തിരുവനന്തപുരം: കേരളത്തെ വൃത്തിയോടെ സൂക്ഷിക്കാന്‍ ഒരു കമ്പനി അതാണ് ക്ലീന്‍ കേരള കമ്പനി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുതല്‍ ചില്ലുകുപ്പികള്‍ വരെ ഏറ്റെടുത്ത് കേരളത്തെ ശുചിത്വം ഉറപ്പാക്കാനുളള ചുമതല ഈ കമ്പനിക്കാണ്. ഈ വര്‍ഷത്തെ ബജറ്റില്‍ ക്ലീന്‍ കേരള കമ്പനിക്ക് ശുചിത്വ മിഷന്‍ അടങ്കലില്‍ നിന്ന് 20 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചത്. 

കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മസേനാംഗങ്ങളുടെ സഹകരണത്തോടെയും സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയുമായി ക്ലീന്‍ കേരള കമ്പനി പ്ലാസ്റ്റിക്, ചില്ലുകുപ്പി മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. ബീയര്‍ കുപ്പികളും മറ്റ് ചില്ലുകുപ്പികളും കുപ്പിച്ചില്ലുകളും കമ്പനി ശേഖരിക്കും. ശേഖരിക്കുന്ന ബീയര്‍ കുപ്പികള്‍ ബ്രൂവറികള്‍ക്ക് കൈമാറും. 

ക്ലീന്‍ കേരള കമ്പനി ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ടാറിംഗിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ക്ലീൻ കേരള കമ്പനി കഴിഞ്ഞ വർഷം ടാറിങ്ങിനായി 40 ടൺ പ്ലാസ്റ്റിക്കാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും പൊതുമരാമത്തു വകുപ്പിനും കൈമാറിയത്. നിലവിൽ 20 ടൺ പ്ലാസ്റ്റിക് പൊടിച്ചും 100 ടൺ പ്ലാസ്റ്റിക് തരം തിരിച്ചും ശേഖരിച്ചിട്ടുണ്ട്.