Asianet News MalayalamAsianet News Malayalam

ഗുജറാത്ത് കലാപങ്ങളിൽ മോദിക്ക് കൈ കഴുകാം: ക്ലീൻ ചിറ്റ് നൽകി ജസ്റ്റിസ് നാനാവതി കമ്മീഷൻ

ജസ്റ്റിസ് നാനാവതി - ജസ്റ്റിസ് മെഹ്ത എന്നിവരടങ്ങിയ രണ്ടംഗകമ്മീഷൻ ഈ അന്തിമറിപ്പോർട്ട് 2014 നവംബർ 18-ന് അന്നത്തെ സർക്കാരിന് നൽകിയതാണ്. അത് സർക്കാർ ഇത്രയും കാലം തടഞ്ഞു വച്ചിരിക്കുകയായിരുന്നു. 

justice nanavati commission gives clean chit to narendra modi in gujrat riots
Author
Ahmedabad, First Published Dec 11, 2019, 12:57 PM IST

അഹമ്മദാബാദ്: 2002-ലെ ഗുജറാത്ത് കലാപം അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷൻ റിപ്പോർട്ടിന്‍റെ അന്തിമപകർപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ്. മോദിക്കും അന്ന് മന്ത്രിസഭയിലുണ്ടായിരുന്ന ആർക്കും, കലാപത്തിൽ നേരിട്ട് പങ്കില്ലെന്നും അവർക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് കമ്മീഷന്‍റെ കണ്ടെത്തൽ. അന്ന് സംസ്ഥാനസർക്കാർ കലാപം നിയന്ത്രിക്കാനുള്ള എല്ലാ നടപടികളുമെടുത്തെന്നും നാനാവതി കമ്മീഷൻ റിപ്പോർട്ടിന്‍റെ അന്തിമപകർപ്പിൽ പറയുന്നു. 

ഗുജറാത്ത് എഡിജിപി ആയിരുന്ന ആർ ബി ശ്രീകുമാർ നൽകിയ മൊഴികൾ സംശയകരമെന്ന് പറയുന്ന കമ്മീഷൻ റിപ്പോർട്ട്, ഗുജറാത്ത് കലാപത്തിൽ മോദി ഒത്താശ ചെയ്തെന്ന് കാട്ടി സത്യവാങ്മൂലം നൽകിയ സഞ്ജീവ് ഭട്ട് പറയുന്നതെല്ലാം കള്ളമായിരുന്നെന്നും പറയുന്നു. 

ജസ്റ്റിസ് നാനാവതി - ജസ്റ്റിസ് മെഹ്ത എന്നിവരടങ്ങിയ രണ്ടംഗകമ്മീഷൻ ഈ അന്തിമറിപ്പോർട്ട് 2014 നവംബർ 18-ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആനന്ദി ബെൻ പട്ടേലിന് നൽകിയതാണ്. അത് ഇത്രയും കാലം സർക്കാർ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. 

ഗുജറാത്ത് സർക്കാർ പകർപ്പ് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ഗോധ്രയിൽ കർസേവകർ സഞ്ചരിച്ചിരുന്ന തീവണ്ടിക്ക് തീ കൊളുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി അരങ്ങേറിയ സംഘർഷത്തിലും വർഗീയകലാപത്തിലും ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസുകളാണ് ജസ്റ്റിസ് നാനാവതി കമ്മീഷൻ അന്വേഷിച്ചത്. 

റിപ്പോർട്ടിന്‍റെ ആദ്യഭാഗം, ഗോധ്രയിലെ തീവണ്ടി കത്തിക്കപ്പെട്ട സംഭവമാണ് വിശദീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നാനാവതി കമ്മീഷൻ 2009-ൽ നിയമസഭയിൽ വച്ചിരുന്നു. ഗോധ്ര സ്റ്റേഷനടുത്ത് വച്ച് സബർമതി എക്സ്പ്രസിൽ അയോധ്യയിൽ നിന്ന് തിരികെ വരികയായിരുന്ന 59 കർസേവകർ സഞ്ചരിച്ച കോച്ചിന് നേരെ ആക്രമണമുണ്ടാവുകയും ഇവരടക്കമുള്ളവർ വെന്ത് മരിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങളാണ് ഇതിലുണ്ടായിരുന്നത്. 

