ദില്ലി: മധ്യപ്രദേശ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിൽ വിശ്വാസവോട്ട് തേടാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ ഇന്ന‌് വാദം കേൾക്കൽ തുടരും. എംഎൽഎമാരെ ബന്ദിയാക്കിവെച്ചിരിക്കുന്നു എന്ന‌് ആരോപിച്ച് കോൺഗ്രസ് നൽകിയ ഹർജിയും കോടതിക്ക് മുമ്പിലുണ്ട്. 

എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കറോട് ഇന്ന് നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എംഎൽഎമാരെ ബന്ദിയാക്കിവെച്ച് സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് വാദിച്ചിരുന്നു. കമൽനാഥിന് അധികാര കൊതിയാണ് എന്നായിരുന്നു അതിന് ബിജെപിയുടെ മറുപടി. കുതിരകച്ചവടം തടയുകയാണ് പ്രധാന പരിഗണന എന്ന് ഇന്നലെ കേസ് പരിഗണിക്കവേ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. ഇന്ന് വാദം കേൾക്കൽ പൂർത്തിയായാല്‍ കേസ് വിധി പറയാനായി മാറ്റിവെക്കാനാണ് സാധ്യത.

Also Read: മധ്യപ്രദേശ്: എംഎൽഎമാരെ സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കാനാവില്ല: സുപ്രീം കോടതി

ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് മുന്‍മുഖ്യമന്ത്രിയും, ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത്. അതിനിടെ, ബിജെപി തടങ്കലിലാക്കിയിട്ടില്ലെന്നും സ്വതന്ത്രരാണെന്നും വ്യക്തമാക്കി വിമത എംഎല്‍എമാര്‍ രംഗത്തെത്തി. രാജി സ്വീകരിക്കാതെ സ്പീക്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ബംഗലുരുവില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ 16 എംഎല്‍എമാര്‍ ആരോപിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക