Asianet News MalayalamAsianet News Malayalam

കൊറോണ: ജീവന്‍ അപകടത്തില്‍; ജപ്പാന്‍ തീരത്ത് നങ്കൂരമിട്ട കപ്പലിലെ ഇന്ത്യക്കാരുടെ വീഡിയോ സന്ദേശം

പ്രശ്നങ്ങളില്ല, കാര്യങ്ങള്‍ നിയന്ത്രണ വിധേയമെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ കുഴഞ്ഞുമറിയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ജീവനക്കാരുടെ ജീവന്‍ അപകടത്തിലാണ്. വൈറസ് ബാധ സ്ഥിരീകരിക്കാത്തവരെയെങ്കിലും തിരികെ നാട്ടിലെത്തിക്കണം

Coronavirus Indian crew on board quarantined ship off Japan send video message
Author
Yokohama, First Published Feb 12, 2020, 11:12 PM IST

യോക്കോഹാമ: പ്രശ്നമില്ലാന്ന് ആദ്യം പറഞ്ഞു, പക്ഷേ ഇപ്പോള്‍ നില മോശമാണ്, ഞങ്ങളുടെ ജീവന്‍ അപകടത്തിലാണ് തിരികെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ജപ്പാനില്‍ നങ്കൂരമിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ ജീവനക്കാര്‍. തമിഴ്നാട് മധുരൈ സ്വദേശിയായ അന്‍പഴകനും പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിനയ് കുമാറുമാണ് രക്ഷിക്കണമെന്ന സന്ദേശവുമായി വീഡിയോ ചെയ്തിരിക്കുന്നത്. കപ്പലിലെ യാത്രക്കാര്‍ക്ക് മാത്രമായിരുന്നു അസുഖം ബാധിച്ചതെന്നായിരുന്നു ആദ്യം ലഭിച്ച വിവരം ഇപ്പോള്‍ ജീവനക്കാര്‍ക്കും അസുഖം പടര്‍ന്നതായാണ് പറയുന്നത്.

പ്രശ്നങ്ങളില്ല, കാര്യങ്ങള്‍ നിയന്ത്രണ വിധേയമെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ കുഴഞ്ഞുമറിയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ജീവനക്കാരുടെ ജീവന്‍ അപകടത്തിലാണ്. വൈറസ് ബാധ സ്ഥിരീകരിക്കാത്തവരെയെങ്കിലും തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് അന്‍പഴകന്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നത്. ജോലി നഷ്ടമാകുമെന്ന ഭീതിയിലായിരുന്നു ആദ്യം ഈ വിവരങ്ങള്‍ പുറത്ത് പറയാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജീവന്‍ പോകുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. ജപ്പാന്‍ അധികൃതര്‍ ഭക്ഷണവും വെള്ളവുമെല്ലാം എത്തിക്കുന്നുണ്ട്. എന്നാല്‍ വൈറസ് ബാധിച്ചവര്‍ക്കൊപ്പം കഴിയുന്നത് കൂടുതല്‍ പേരിലേക്ക് അസുഖം പടരാന്‍ ഇടയാക്കുമെന്നും അന്‍പഴകന്‍ വീഡിയോയില്‍ പറയുന്നു.

 

ജീവനക്കാരില്‍ പത്തോളം പേര്‍ക്ക് ഇതിനോടകം വൈറസ് ബാധിച്ചിട്ടുള്ളതായാണ് വിവരം. ജന്മനാട്ടിലേക്ക് തിരികെയെത്തിക്കുന്നതിന് തമിഴ്നാട് മുഖ്യമന്ത്രി, രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത് കുമാര്‍, സ്റ്റാലിന്‍ തുടങ്ങിയവരുടെ ഇടപെടലുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അന്‍പഴകന്‍ പറയുന്നു. അഭിനന്ദന്‍ വര്‍ധമാനെ പാകിസ്ഥാനില്‍ നിന്ന് രാജ്യത്തേക്ക് തിരികെയെത്തിച്ചത് പോലെ തങ്ങളെയും തിരികെയെത്തിക്കണമെന്നാണ് അന്‍പഴകന്‍റെ സഹപ്രവര്‍ത്തകനായി ബിനയ് കുമാര്‍ ആവശ്യപ്പെടുന്നത്. 

Coronavirus Indian crew on board quarantined ship off Japan send video message

യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതിനെതുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലിന് യാത്ര തുടരാന്‍ അനുവാദം നല്‍കിയിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബര കപ്പല്‍ ക്വാറന്റൈന്‍ ചെയ്ത് ജപ്പാനിലെ യോക്കോഹാമയില്‍ നങ്കൂരമിട്ടത്. 3000 യാത്രക്കാരും ആയിരത്തോളം ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഇതില്‍ 138 പേര്‍ ഇന്ത്യക്കാരാണെന്നാണ് സൂചന. ഇതില്‍ 132 പേര്‍ കപ്പലിലെ ജീവനക്കാരാണ്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരെ റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ കപ്പലിലാണെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 273 പേരെയാണ് കപ്പലിനുള്ളില്‍ കൊറോണ ലക്ഷണങ്ങളുമായി കണ്ടെത്തിയത്.

Follow Us:
Download App:
  • android
  • ios