Asianet News MalayalamAsianet News Malayalam

'ആനകളെ വിൽക്കുന്നതും വാടകയോ പാട്ടമോ നൽകി എടുക്കുന്നതും നിരോധിക്കണം': ഹൈക്കോടതിയോട് അമിക്കസ് ക്യൂറി

ക്ഷേത്രങ്ങളിലേക്കും മറ്റാവശ്യങ്ങൾക്കുമായി ആനകളെ ദിവസക്കണക്കിന് ലക്ഷങ്ങൾ ലേലം വിളിച്ച് വാടകയ്ക്കും പാട്ടത്തിനുമെടുക്കുന്ന 'എക്കം' എന്ന സമ്പ്രദായം നിയമവിരുദ്ധമാണെന്നും നിരോധിക്കണമെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടുന്നു. 

amicus curie report in kerala high court seeks ban on hire lease and sale of elephants
Author
Kochi, First Published Sep 26, 2019, 3:04 PM IST

കൊച്ചി: നാട്ടാനകളെ വിൽക്കുന്നതും വാണിജ്യാവശ്യങ്ങൾക്കായി പാട്ടമോ വാടകയോ നൽകി ലേലം വിളിച്ചെടുക്കുന്നതും നിരോധിക്കണമെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട്. എം എൻ ജയചന്ദ്രൻ എന്ന വ്യക്തി നൽകിയ പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. വി എം ശ്യാംകുമാറാണ് നിയമവിരുദ്ധമായ ഈ ലേലം വിളി അവസാനിപ്പിക്കണമെന്ന് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

''വാണിജ്യാവശ്യങ്ങൾക്കായി നാട്ടാനകളെ വാടകയ്ക്കോ പാട്ടത്തിനോ എടുക്കുന്ന 'എക്കം' എന്ന സമ്പ്രദായം നിരോധിച്ചേ തീരൂ. വനം, വന്യജീവി സംരക്ഷണ നിയമത്തിലെ (1972) ചട്ടം 43 പ്രകാരം, ആനകളെ വിൽക്കുകയോ, വിൽക്കാമെന്ന് വാഗ്ദാനം നൽകി കൈമാറുകയോ, വാണിജ്യാവശ്യത്തിനായി പണം വാങ്ങി കൈമാറുകയോ ചെയ്യുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. അതിനാൽ നാട്ടാനകളെ ലേലം വിളിച്ച് ഒരു തുകയുറപ്പിച്ച് എക്കത്തിന് നൽകുന്ന സമ്പ്രദായവും നിയമവിരുദ്ധമാണ്. അതിനാൽ നാട്ടാനകളെ ഇത്തരത്തിൽ കൈമാറുന്നത് കേരളത്തിൽ നിരോധിക്കാവുന്നതാണ്'', അമിക്കസ് ക്യൂറി റിപ്പോർട്ട് പറയുന്നു. 

ചട്ടം 43 ലംഘിച്ച് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കേസെടുക്കാവുന്നതാണെന്നും തെറ്റുകാരെന്ന് കണ്ടാൽ തടവുശിക്ഷ ഉൾപ്പടെ വിധിക്കാൻ വകുപ്പുകളുണ്ടെന്നും അമിക്കസ് ക്യൂറി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

Image result for elephants kerala

മുൻ വനഗവേഷണകേന്ദ്രം ഡയറക്ടറായിരുന്ന ഡോ. പി എസ് ഈസയുടെ വിദഗ്ധോപദേശത്തിന്റെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 

ചൂഷകരാകുന്നത് ഇടനിലക്കാർ

ഡോ. പി എസ് ഈസയുടെ  റിപ്പോർട്ടിൽ, ആനകളെ കൈമാറ്റം ചെയ്യുന്നതിൽ ഇടനിലക്കാർ നടത്തുന്ന ചൂഷണമാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ആനയുടമകളും, ആവശ്യക്കാരും തമ്മിൽ നേരിട്ടല്ല പലപ്പോഴും ബന്ധപ്പെടാറ്. ഉത്സവക്കമ്മിറ്റിക്കാരും മറ്റ് ആവശ്യക്കാരും ആദ്യം ബന്ധപ്പെടുന്നത് ആനകളെ എത്തിച്ച് നൽകുന്ന ഇടനിലക്കാരുമായാണ്. അവരാണ് പലപ്പോഴും ഒരു പ്രത്യേക കാലയളവിലേക്ക് ആനകളെ പാട്ടത്തിനോ വാടകയ്ക്കോ വിട്ടു നൽകുന്നതിന് ഇടനില നിൽക്കുന്നത്. 

