Asianet News MalayalamAsianet News Malayalam

രാജ്യദ്രോഹ നിയമം മനസിലാക്കുന്നതില്‍ ദില്ലി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനേക്കാള്‍ പിന്നിൽ; പി ചിദംബരം

2016 ഫെബ്രുവരി ഒമ്പതിനാണ് കനയ്യ കുമാർ ഉൾപ്പടെ ഒൻപത് പേർക്കെതിരെ രാജ്യദ്രോഹത്തിന് പൊലീസ് കേസെടുത്തത്. ജെഎൻയു ക്യാമ്പസില്‍ സംഘടിപ്പിച്ച അഫ്സല്‍ ഗുരുവിന്റെ അനുസ്മരണ യോ​ഗത്തിനിടെ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചായിരുന്നു കനയ്യ കുമാർ ഉൾപ്പടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തത്. 

P Chidambaram criticises Delhi government decision to prosecute Kanhaiya Kumar in sedition case
Author
New Delhi, First Published Feb 29, 2020, 1:12 PM IST

ദില്ലി: രാജ്യദ്രോഹക്കേസില്‍ ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ പ്രസിഡന്റും നിലവിൽ സിപിഐ നേതാവുമായ കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ദില്ലി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. രാജ്യദ്രോഹ നിയമം മനസിലാക്കുന്നതില്‍ ദില്ലി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനേക്കാള്‍ പിന്നിലാണെന്നാണ് ചിദംബരം ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരം കനയ്യ കുമാറിനെയും മറ്റുള്ളവരെയും വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2016 ഫെബ്രുവരി ഒമ്പതിനാണ് കനയ്യ കുമാർ ഉൾപ്പടെ ഒൻപത് പേർക്കെതിരെ രാജ്യദ്രോഹത്തിന് പൊലീസ് കേസെടുത്തത്. ജെഎൻയു ക്യാമ്പസില്‍ സംഘടിപ്പിച്ച അഫ്സല്‍ ഗുരു അനുസ്മരണ യോ​ഗത്തിനിടെ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചായിരുന്നു കനയ്യ കുമാർ ഉൾപ്പടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തത്. നാലുവര്‍ഷം മുമ്പ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ ദില്ലി സര്‍ക്കാര്‍ അനുമതി നല്‍കിയത്.

കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ആക്കിബ് ഹുസൈന്‍, ഉമര്‍ ഗുല്‍, മുജീബ് എന്നിവരാണ് കേസിലെ പ്രതികള്‍. ദില്ലി ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇവര്‍ക്കെതിരായ കേസുള്ളത്. ഇവരെ വിചാരണ ചെയ്യാനുള്ള അനുമതി ദില്ലി സര്‍ക്കാര്‍ വൈകിപ്പിച്ചതിനെ തുടര്‍ന്ന് കേസിന്റെ നടപടിക്രമങ്ങള്‍ നിലച്ചിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 14നാണ് ഇവര്‍ക്കെതിരായ കുറ്റപത്രം ദില്ലി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.

Read More: അരവിന്ദ് കെജ്രിവാൾ അനുമതി നൽകി: കനയ്യകുമാർ രാജ്യദ്രോഹക്കേസിൽ വിചാരണ നേരിടണം

അതേസമയം, രാജ്യദ്രോഹക്കേസിൽ വിചാരണ ചെയ്യാൻ ദില്ലി സർക്കാർ അനുമതി നൽകിയതിൽ പ്രതികരിച്ച് കനയ്യ കുമാർ രം​ഗത്തെത്തി. ദില്ലി സർക്കാരിന് നന്ദി എന്നാണ് കനയ്യ ട്വീറ്റ് ചെയ്തത്. കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കനയ്യ ആവശ്യപ്പെട്ടു. കേസിൽ അതിവേഗ വിചാരണ നടത്തണം. പലരും രാഷ്ട്രീയ ലാഭത്തിനായാണ് കേസ് ഉപയോഗിച്ചത്. രാജ്യദ്രോഹക്കേസ് എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്ന് ജനങ്ങൾ മനസിലാക്കണമെന്നും കനയ്യ കുമാർ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios