തീവെപ്പ്, ടിയർ ഗ്യാസ്, വെടിവെപ്പ്, റബ്ബർ ബുള്ളറ്റുകൾ - അമേരിക്ക കത്തുകയാണിന്ന്. പ്രധാനപ്പെട്ട എല്ലാ നഗരങ്ങളും കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡിന് നീതി തേടി കത്തിപ്പുകയുന്നു. ഇത് ഏറെക്കാലമായി അമേരിക്ക അടക്കിപ്പിടിച്ച അതൃപ്തിയുടെ പൊട്ടിത്തെറിയുമാണ്.

വാഷിംഗ്ടൺ ഡിസി: കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ പൊലീസുദ്യോഗസ്ഥൻ കഴുത്തിൽ കാൽമുട്ട് വച്ച് ഞെരിച്ച് കൊന്നതിൽ പ്രതിഷേധിച്ച് അമേരിക്കയിൽ ആളിക്കത്തുന്ന കലാപം കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നു. 16 സ്റ്റേറ്റുകളിലായി 26 നഗരങ്ങളിൽ അതാത് ഭരണകൂടങ്ങൾ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ത്യാനാപോളിസിലെ പ്രതിഷേധങ്ങൾക്കിടെ മൂന്ന് സമരക്കാർക്ക് വെടിയേറ്റു. ഇതിൽ ഒരാൾ മരിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഒരു പൊലീസുദ്യോഗസ്ഥനും ഇവിടെ പരിക്കേറ്റു. ലോസ് ഏഞ്ചലസ് അടക്കമുള്ള നിരവധി ഇടങ്ങളിൽ നിരോധനാജ്ഞയും നിലവിലുണ്ട്.

അമേരിക്കയിലെമ്പാടും പൊലീസ് ആസ്ഥാനങ്ങൾക്ക് നേരെയുള്ള അക്രമം തുടരുന്നു. ഫെർഗൂസൻ പൊലീസ് ആസ്ഥാനം ആക്രമിക്കപ്പെട്ടു. ഇവിടെയുള്ള എല്ലാ പൊലീസുദ്യോഗസ്ഥരെയും ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു.

രാജ്യത്തെ കൊവിഡ് പരിശോധനകൾ പലയിടത്തും നിർത്തി വച്ചിരിക്കുകയാണ്. ലോകത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യമായിട്ട് പോലും, അമേരിക്കയ്ക്ക് കലാപകലുഷിതമായ സാഹചര്യത്തിൽ പരിശോധനകൾ നിർത്താതെ വേറെ വഴിയില്ലാത്ത സ്ഥിതിയാണ്. ജൂണിൽ അമേരിക്കയിൽ നടക്കേണ്ടിയിരുന്ന ജി - 7 ഉച്ചകോടി മാറ്റി വച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. 

കർഫ്യൂ പ്രഖ്യാപിച്ച നഗരങ്ങൾ ഇവയാണ്:

കാലിഫോർണിയ - ബെവർലി ഹിൽസ്, ലോസ് ഏഞ്ചലസ്, സാൻഫ്രാൻസിസ്കോ
കൊളറാഡോ - ഡെൻവെർ
ഫ്ലോറിഡ - മിയാമി
ജോർജിയ - അറ്റ്‍ലാന്‍റ
ഇല്ലിനോയ് - ഷിക്കാഗോ
കെന്‍റക്കി - ലൂയിസ്‍വിൽ
മിന്നസോട്ട - മിനിയാപോളിസ്, സെന്‍റ് പോൾ
ന്യൂയോർക്ക് - റോച്ചസ്റ്റർ
ഒഹായോ - സിൻസിനാറ്റി, ക്ലെവെലൻഡ്, കൊളംബസ്, ഡേയ്റ്റൺ, ടൊളെഡോ
ഒറിഗൺ - യൂജിൻ, പോർട്‍ലൻഡ്
പെൻസിൽവാനിയ - ഫിലാഡൽഫിയ, പിറ്റ്‍സ്ബർഗ്
സൗത്ത് കരോലിന - ചാൾസ്റ്റൺ, കൊളംബിയ
ടെന്നസി - നാഷ്‍വിൽ
യുട്ട - സാൾട്ട് ലേക്ക് സിറ്റി
വാഷിംഗ്ടൺ - സിയാറ്റിൽ
വിസ്കോൺസിൻ - മിൽവാവ്കി

