ദില്ലി: സുപ്രീംകോടതി ജസ്റ്റിസ് എൻ വി രമണക്കെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ഉയര്‍ത്തിയ ആരോപണങ്ങളെ ചൊല്ലി സുപ്രീംകോടതി ബാര്‍ അസോസിയേഷനിൽ ഭിന്നത. ജസ്റ്റിസ് രമണയെ പിന്തുണച്ച സുപ്രീംകോടതി ബാര്‍ അസോസിയേഷൻ എക്സിക്യുട്ടീവ് കമ്മിറ്റിക്കെതിരെ അസോസിയേഷൻ പ്രസിഡന്‍റ് ദുഷ്യാന്ത് ദവേ തന്നെ രംഗത്തെത്തി. മൂന്ന് റിട്ട ജഡ്ജിമാരുടെ സമിതി അന്വേഷിക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.

അടുത്ത ഏപ്രിൽ മാസത്തിൽ ചീഫ് ജസ്റ്റിസാകാനിരിക്കുന്ന ജസ്റ്റിസ് എൻ വി രമണക്കെതിരെ അഴിമതി അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് രണ്ട് ദിവസം മുമ്പ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ഉയര്‍ത്തിയത്. ജസ്റ്റിസ് രമണക്കെതിരെ പരസ്യപ്രചരണത്തിന് ഇറങ്ങാനും ആന്ധ്ര മുഖ്യമന്ത്രി തീരുമാനിച്ചു. ജഗൻമോഹൻ റെഡ്ഡിയുടെ പ്രസ്താവന തള്ളിയ സുപ്രീംകോടതി ബാര്‍ അസോസിയേഷൻ എക്സിക്യട്ടീസ് കമ്മിറ്റി ജസ്റ്റിസ് രമണയെ പിന്തുണച്ച് പ്രസ്താവന ഇറക്കിയിരുന്നു. 

അത് തള്ളി ബാര്‍ അസോസിയേഷന്‍റെ പ്രസിഡന്‍റ് ദുഷ്യന്ത് ദവേ തന്നെ രംഗത്തെത്തിയതോടെ ജസ്റ്റിസ് രമണ വിഷയത്തിൽ സുപ്രീംകോടതിയിലെ അഭിഭാഷകരും രണ്ട് തട്ടിലാകുന്നു. യാതൊരു അന്വേഷണവും ഇല്ലാതെ ജസ്റ്റിസ് രമണയെ വെള്ളപൂശേണ്ടതില്ലെന്നാണ് ദുഷ്യന്ത് ദവേയുടെ അഭിപ്രായം. അന്വേഷണം വേണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ  നിന്ന് വിരമിച്ച മൂന്ന് ജഡ്ജിമാരുടെ സമിതി അതിനായി രൂപീകരിക്കണമെന്ന അഭിപ്രായവും പ്രശാന്ത് ഭൂഷണ്‍ മുന്നോട്ടുവെക്കുന്നു. 

ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങൾ പൊതുവേദിയിൽ ഉന്നയിക്കാനാകുമോ എന്ന വിഷയം പ്രശാന്ത് ഭൂഷണിനെതിരെയുള്ള തെഹൽക കോടതി അലക്ഷ്യ കേസിൽ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ജഗൻമോഹൻ റെഡ്ഡിയുടെ കത്ത് വിവാദമാകുന്നത്.