ബെംഗളൂരു: രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കും അതിനാടകീയതകള്‍ക്കും ശേഷം കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പില്‍  പരാജയപ്പെട്ട് കുമാരസ്വാമി സര്‍ക്കാര്‍. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 99 എംഎല്‍എമാര്‍ വോട്ട് ചെയ്തപ്പോള്‍ 105 പേരാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. പതിനാറ് കോണ്‍ഗ്രസ് - ജെഡിഎസ് എംഎല്‍എമാരുടെ രാജിയോടെ തുടക്കമിട്ട കര്‍'നാടക'ത്തിന്‍റെ നാള്‍വഴികള്‍ ഇങ്ങനെ;

2018 മേയ് 15 – നിയമസഭ തിരഞ്ഞെടുപ്പിൽ, ബിജെപി 104 സീറ്റും, കോൺഗ്രസ് 78 സീറ്റും ജെഡിഎസ് 37 സീറ്റും നേടി. ബിജെപിയെ ഭരണത്തിൽനിന്ന് അകറ്റി നിർത്താൻ കോൺഗ്രസ് ജെഡിഎസുമായി സഖ്യം രൂപീകരിച്ച് ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചു.

2018 മേയ് 16 - ഗവര്‍ണര്‍ വാജുഭായ് വാല ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്നു. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചു.

2018 മേയ് 16 - അര്‍ദ്ധരാത്രി സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍. ബി.എസ് യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തളളി. 

2018 മേയ് 17 - യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസത്തെ സമയം നല്‍കി.

2018 മേയ് 18 - മേയ് 19-ന് സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവ്.

2018 മേയ് 18 - കെ.ജി.ബൊപ്പയ്യയെ ഗവര്‍ണര്‍ പ്രോട്ടെം സ്പീക്കറായി നിയമിച്ചത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു.

2018 മേയ് 19 - പ്രോട്ടെം സ്പീക്കറെ മാറ്റേണ്ടി വന്നാല്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടേണ്ടിവരുമെന്ന് കോടതി. സുതാര്യത ഉറപ്പാക്കാന്‍ വിശ്വാസവോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്.

2018 മേയ് 19 – വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പ് യെദിയൂരപ്പയുടെ രാജി പ്രഖ്യാപനം.

2018 മേയ് 23 – എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി കോൺഗ്രസ് – ജെഡിഎസ് സഖ്യ സർക്കാർ സത്യപ്രതിജ്ഞ. ദേശീയതലത്തിൽ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യപ്രകടനം കൂടിയായി സത്യപ്രതിജ്ഞ.

2018 ഒക്ടോബര്‍ 11 - കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരില്‍ മന്ത്രിയായിരുന്ന ബി.എസ്.പി എം.എല്‍.എ എന്‍.മഹേഷ് രാജിവച്ചു.

2019  ജനുവരി 14 - കര്‍ണാടകത്തില്‍ വീണ്ടും രാഷ്ട്രീയ നാടകങ്ങള്‍. എട്ട് കോണ്‍ഗ്രസ് എം.എല്‍.മാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹം. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് ബി.ജെ.പി എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് യെദിയൂരപ്പ. 

2019  ജനുവരി 28 - കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വിമര്‍ശനം പരിധിവിടുന്നതായി ആരോപിച്ച് മുഖ്യമന്ത്രി കുമാരസ്വാമിയുടെ രാജി ഭീഷണി. പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടല്‍.  

2019  ഫെബ്രുവരി 08 - ബി.ജെ.പി ചേരിയിലേക്ക് പോകാനൊരുങ്ങിയ 4 എം.എല്‍.എമാര്‍ക്കെതിരെ കൂറുമാറ്റനിരോധന നിയമപ്രകാരം നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടു. ജെ.ഡി.എസ് എം.എല്‍.എയെ യെദിയൂരപ്പ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായ ശബ്ദരേഖ കുമാരസ്വാമി പുറത്തുവിട്ടു.

2019  ഫെബ്രുവരി 10 -  കുമാരിസ്വാമി സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി 30 കോടി വാഗ്ദാനം ചെയ്തെന്ന് ജെ.ഡി.എസ്. എം.എല്‍എ ശ്രീനിവാസ ഗൗഡ.

2019  ഫെബ്രുവരി 11 - സര്‍ക്കാരിനെ വീഴ്ത്താന്‍ എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമി അന്വേഷണം പ്രഖ്യാപിച്ചു.   

2019 മാര്‍ച്ച് 4 - കോണ്‍ഗ്രസ് നേതാവ് ഉമേഷ് ജാദവ് എം.എല്‍.എ സ്ഥാനം രാജിവച്ചു.

2019 മാര്‍ച്ച് 6 - ഉമേഷ് ജാദവ് ബി.ജെ.പിയില്‍ ചേര്‍ന്നു.

2019 മേയ് 23 - ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ 28-ല്‍ 25 സീറ്റിലും ബി.ജെ.പിക്ക് ജയം.

2019 ജൂണ്‍ 30 - കോണ്‍ഗ്രസ് എം.എല്‍.എമാരായ രമേശ് ജാര്‍ക്കിഹോളി, ആനന്ദ് സിങ് എന്നിവര്‍ രാജിവച്ചു.

2019 ജൂലൈ 01 – ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജി വെച്ചു.

2019 ജൂലൈ 6 - ഭരണസഖ്യത്തിലെ 12 എം.എല്‍.എമാര്‍ കൂടി രാജിവച്ചു. ( കോൺഗ്രസ് – 9, ജെഡിഎസ് – 3 )

2019 ജൂലൈ 8 – ഒരു കെപിജെപി എംഎൽഎ, ഒരു സ്വതന്ത്ര എംഎൽഎ ( മന്ത്രിസ്ഥാനം രാജിവെച്ച് ) കൂടി ബിജെപി പക്ഷത്തേക്ക് കൂറു മാറി. വിമതരെ അനുനയിപ്പിക്കാനെന്ന ശ്രമമെന്നോണം കോൺഗ്രസിന്റെ 21ഉം ജെഡിഎസിന്റെ 9 ഉം മന്ത്രിമാർ രാജിവെച്ചു.

2019 ജൂലൈ 9 – ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജി നൽകി. രാജി നൽകിയ 14 എംഎൽഎ മാരിൽ 9 പേരുടെ രാജിക്കത്തുകൾ സ്പീക്കർ തള്ളി.

2019 ജൂലൈ 10 – 2 കോൺഗ്രസ് എംഎൽഎമാർ കൂടി രാജി വെച്ചു. രാജി വെച്ചവർ സിദ്ദരാമയ്യയുടെ എംടിബി നാഗരാജും ഡോക്ടർ കെ സുധാകറും.

( ആകെ 16 എംഎൽഎമാർ രാജി നൽകി, 1 സ്വതന്ത്രനും ഒരു കെപിജെപി എംഎൽഎയും ബിജെപി പക്ഷത്തേക്ക് കൂറു മാറി )

മുംബൈയിൽ ഹോട്ടൽ റിനയിസെൻസിൽ താമസിക്കുന്ന വിമത എംഎൽഎമാരെ കാണാൻ രാവിലെ 8.20ന് എത്തിച്ചേർന്ന കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ ഡി കെ ശിവകുമാറിനെയും ജെഡിഎസ് നേതാക്കളായ ജി ടി ദേവഗൗഡയെയും ശിവലിംഗ ഗൗഡയെയും പൊലീസ് തടഞ്ഞു. ശിവകുമാറിനു പിന്തുണയുമായി അവിടെ എത്തിയ മഹാരാഷ്ട്ര കോൺഗ്രസ് നേതാക്കളായ മിലിന്ദ് ദിയോറെയെയും സഞ്ജയ് നിരുപത്തെയും നസീം ഖാനെയും പൊലീസ് തടഞ്ഞു. ഡി കെ ശിവകുമാറിനെ പ്രവേശിപ്പിച്ചാൽ തങ്ങളുടെ ജീവന് ഭീഷണിയാകുമെന്ന് കാണിച്ച് വിമത എംഎൽഎമാർ എഴുതിയ കത്ത് കാണിച്ചാണ് പൊലീസ് ശിവകുമാറിനെ തടഞ്ഞത്. ഹോട്ടൽ പരിസരത്ത് പൊലീസ് നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു.

