അരൂർ: വഴിയരികില്‍ കാത്തുനിന്ന അച്ഛനെയും അമ്മയെയും വാഹനത്തിൽ നിന്ന് ചാടിയിറങ്ങി കെട്ടിപ്പുണരുന്ന അരൂരിന്റെ നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. 54 വര്‍ഷത്തിന് ശേഷം അരൂരിൽ കോൺ​ഗ്രസ് വിജയക്കൊടി പാറിച്ചതിന്റെ ആഘോഷ റാലിക്കിടെയാണ് ഷാനിമോളെ കാണാനായി മാതാപിതാക്കൾ വഴിയരികിൽ കാത്തുനിന്നത്.

റോഡില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അച്ഛനും അമ്മയും തന്നെ കാണാനായി കാത്തുനിൽക്കുന്നതു കണ്ട ഷാനിമോൾ ജീപ്പിൽനിന്ന് ചാടിയിറങ്ങുകയായിരുന്നു. പിന്നീട് കരഞ്ഞും കെട്ടിപിടിച്ചും തന്റെ സന്തോഷം മാതാപിതാക്കളുമായി ഷാനിമോൾ പങ്കുവച്ചു.

കേരളത്തിൽ നിന്ന് എഐസിസി സെക്രട്ടറിയായ ആദ്യ വനിത കൂടിയായ ഷാനിമോൾ ഉസ്മാൻ ഇടതുകോട്ട തകർത്താണ് അരൂരിൽ വിജയക്കൊടി പാറിച്ചത്. കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റിൽ നിന്ന് എൻഎസ്‍യുവിലേക്കും അവിടെ നിന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്തിലും നഗരസഭയിലും പ്രവർത്തിച്ച ശേഷം മഹിളാ കോൺഗ്രസിലേക്കും കെപിസിസിയിലേക്കും എത്തിയ ഷാനിമോൾ 2006ലാണ് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 

"

സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളിലൊന്നായ പെരുമ്പാവൂരിലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഷാനിമോൾ ആദ്യമായി മത്സരിക്കുന്നത്. അന്ന് സാജു പോളിനോട് ഷാനിമോൾ തോറ്റെങ്കിലും 42 ശതമാനത്തോളം വോട്ട് പിടിച്ചിരുന്നു. അതായിരുന്നു ഷാനിമോളുടെ ആദ്യത്തെ തെരഞ്ഞെടുപ്പ് നേട്ടം.

അതിന് ശേഷം വീണ്ടുമൊരു സീറ്റ് ലബ്‍ധിക്ക് ഷാനിമോൾക്ക് പത്ത് വർഷം കാത്തിരിക്കേണ്ടി വന്നു. 2011-ൽ ഷാനിമോൾക്ക് സീറ്റ് കിട്ടിയില്ല. 2016-ൽ പക്ഷേ ഒറ്റപ്പാലത്താണ് ഷാനിമോൾക്ക് വീണ്ടും സീറ്റ് നൽകുന്നത്. അവിടെയും എൽഡിഎഫിന്‍റെ പി ഉണ്ണിയോട് ഷാനിമോൾ തോറ്റിരുന്നു.