Image result for gujrat riots

ഈ വർഷം സെപ്റ്റംബറിൽ ഗുജറാത്ത് സർക്കാർ ഈ റിപ്പോർട്ട് ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്‍റെ അന്തിമപകർപ്പ് അടുത്ത നിയമസഭാ സമ്മേളനത്തിൽ വയ്ക്കുമെന്നും അന്ന് സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചിരുന്നതാണ്. കലാപം നടക്കുന്ന കാലത്ത് ഗുജറാത്തിൽ എഡിജിപിയായിരുന്ന ആർ ബി ശ്രീകുമാർ നൽകിയ പൊതുതാത്പര്യ ഹർജിയിൽ മറുപടി പറയുകയായിരുന്നു അന്ന് സംസ്ഥാനസർക്കാർ. 2014-ൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് എന്തുകൊണ്ട് ഇത്ര കാലമായിട്ടും പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കുന്നില്ല എന്നും, എന്തിനാണ് തടഞ്ഞുവയ്ക്കുന്നതെന്നും ചോദിച്ചായിരുന്നു ആർ ബി ശ്രീകുമാർ അന്ന് ഹർജി നൽകിയത്.

Image result for gujrat riots

നാനാവതി കമ്മീഷന് മുന്നിൽ ഹാജരായി ആർ ബി ശ്രീകുമാർ നിരവധി സത്യവാങ്മൂലങ്ങൾ നൽകിയിരുന്നതാണ്. ഗോധ്രയ്ക്ക് ശേഷം നടന്ന മുസ്ലിം വിരുദ്ധ വർഗീയ കലാപങ്ങളിൽ സംസ്ഥാനസർക്കാർ ഒരു നടപടിയുമെടുക്കാതെ അനങ്ങാതിരിക്കുകയായിരുന്നുവെന്നും ശ്രീകുമാർ ആരോപിച്ചിരുന്നതാണ്. 2015-ൽ ഈ റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് ആർ ബി ശ്രീകുമാർ അന്നത്തെ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേലിന് വീണ്ടും സത്യവാങ്മൂലം നൽകി.

ഗുജറാത്ത് കലാപത്തിന്‍റെ പേരിൽ രാജ്യമെങ്ങും ജനരോഷം ഉയർന്നപ്പോൾ ആദ്യം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി 2002 ഫെബ്രുവരി 28-ന് ഏകാംഗകമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. എന്നാൽ ഇത് വിവാദമായതോടെ പിന്നീട് സർക്കാർ തന്നെ ഇത് പുനഃസംഘടിപ്പിച്ചു. സുപ്രീംകോടതിയിലെ ന്യായാധിപനായിരുന്ന ജസ്റ്റിസ് ജി ടി നാനാവതി അധ്യക്ഷനായ കമ്മീഷനിൽ മുൻ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ ജി ഷാ ആയിരുന്നു അംഗം. ജസ്റ്റിസ് ഷാ അന്തരിച്ച ശേഷം ഈ ചുമതല ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എ കെ മെഹ്തയ്ക്ക് കൈമാറി. 

കലാപകാലത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഇടപെടലുകളും പങ്കും നേരത്തേ അന്വേഷണവിധേയമായിരുന്നില്ല. ഇത് വിവാദമായപ്പോൾ അവയെല്ലാം ചേർത്ത് നാനാവതി കമ്മീഷന്‍റെ ടേംസ് ഓഫ് റഫറൻസ് പുതുക്കി നിശ്ചയിച്ചിരുന്നതാണ്.

ആറ് മാസത്തിനുള്ളിൽ അന്വേഷണം തീർക്കാനാണ് ആദ്യം കമ്മീഷന് നിർദേശം ലഭിച്ചിരുന്നത്. എന്നാൽ പല തവണ കാലാവധി നീട്ടി നൽകിയ ശേഷം കമ്മീഷൻ ആദ്യ റിപ്പോർട്ട് സമർപ്പിക്കുന്നത് കലാപം നടന്ന് ഏഴ് വർഷത്തിന് ശേഷം 2009-ലാണ്. രണ്ടാം റിപ്പോർട്ട് നൽകുന്നത് അതിനും അഞ്ച് വർഷത്തിന് ശേഷം 2014-ലും. 

Follow Us:
Download App:
  • android
  • ios