സൈന്യത്തെ ഇറക്കി അക്രമത്തെ നേരിടുമെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം. ജോർജ് ഫ്ലോയ്ഡിന്‍റെ കൊലപാതകം വലിയ ദുരന്തമാണെന്ന പ്രസ്താവനയ്ക്കുമപ്പുറം, അക്രമികളെ കർശനമായി നേരിടും എന്ന തരത്തിലുള്ള പ്രസ്താവനകൾക്കാണ് ട്രംപ് ഊന്നൽ കൊടുക്കുന്നതെന്നത് ശ്രദ്ധേയമാണ്. ജോർജ് ഫ്ലോയ്ഡിന്‍റെ മരണത്തിൽ അനുശോചനം പങ്കുവയ്ക്കാൻ വിളിച്ച ട്രംപ് 30 സെക്കന്‍റിൽ സംസാരം അവസാനിപ്പിച്ചുവെന്നാണ് സഹോദരൻ ഫിലിനോയ്സ് ഫ്ലോയ്ഡ് മാധ്യമങ്ങളോട് പറഞ്ഞത്.

വൈറ്റ് ഹൗസിലെത്തിയ പ്രതിഷേധക്കാർ ജോർജ് ഫ്ലോയ്ഡിന് വേണ്ടി പ്രതിഷേധിക്കാൻ വന്നതല്ലെന്നും, അവർ ആയുധങ്ങളും, വേട്ടനായ്ക്കളുമായി സീക്രട്ട് സർവീസിനെ നേരിടാൻ സാധ്യതയുണ്ടെന്നും, ഇതിനെ കൃത്യമായി സീക്രട്ട് സർവീസ് നേരിട്ടുവെന്നുമുള്ള തരത്തിലുള്ള ട്രംപിന്‍റെ പ്രസ്താവനകൾക്കെതിരെയും പ്രതിഷേധം കടുക്കുകയാണ്. 

Scroll to load tweet…
Scroll to load tweet…

പ്രതിഷേധങ്ങളെ ഡെമോക്രാറ്റ് - റിപ്പബ്ലിക്കൻ തർക്കമായി തിരിച്ച് വിടാനും, ട്രംപ് ശ്രമിക്കുന്നുണ്ട്. മിനിയാപോളിസിൽ ഡെമോക്രാറ്റായ ഗവർണർ ശ്രമിച്ചിട്ട് നടക്കാത്ത ക്രമസമാധാനപാലനം സൈന്യത്തെ വിട്ട് ഞാൻ നടപ്പിലാക്കി എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

അതേസമയം, പ്രതിഷേധക്കാരെ തീർത്തും മോശമായ ഭാഷയിൽ വിശേഷിപ്പിക്കുന്ന ട്രംപിന്‍റെ നിലപാടിനെതിരെ വാഷിംഗ്ടൺ ഗവർണർ അടക്കം വിമർശനം കടുപ്പിക്കുകയാണ്. പൗരാവകാശങ്ങളുള്ള അമേരിക്കയിൽ ഇത്തരം ഭാഷ ഒരു പ്രസിഡന്‍റ് ഉപയോഗിക്കുന്നത് അപലപനീയം എന്നാണ് ഡെമോക്രാറ്റ് കൂടിയായ വാഷിംഗ്ടൺ ഗവർണർ മറിയൽ ബൗസർ വിമർശിച്ചത്. അതേസമയം, ഡെമോക്രാറ്റ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള ജോ ബൈഡൻ, സമരങ്ങളെ അനുകൂലിച്ചെങ്കിലും അക്രമങ്ങളെ എതിർക്കുകയാണ്.