2019 ജൂലൈ 11 - സ്പീക്കർ രാജി സ്വീകരിച്ചില്ലെന്ന വിമത എംഎൽഎമാരുടെ ഹർജിയിൽ 10 പേരും 11ന്, വൈകുന്നേരം 6ന് മുൻപായി സ്പീക്കർക്കു മുന്നിൽ ഹാജരായി വീണ്ടും രാജിക്കത്ത് നൽകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. രാജിക്കാര്യത്തിൽ തീരുമാനമെടുത്ത് ജൂലൈ 12ന് അറിയിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവായിട്ടുണ്ട്.

2019 ജൂലൈ 11 – രാജിവെച്ച വിമത എംഎൽഎമാർ വൈകുന്നേരം ബംഗ്ലുരുവിലെത്തി സ്പീക്കർ കെ ആർ രമേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി, 10 വിമത എംഎൽഎമാർ വീണ്ടും രാജി നൽകി.  രാജി ഉടൻ സ്വീകരിക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി, നടപടികൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നും അറിയിച്ചു. ജൂലൈ 12ന് തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലേക്ക് എംഎൽഎമാർക്ക് കോൺഗ്രസ് വിപ്പ് നൽകി. നിലവിൽ ഭരണമുന്നണിക്ക് 101 എംഎൽഎമാർ, ബിജെപിക്ക്  1 സ്വതന്ത്രനും 1 കെപിജെപി അംഗവും ഉൾപ്പെടെ 107 എംഎൽഎമാർ.

ജൂലൈ 12- കര്‍ണാടക വിമത എംഎല്‍എമാരുടെ രാജിക്കത്തിന്മേല്‍ തീരുമാനം എടുക്കണമെന്ന നിര്‍ദ്ദേശം തള്ളി സ്പീക്കര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണനയില്‍.

ജൂലൈ 13- രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് വിമത കോണ്‍ഗ്രസ് എംഎല്‍എ ടി ബി നാഗരാജ് അറിയിച്ചു.  കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും നാഗരാജുമായി  നടത്തിയ ചർച്ചയിലാണ് രാജി പിന്‍വലിക്കാന്‍ ധാരണയായത്. 

ജൂലൈ 14- എംഎല്‍എ എം ടി ബി നാഗരാജാണ് രാജി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചത്. കുമാരസ്വാമി നാഗരാജുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക്  പിന്നാലെയാണിത്. തനിക്കൊപ്പം കെ സുധാകറും രാജി പിന്‍വലിക്കുമെന്നും നാഗരാജ് അറിയിച്ചു. 

ജൂലൈ 16-  രാജി അംഗീകരിക്കാൻ സ്‍പീക്കര്‍ക്ക് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎൽഎമാര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു. വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനം നീളുന്നതില്‍ കര്‍ണാടക സ്പീക്കറെ വിമര്‍ശിച്ച് സുപ്രീംകോടതി.   സ്വന്തം കർത്തവ്യങ്ങൾ നിർവഹിക്കാതെ കോടതിയുടെ ഭരണഘടനപരമായ പരിമിതികൾ ചൂണ്ടിക്കാണിക്കുകയാണ് സ്പീക്കർ എന്ന്  ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിമര്‍ശിച്ചു. 

ജൂലൈ 17- കര്‍ണാടകത്തിലെ വിമത എംഎല്‍എമാരുടെ രാജിയില്‍ അനുയോജ്യസമയപരിധിക്കകം സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. രാജി അംഗീകരിക്കണമെന്ന് സ്പീക്കറെ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി പറഞ്ഞു.  വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുത്. ഈ കേസിലെ ഭരണഘടനമായ വിഷയങ്ങൾ പിന്നീട് വിശദമായി പരിശോധിക്കുമെന്നും സുപ്രീംകോടതി 

ജൂലൈ 18- കർണാടകത്തിൽ കുമാരസ്വാമി സർക്കാരിന്‍റെ വിശ്വാസവോട്ടെടുപ്പ് നടക്കും. 16 വിമത എം എൽ എമാർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം എൽ എമാർ പിന്തുണ പിൻവലിക്കുകയും ചെയ്തതോടെ ഉണ്ടായ പ്രതിസന്ധിയാണ് വിശ്വാസവോട്ടിലേക്ക് എത്തിയത്. 

ജൂലൈ 18- കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയാവാതെ സഭ പിരിഞ്ഞു. വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തെച്ചൊല്ലി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാദപ്രതിവാദമുണ്ടായി. തുടര്‍ന്ന് സക്ഷയില്‍ ബഹളം രൂക്ഷമായതോടെ വിശ്വാസവോട്ടെടുപ്പ് നടത്താതെ സഭപിരിഞ്ഞു. 

ജൂലൈ 19 -ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് കുമാരസ്വാമി സര്‍ക്കാരിന് ഗവര്‍ണറുടെ നിര്‍ദ്ദേശം. സമയപരിധി അവസാനിച്ചിട്ടും ഭുരിപക്ഷം തെളിയിക്കാനോ വിശ്വാസവോട്ടെടുപ്പിലേക്ക് കടക്കാനോ കുമാരസ്വാമി തയ്യാറാകാത്തതോടെ സമയം ആറുമണി വരെ നീട്ടി.

ജൂലൈ 19- വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം സ്പീക്കര്‍ അംഗീകരിച്ചില്ല. വിശ്വാസവോട്ടെടുപ്പ് മാറ്റി വച്ചു.

ജൂലൈ 20- വിശ്വാസവോട്ടെടുപ്പ് 22-ാം തീയതിയിലേക്ക് നീട്ടി. 23-ന് വോട്ടെടുപ്പ് നടത്താമെന്ന കോണ്‍ഗ്രസിന്റെ നിലപാട് സ്പീക്കര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് നടപടിക്രമങ്ങള്‍ 22-ാം തീയതിയിലേക്ക് മാറ്റി. തിങ്കളാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനുള്ള സ്പീക്കറുടെ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു. 

ജൂലൈ 22 -വിശ്വാസവോട്ടെടുപ്പ് നീട്ടി വച്ചു. വോട്ടെടുപ്പ് നടക്കുമെന്ന കുമാരസ്വാമിയുടെ ഉറപ്പിന് ബിജെപിയുടെയും സ്പീക്കറുടെയും പിന്തുണ ലഭിച്ചു. എന്നാല്‍ ഇതിനെ എതിര്‍ത്ത കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ പിരിയണം എന്നാവശ്യപ്പെട്ട് ബഹളം വച്ചു. തുടര്‍ന്ന് സിദ്ധരാമയ്യയുടെ കൂടി അഭിപ്രായം തേടിയ സ്പീക്കര്‍ വോട്ടെടുപ്പ് സമയം നാളത്തേക്ക് നിശ്ചയിച്ചു.

ജൂലൈ 23- വിശ്വാസവോട്ടെടുപ്പ് വൈകിട്ട് ആറുമണിക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് സ്പീക്കര്‍. രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കിടെ തിങ്കളാഴ്ച അര്‍ധരാത്രി വോട്ടെടുപ്പിന്റെ കാര്യത്തില്‍ തീരുമാനമായി.   

ജൂലൈ 23-  വിശ്വസവോട്ടെടുപ്പില്‍ പരാജയം ഏറ്റുവാങ്ങി കുമാരസ്വാമി സര്‍ക്കാര്‍. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 99 എംഎല്‍എമാര്‍ വോട്ട് ചെയ്തപ്പോള്‍ 105 പേര്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.