എന്ന വൃദ്ധൻ, മകന് വേണ്ടി കയറാത്ത കോടതികളില്ല. സംസ്ഥാനത്തെ കോടതികളിൽ നിന്നും അന്വേഷണ സംഘത്തിൽ നിന്നും നീതി നിഷേധം നേരിട്ടപ്പോൾ ഭിക്കാഭായ്, കേസിൽ പുനർ വിചാരണ വേണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. 

തുടർന്ന് ജസ്റ്റിസ് ജെ ബി പർദിവാല, കേസിലെ 26 സാക്ഷികളുടെ വിചാരണ വീണ്ടും നടത്തണമെന്ന് വിധിച്ചു. ആദ്യം കേസ് പരിഗണിച്ച സിബിഐ പ്രത്യേക ജഡ്ജി ദിനേശ് എൽ പട്ടേലിനെ മാറ്റുകയും ചെയ്തു. 

പുതുതായി ചുമതലയേറ്റ സിബിഐ പ്രത്യേക ജഡ്‍ജി കെ എം ദവെ, ഭിക്കാഭായിക്കും, അമിത് ജത്വയുടെ കുടുംബത്തിനും 24 മണിക്കൂറും സുരക്ഷയേർപ്പെടുത്താൻ ഉത്തരവിട്ടു. ഒമ്പത് വർഷത്തെ നിയമപോരാട്ടം. ഒടുവിൽ വിധി വന്നപ്പോൾ ഭിക്കാഭായ് പറയുന്നതിങ്ങനെ: '' ഇത് ഞങ്ങളുടെ മാത്രം വിജയമല്ല. ജുഡീഷ്യറിയുടെ, സർവോപരി, ഭരണഘടനയുടെ വിജയമാണ്. സാധാരണ പൗരനായ എനിക്ക്, ഭരണഘടന വഴി, ജുഡീഷ്യറി വഴി, ഗുണ്ടകളെ തോൽപിക്കാനാകുമെന്ന് തെളിയുകയാണ്''.