കേരളത്തിലെ റജിസ്റ്റർ ചെയ്ത നാട്ടാനകളിൽ ഒരു നൂറെണ്ണമെങ്കിലും വിപണിയിൽ വൻ ഡിമാൻഡുള്ളവയാണ്. വെറുതെ പാട്ടത്തിനെടുക്കുന്നതിന് പകരം പല ആവശ്യക്കാർ ഒന്നിച്ചെത്തി, ലേലം വിളിയ്ക്കുന്നത് പോലെ ദിവസവാടക പറഞ്ഞ് ഒടുവിൽ കൂടിയ തുകയ്ക്ക് എക്കമുറപ്പിച്ച് പോകാറാണ് പതിവ്. ദിവസം നാലര ലക്ഷം വരെ വാടക നൽകി ആനയെ കൊണ്ടുപോകാൻ തയ്യാറാണ് പലരും.

എന്നാൽ ഇത്തരത്തിൽ ഇടനിലക്കാർ വഴി പാട്ടത്തിന് നൽകപ്പെടുന്ന ആനകൾക്ക് കൃത്യമായ ഭക്ഷണവും പരിപാലനവും കിട്ടാറില്ലെന്നതാണ് വസ്തുത. അതിനെക്കുറിച്ച് കൃത്യമായ ചട്ടങ്ങൾ നിലവിലില്ല താനും. 

ആകെ കേരളത്തിൽ 507 നാട്ടാനകളുണ്ടെന്നാണ് കണക്ക്. ഇതിൽ 410 എണ്ണം കൊമ്പൻമാരാണ്. പെണ്ണാനകൾ 97. 2017-ൽ മാത്രം 17 ആനകൾ ചരിഞ്ഞു. 2018-ൽ ഇത് 34 ആയി ഉയർന്നു. ഈ വർഷം ഇതുവരെ മാത്രം 14 ആനകളാണ് ചരിഞ്ഞത്. കൃത്യമായ പോഷകങ്ങളുള്ള ഭക്ഷണം കിട്ടാത്തതും, ശരിയായ രീതിയിലുള്ള ഭക്ഷണം കൊടുക്കാത്തതും, ഇരട്ടിപ്പണിയും വിശ്രമമില്ലായ്മയും തന്നെയാണ് ആനകളുടെ ഈ ഉയർന്ന മരണനിരക്കിന് കാരണമെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അമിക്കസ് ക്യൂറി റിപ്പോർട്ട് ഇതിന് അടിവരയിടുന്നു.

2012-ൽ നാട്ടാന പരിപാലനത്തിനായി സർക്കാർ രൂപീകരിച്ച ചട്ടങ്ങളിൽ നാട്ടാനകളെ എങ്ങനെ പരിചരിക്കണമെന്നും അതിന് എന്തെല്ലാം ഭക്ഷണങ്ങൾ നൽകണമെന്നും കൃത്യമായ നിർദേശങ്ങളില്ല. മിക്കവാറും ആനകൾക്ക് കിട്ടുന്ന ഏകഭക്ഷണം പനമ്പട്ടയാണ്. വിവിധയിനം പുല്ലുകളും ഇലവർഗ്ഗങ്ങളും പഴങ്ങളുമെല്ലാം കാട്ടിലായിരുന്നെങ്കിൽ തിന്നുമായിരുന്ന ആനയ്ക്ക് പനമ്പട്ട മാത്രം നൽകിയതുകൊണ്ട് കാര്യമില്ല താനും. കൃത്യമായ വ്യായാമം നൽകാതെ, കൊടുംപണിയെടുപ്പിക്കുന്നതും ആനകളിൽ വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും.

