ന്യൂയോര്‍ക്ക്: കൊവിഡ് നിയന്ത്രിക്കാൻ പാടുപെടുന്ന അമേരിക്ക മറ്റ് രാജ്യങ്ങളിൽനിന്ന് മാസ്കുകൾ തട്ടിയെടുക്കുന്നതായി പരാതി. ബെർലിൻ പൊലീസ് ഓർഡർ ചെയ്ത  മാസ്കുകൾ അമേരിക്ക ബാങ്കോക്ക് വിമാനത്താളത്തിൽ തടഞ്ഞ് സ്വന്തം ആവശ്യത്തിനായി കൊണ്ടുപോയതായി ജർമ്മനി ആരോപിച്ചു. ആധുനിക കാലകൊള്ളയെന്നാണ് അമേരിക്കൻ നടപടിയെ ജ‍ർമ്മനി വിശേഷിപ്പിച്ചത്.

പുറത്തിറങ്ങുന്നവരെല്ലാം മാസ്ക് ധരിക്കണമെന്ന അമേരിക്കൻ പ്രസിഡന്‍റിന്‍റെ വാക്കുകൾക്ക് പിന്നാലെ വരുന്നത് അമേരിക്കയെ പ്രതിക്കൂട്ടിലാക്കുന്ന വാർത്തകൾ. അമേരിക്കൻ കമ്പനിയായ 3എമ്മിൽനിന്ന് ജ‍ർമ്മനിയിലെ ബെർലിൻ പൊലീസ് 2 ലക്ഷം എൻ 95 മാസ്കുകൾ ഓർഡർ ചെയ്തിരുന്നു. അമേരിക്കൻ കമ്പനിക്ക് വേണ്ടി മാസ്കുക്കൾ നിർമ്മിച്ചത് ചൈനയിൽ.  

അവിടെ നിന്ന് മാസ്കുകൾ ബാങ്കോക്ക് വരെ എത്തുകയും ചെയ്തു. എന്നാൽ അവിടെ വച്ച് ഇവ അമേരിക്ക പിടിച്ചെടുത്തെന്നാണ് പരാതി. അവശ്യ സാധനങ്ങളുടെ കയറ്റുമതി തടയുന്ന ഉത്തരവിനെ മറയാക്കിയാണ് അമേരിക്കൻ നടപടി. മാസ്കുകൾക്ക് അടക്കം ക്ഷാമം നേരിടുന്ന അമേരിക്ക ഇവ സ്വന്തം ആവശ്യത്തിനായി കൊണ്ടുപോയെന്നും ജ‍ര്‍മ്മനി ആരോപിച്ചു. എന്നാല്‍ ജര്‍മ്മന്‍ വാദങ്ങള്‍ നിഷേധിച്ച് കമ്പനി രംഗത്ത് എത്തയിട്ടുണ്ട്.  മാസ്ക്കിന് വേണ്ടിയുള്ള യുദ്ധത്തിൽ അമേരിക്കയാണ് പ്രധാന വില്ലൻ. 

കാനഡയിലേക്കും ലാറ്റിൻ അമേരിക്കയിലേക്കും മാസക്കുകൾ അയക്കരുതെന്ന് 3എം കമ്പനിയോട് അമേരിക്ക നി‍ദ്ദേശിച്ചത് കാനഡയെ ചൊടിപ്പിച്ചിരുന്നു. കാനഡയിൽനിന്ന് അമേരിക്കയിലേക്കും മെഡിക്കൽ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്ന കാര്യം ട്രംപ് മറക്കരുതെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

പല രാജ്യങ്ങളും നേരത്തെ ഓർഡർചെയ്ത് നി‍മ്മിച്ച്മാസ്കുകൾ അവസാന നിമിഷംമൂന്നിരട്ടി തുക വാഗ്ദാനം ചെയ്ത് അമരിക്ക കൈക്കലാക്കുന്നുവെന്നും ആരോപണമുമണ്ട്. ചില ഏഷ്യൻ രാജ്യങ്ങൾക്ക് വേണ്ടി 3എം സിംഗപ്പൂരിലെ ഫാക്ടറിയിൽ നിർമ്മിച്ച മാസ്ക് അമേരിക്കയിലേക്ക് അയക്കണമെന്ന സർക്കാർ നിർദ്ദേശത്തിൽ കമ്പനിയുമായി തർക്കം തുടരുകയാണ്.