പത്ത് നിർദേശങ്ങൾ

ആനകൾക്കെതിരായ ക്രൂരത അവസാനിപ്പിക്കാനും നിയമവിരുദ്ധമായ കൈാറ്റം തടയാനും പത്ത് നിർദേശങ്ങളാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നത്. 
1) ആനകളിലെ വർദ്ധിച്ചുവരുന്ന മരണ നിരക്ക് നിയന്ത്രിക്കണം
2) നിയമവിരുദ്ധമായ രീതിയിൽ ആനകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന വെറ്ററിനറി ഡോക്ടർമാർക്കെതിരെ നടപടി വേണം
3) ചട്ടത്തിൽ അവ്യക്തമായ പല ഭാഗങ്ങളും കൃത്യമായി നിർവചിക്കണം
4) ആനകളെ വാടകയ്ക്കോ പാട്ടത്തിനോ വിൽക്കാനോ വയ്ക്കുന്നത് നിരോധിക്കണം
5) ഇടനിലക്കാർ ആനകളെ ചൂഷണം ചെയ്യുന്നത് തടയാൻ കൃത്യമായ ചട്ടങ്ങൾ വേണം
6) മദം പൊട്ടിയ ആനകളെ പരിചരിക്കാൻ കൃത്യമായ ചട്ടങ്ങൾ വേണം.
7) ആനകളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന് കൃത്യമായ മാർഗനിർദേശങ്ങളടങ്ങിയ ചട്ടം വേണം
8) 65 വയസ്സിന് മുകളിലുള്ള ആനകളെ എഴുന്നള്ളിപ്പ് അടക്കം ഒന്നിനും കൊണ്ടുപോകരുത്. 'വിരമിക്കൽ' പ്രായമായി കണക്കാക്കണം. 
9) ആനക്കൊമ്പ് മുറിച്ചെടുക്കുന്നതും വിൽക്കുന്നതും അവസാനിപ്പിക്കാൻ കർശനമായ ചട്ടങ്ങൾ വേണം
10) ആനകൾക്കെതിരായ ക്രൂരതൾ പട്ടികപ്പെടുത്തി, അവയോരോന്നിനും കൃത്യമായ പരിഹാരങ്ങൾ കണ്ടെത്തണം. 

പ്രാവർത്തികമാകുമോ റിപ്പോർട്ട്?

പ്രമുഖ ക്ഷേത്രങ്ങളൊഴിച്ചാൽ ആനകളെ സ്വന്തമായി വാങ്ങി പരിപാലിക്കുകയും ആനക്കൊട്ടിൽ നടത്തുകയും ചെയ്യുന്ന ക്ഷേത്രങ്ങൾ വളരെക്കുറവാണ് കേരളത്തിൽ. സ്വന്തമായി ഒരു ആനയെ വാങ്ങി പരിപാലിക്കാനുള്ള ധനശേഷിയില്ലെന്നതടക്കമുള്ള എതിർവാദങ്ങൾ ഈ റിപ്പോർട്ടിനെതിരെ കോടതിയിൽ ഉയരാനിടയുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനെച്ചൊല്ലി ഉയർന്ന പ്രതിഷേധങ്ങളടക്കം ഈ റിപ്പോർട്ടിനെതിരെ ഉന്നയിക്കപ്പെടാൻ സാധ്യതയുണ്ട്.

Image result for thechikottukavu ramachandran

: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കഴിഞ്ഞ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിച്ചപ്പോൾ

പക്ഷേ, നിലവിൽ ആനകളെ എക്കത്തിന് കൊടുക്കുന്നതടക്കമുള്ള എല്ലാ സമ്പ്രദായങ്ങളും നിയമം അനുസരിച്ച് തന്നെ തെറ്റാണെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് മാറ്റാൻ കേരളത്തിന്റെ വനം, വന്യജീവി നിയമം തന്നെ ഭേദഗതി ചെയ്യേണ്ടി വരും. ആനകളെ പരിപാലിക്കാനുള്ള പണമില്ലാത്ത സ്വകാര്യ ഉടമകളും, മറ്റ് സ്ഥാപനങ്ങളും പണം മാത്രം മുന്നിൽ കണ്ടുകൊണ്ട്, സ്വതവേ കാട്ടുജീവിയായ ആനയെ പീഡിപ്പിക്കുന്നതിനേ ഈ നിയമലംഘനവും സമ്പ്രദായങ്ങളും സഹായിക്കുന്നുള്ളൂ എന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. അതിനാലാണ് സമഗ്രമായ നിയമനിർമാണവും നിലവിലെ സമ്പ്രദായങ്ങളുടെ നിരോധനവും റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്. 

Follow Us:
Download App:
  • android
  • ios